ഷോപിയാൻ:ജമ്മു കശ്‌മീരിലെ ഷോപിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്‌പിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ഷോപിയാനിലെ ലിറ്റർ-തുർക്ക്‌വാംഗം റോഡിൽ നടന്ന ഏറ്റുമുട്ടലിൽ തുർക്ക്‌വാംഗം സ്വദേശിയായ ഷോയിബ് അഹ് ഗാനി എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളെ ശ്രീനഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പ്രസ്‌താവനയിൽ പറഞ്ഞു.
വെടിവയ്പ്പ് തീവ്രവാദിയെന്ന് ധരിച്ച്:അതേസമയം പൊലീസിന്‍റെ വിശദീകരണം നിരസിച്ച ദരാസ്‌പോര, തുർക്ക്‌വാംഗം പ്രദേശവാസികൾ യുവാവിന്‍റെ മരണത്തിൽ പ്രതിഷേധവുമായി റോഡിലിറങ്ങി. തീവ്രവാദികളിലൊരാളാണ് യുവാവെന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾക്കുനേരെ സിആർപിഎഫ് ഉദ്യോഗസ്ഥർ വെടിയുതിർത്തതെന്നും സിആർപിഎഫ് ഉദ്യോഗസ്ഥരെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.