രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്): സ്വന്തം ഗ്രാമത്തിൽ നിന്ന് ലഡാക്കിലേക്ക് 1200 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കുക എന്ന ലക്ഷ്യത്തോടെ വീടുവിട്ടറങ്ങിയതാണ് 25കാരനായ ഹിമാൻഷു റൗത്തൻ. രുദ്രപ്രയാഗ് ജില്ലയിലെ റായഡി സ്വദേശിയായ ഹിമാൻഷു മെയ് 14ന് ആരംഭിച്ച സാഹസികയാത്ര ഇപ്പോൾ (മെയ് 20) ഹിമാചൽ പ്രദേശിലെ പോണ്ട സാഹിബിൽ എത്തിനിൽക്കുന്നു. സാഹചര്യങ്ങൾ അനുകൂലമായാൽ ഇവിടെനിന്നും മുന്നോട്ടുള്ള യാത്ര വൈകാതെ ആരംഭിക്കുമെന്ന് ഹിമാൻഷു പറയുന്നു.
ഉത്തരാഖണ്ഡിൽ നിന്ന് കാൽനടയായി ലഡാക്കിലേക്ക്; 1200 കിലോമീറ്റർ സാഹസിക യാത്രയാരംഭിച്ച് 25കാരൻ - barefoot walk from uttarakhand to Leh Ladakh
രുദ്രപ്രയാഗ് ജില്ലയിൽ നിന്നും ഹിമാൻഷു മെയ് 14ന് ആരംഭിച്ച സാഹസികയാത്ര ഇപ്പോൾ ഹിമാചൽ പ്രദേശിലെ പോണ്ട സാഹിബിൽ എത്തിനിൽക്കുന്നു.
സാഹസികത ഏറെ ഇഷ്‌ടപ്പെടുന്ന ഹിമാൻഷു തന്‍റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഗൗരി മെമ്മോറിയൽ ഇന്‍റർ കോളജ് അഗസ്‌ത്യമുനി, ലാൻസ്‌ഡൗൺ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ്. ഡൽഹിയിലായിരുന്നപ്പോൾ സിനിമ, ഫോട്ടോഗ്രാഫി, യൂട്യൂബ് ചാനൽ തുടങ്ങിയവയെ കുറിച്ച് പഠിക്കുന്നതും നിർമിക്കുന്നതും ഹിമാൻഷുവിന്‍റെ ഹോബിയായിരുന്നു. പഠനത്തോടൊപ്പം ജോലിയും ചെയ്‌തിരുന്ന ഹിമാൻഷു, കൊവിഡ് പിടിമുറുക്കിയ 2020ൽ നാട്ടിലേക്ക് മടങ്ങി.
നാട്ടിലെത്തി കൃഷിയിൽ ഒരു ചെറിയ ശ്രമം നടത്തിയെങ്കിലും തന്‍റെ വഴി ഇതല്ലെന്നും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യണമെന്നുമുള്ള തോന്നൽ ഹിമാൻഷുവിൽ ഉടലെടുത്തു. തന്‍റെ ആഗ്രഹങ്ങൾക്ക് സുഹൃത്തുക്കൾക്കുപുറമേ അച്ഛനും പിന്തുണ നൽകിയതോടെ സാഹസികദൗത്യത്തിന് ഈ 25കാരൻ മുതിരുകയായിരുന്നു. മെയ് 14ന് രാവിലെ ഗ്രാമത്തിൽ നിന്ന് തിരിച്ച ഹിമാൻഷു, കാൽനടയായി ശ്രീനഗറിലെത്തി. അവിടെനിന്നും ദേവപ്രയാഗ്, ബയാസി, ഋഷികേശ്, ഡെറാഡൂൺ എന്നീ സ്ഥലങ്ങൾ പിന്നിട്ടാണ് വ്യാഴാഴ്‌ച പോണ്ട സാഹിബിലെത്തിയത്.