ലക്‌നൗ : ആശുപത്രിയിൽ ആംബുലൻസ് ഇല്ലാത്തതിനെ തുടർന്ന് സഹോദരിയുടെ മൃതദേഹം ബൈക്കിൽ കൊണ്ടുപോകാൻ നിർബന്ധിതനായി യുവാവ് (Youth Carried Sister's dead body on Bike). ഉത്തർ പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിധുന കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് ഹൃദയഭേദകമായ സംഭവം. നവീൻ ബസ്‌തി വെസ്റ്റിലെ താമസക്കാരനായ പ്രബൽ പ്രതാപ് സിങ്ങിന്‍റെ മകൾ അഞ്‌ജലി (20) ആണ് മരണപ്പെട്ടത്.
വെള്ളം ചൂടാക്കുന്ന ഹീറ്ററിൽ നിന്നും അഞ്‌ജലിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. എന്നാൽ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിരുന്നില്ല. തുടർന്ന് അഞ്ജലിയുടെ മൂത്ത സഹോദരിയും സഹോദരനും ചേർന്ന് യുവതിയുടെ മൃതദേഹം ബൈക്കിൽ ഇരുവർക്കും ഇടയിൽ ഇരുത്തി തുണികൊണ്ട് ശരീരത്തിൽ കെട്ടിവച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ ദൃശ്യം പുറത്തുവന്നു.
ആംബുലൻസ് ലഭിക്കാൻ സിഎച്ച്‌സിയിൽ നിയോഗിച്ച ഉദ്യോഗസ്ഥരാരും ഇവരെ സഹായിച്ചില്ല. മൃതദേഹം പോസ്‌റ്റ്‌മോർട്ടം പോലും ചെയ്യാതെയാണ് സഹോദരങ്ങൾ വീട്ടിലേക്ക് കൊണ്ടുപോയത്. അതിദാരുണമായ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് (dead body Carried on Bike).
എന്നാൽ സംഭവം നടന്നതിന് പിന്നാലെ ഉത്തർ പ്രദേശ് കോൺഗ്രസ് സംസ്ഥാന സർക്കാരിനെ വിഷയത്തിൽ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ബിജെപി സർക്കാരിന്‍റെ വീഴ്‌ചയെയാണ് കോൺഗ്രസ് എക്‌സ് പേജിലൂടെ കുറ്റപ്പെടുത്തിയത്. ഈ സംഭവം നടന്നത് ഔറയ്യയിലെ ബിധുന സിഎച്ച്‌സിക്ക് മുന്നിലാണ്. കരഞ്ഞുകൊണ്ട് ഒരു യുവാവ് തന്‍റെ സഹോദരിയുടെ മൃതദേഹം ബൈക്കിൽ കെട്ടിവയ്ക്കാൻ പാടുപെടുന്നു. ഇതിന് കാരണം അവിടെ ഒരു ആംബുലൻസ് ഇല്ലാത്തതാണ് - കോൺഗ്രസ് കുറിച്ചു.