കൊല്‍ക്കത്ത : കടംവാങ്ങിയ നൂറുരൂപ തിരികെ നല്‍കാതിരുന്നതിന് സഹപ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും 20, 000 രൂപ പിഴയും ശിക്ഷ വിധിച്ചു. ജല്‍പായ്‌ഗുരി സ്വദേശിയായ ഗോബിന്‍ ഒറോണിനാണ് ജല്‍പായ്‌ഗുരി അഡീഷണല്‍ ഡിസ്‌ട്രിക്‌റ്റ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്‌ക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
ജസ്റ്റിസ് റിന്‍റു സുറാണ് ശിക്ഷ വിധിച്ചത്. കേസില്‍ 14 പേരുടെ സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. പഹര്‍പൂര്‍ ചൗരംഗിയിലെ താമസക്കാരനായ നൂര്‍ ഇസ്‌ലാം എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ദാരുണമായ കൊലപാതകം ഇങ്ങനെ :2016 നവംബര്‍ 14നാണ് കേസിനാസ്‌പദമായ സംഭവം. ഗോബിന്‍ ഒറോണിന്‍റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായിരുന്നു നൂര്‍ ഇസ്‌ലാം. ടീസ്റ്റ് നദീതീരത്തുള്ള പ്രേംഗഞ്ചിലെ ചാര്‍ ഏരിയയിലെ സെക്യൂരിറ്റി ജീവനക്കാരായിരുന്നു ഇരുവരും.
നൂര്‍ ഇസ്‌ലാമിന് 100 രൂപ അത്യാവശ്യമായി വന്ന സമയത്ത് ഗോബിന്‍ ഓറോണില്‍ നിന്ന് കടം വാങ്ങിയിരുന്നു. എന്നാല്‍ 2016 നവംബര്‍ എട്ടിനുണ്ടായ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഗോബിന്‍ ഓറോണിന് സാമ്പത്തിക പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. ഇതേ തുടര്‍ന്നാണ് കടം നല്‍കിയ 100 രൂപ നൂര്‍ ഇസ്‌ലാമിനോട് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഉടന്‍ തിരിച്ച് നല്‍കാമെന്ന് അറിയിച്ചാണ് ഗോബിനില്‍ നിന്ന് നൂര്‍ ഇസ്‌ലാം പണം കൈപ്പറ്റിയിരുന്നത്.
എന്നാല്‍ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഗോബിന്‍ നിരന്തരം നൂറിനോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ നൂര്‍ പണം തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല 500 രൂപയുടെ നോട്ട് കാണിച്ച് ഗോബിനെ പരിഹസിക്കുകയും ചെയ്‌തു. തുടര്‍ച്ചയായി പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കാതിരുന്നതില്‍ രോഷാകുലനായ ഗോബിന്‍ നൂര്‍ ഇസ്‌ലാമിനെ വെട്ടിക്കൊലപ്പെടുത്തി.