അലിഗഡ് :വിവാഹത്തെ കുറിച്ച് സംസാരിക്കാനെന്ന വ്യാജേന മകളുടെ കാമുകനെ വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ കുടുംബം മതംമാറ്റിയെന്ന് പരാതി. ഇരുവരുമൊന്നിച്ചുള്ള വിവാഹത്തെ കുറിച്ച് സംസാരിച്ച് തീരുമാനിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ ലഡ്ഡു നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പെണ്‍കുട്ടിയുടെ കുടുംബം ചേലാകര്‍മ്മം നടത്തി മതം മാറ്റിയെന്നാണ് യുവാവിന്‍റെ ആരോപണം. നിര്‍ബന്ധിച്ച് രേഖകളില്‍ ഒപ്പിട്ട് വാങ്ങിയതായും യുവാവ് ആരോപിച്ചു (Youth Trapped And Converted).
സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടുവെങ്കിലും ഇവര്‍ തന്നെ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും യുവാവ് അറിയിച്ചു. മാത്രമല്ല ഇതിനെ ചൊല്ലി, പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയെന്ന കേസ് തനിക്കുനേരെ രജിസ്‌റ്റര്‍ ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് ഇയാള്‍ ബിജെപി നേതാവായ മുന്‍ മേയറെ കൂട്ടിച്ചെന്ന് പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.
സംഭവം ഇങ്ങനെ :ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലുള്ള ഹർദുഅഗഞ്ചിലാണ് സംഭവം. ധരം സിങ് എന്ന യുവാവ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്കിപ്പുറം യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹക്കാര്യം സംസാരിക്കാമെന്നറിയിച്ച് ക്ഷണിക്കുകയായിരുന്നു.
യുവാവ് അവിടെ എത്തുമ്പോള്‍ വീട്ടില്‍ മറ്റെന്തോ പരിപാടി നടക്കുകയായിരുന്നു. ഈ സമയം പെണ്‍കുട്ടിയുടെ സഹോദരന്‍റെ ഭാര്യ വന്ന് യുവാവിനെ വീട്ടിനകത്തേക്ക് ക്ഷണിക്കുകയും കഴിക്കാനായി ലഡ്ഡു നല്‍കുകയുമായിരുന്നു. ലഡ്ഡു കഴിച്ചതോടെ യുവാവ് അബോധാവസ്ഥയിലായി. രണ്ട് മണിക്കൂറുകള്‍ക്കിപ്പുറം ബോധം തിരിച്ചുവരുമ്പോള്‍ തന്‍റെ ചേലാകര്‍മ്മം നടന്നുകഴിഞ്ഞിരുന്നതായും പേര് ധരം സിങ്ങില്‍ നിന്ന് അബ്‌ദുല്‍ റഹ്മാനെന്ന് മാറ്റിയിരുന്നതായും യുവാവ് ആരോപിക്കുന്നു.