ന്യൂഡല്‍ഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡല്‍ഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധത്തെ സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കര്‍ണാടകയില്‍ നിന്നും ഡല്‍ഹി വരെ ബൈക്ക് യാത്ര നടത്തി. ചിക്കമംഗലൂരില്‍ നിന്നുള്ള ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐവൈസി) പ്രവര്‍ത്തകരായ ശിവസാഗർ തേജസ്വി, വിശ്വനാഥ് എന്നിവരാണ് 3000 കിലോമീറ്ററോളം സഞ്ചരിച്ച് ഡല്‍ഹിയിലെത്തിയത്.
കർഷക പ്രതിഷേധം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബൈക്ക് യാത്ര - യൂത്ത് കോണ്‍ഗ്രസ്
ചിക്കമംഗലൂരില്‍ നിന്നുള്ള ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐവൈസി) പ്രവര്‍ത്തകരായ ശിവസാഗർ തേജസ്വി, വിശ്വനാഥ് എന്നിവരാണ് 3000 കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ച് ഡല്‍ഹിയിലെത്തിയത്
നൂറ് ദിവസത്തിലധികമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാനായി ഇവര്‍ യാത്രയിലുടനീളം ജനങ്ങളോട് സംസാരിച്ചു. കർഷകർ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതിനെ പിന്തുണയ്ക്കണമെന്നും ജനങ്ങളോട് പറയുകയാണ് ഈ യാത്രയുടെ ലക്ഷ്യമെന്ന് ശിവസാഗർ തേജസ്വി പറഞ്ഞു. അവര്‍ ചെയ്യുന്നത് തികച്ചും ശരിയാണ്. അവരെ പിന്തുണക്കാന്‍ നാമെല്ലാവരും മുന്നോട്ട് വരണം. അതുകൊണ്ടാണ് ഇത്രയും ദൂരം ബൈക്ക് ഓടിച്ച് ഇവിടെയെത്തിയതെന്നും ശിവസാഗര്‍ വ്യക്തമാക്കി.
കര്‍ഷകര്‍ക്കായി രാജ്യം കൈകോര്‍ത്ത് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വിശ്വനാഥും പറഞ്ഞു. ആറ് ദിവസത്തെ യാത്രക്കൊടുവിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. അതേസമയം പ്രതിഷേധിക്കുന്ന കർഷകര്‍ക്ക് പിന്തുണനല്‍കുന്ന യുവാക്കളുടെ ശബ്ദമാണിതെന്ന് ഐവൈസി ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി പറഞ്ഞു.