ഗോദാവരി (ആന്ധ്രാപ്രദേശ്): പ്രൈവറ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിക്ക് ഹോസ്റ്റൽ മുറിയിൽ സഹപാഠികളുടെ ക്രൂര മർദനം. ഗോദാവരി ജില്ലയിലെ എൻജിനീയറിങ് കോളജിലെ ഹോസ്റ്റലിലാണ് രണ്ടാം വർഷ വിദ്യാർഥി അങ്കിത് ക്രൂര മർദനത്തിനിരയായത്. ബുധനാഴ്‌ച നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് ക്രൂര മർദനം പുറത്തറിയുന്നത്.
പെൺകുട്ടിയുടെ പേരിൽ തർക്കം; എൻജിനീയറിങ് വിദ്യാർഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് സഹപാഠികൾ - വിദ്യാർഥിക്ക് സഹപാഠികളുടെ മർദനം
രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയെ സഹപാഠികൾ വടി കൊണ്ട് മർദിക്കുകയും ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളിക്കുകയും ചെയ്‌തുവെന്ന് പൊലീസ്.
വിദ്യാർഥിയെ മുറിയുടെ മൂലയിൽ നിർത്തി മറ്റ് വിദ്യാർഥികൾ സംഘം ചേർന്ന് മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അങ്കിതിനെ വടി കൊണ്ട് മർദിക്കുകയും ഇസ്‌തിരിപ്പെട്ടി ചൂടാക്കി പൊള്ളിക്കുകയും ചെയ്‌തുവെന്ന് പൊലീസ് പറയുന്നു. ആക്രമണം നിർത്താൻ അങ്കിത് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
യുവതിയുടെ പേരിൽ സഹ വിദ്യാർഥികളുമായുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പ്രവീൺ, പ്രേം, നീരജ്, സ്വരൂപ് എന്നീ വിദ്യാർഥികൾക്കെതിരെ കേസെടുത്തതായും ഇവർ ശ്രീകാകുളം, ഈസ്റ്റ് ഗോദാവരി എന്നീ ജില്ലകളിൽ നിന്നുള്ളവരാണെന്നും പൊലീസ് പറയുന്നു. അങ്കിത്, സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടി, മർദിച്ചവർ എന്നിവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്‌തതായി കോളജ് പ്രിൻസിപ്പൽ അറിയിച്ചു.