ഹൈദരാബാദ്: ഹാഷിഷ് ഓയില്‍ കലര്‍ത്തി ചോക്ലേറ്റ് നിര്‍മിച്ച് ഓണ്‍ലൈനില്‍ വില്‍പന നടത്തിയ യുവാവ് പിടിയില്‍. ഹൈദരാബാദ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്‍റ് വിങ് (എച്ച്-ന്യൂ) ആണ് നര്‍സിങ് സ്വദേശിയായ ഋഷി സഞ്ജയ് മേത്ത (22)യെ അറസ്റ്റ് ചെയ്‌തത്. ഇയാളുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ വിലവരുന്ന ചോക്ലേറ്റ് (മയക്കുമരുന്ന് കലര്‍ത്തിയത്), 40 ഗ്രാം ഹാഷിഷ് ഓയില്‍, ഒരു മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായികളാണ് ഋഷിയുടെ കുടുംബം.
മാതാപിതാക്കള്‍ അറിയാതെയാണ് ഇയാളുടെ താവളത്തില്‍ നാര്‍ക്കോട്ടിക് സംഘം പരിശോധന നടത്തിയത്. യുവാവ് മയക്കുമരുന്നിന് അടിമയാണെന്ന് വൈദ്യപരിശോധനയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ കൂട്ടാളികളെയും നാര്‍ക്കോട്ടിക് സംഘം പിടികൂടി. ഫീനിക്‌സ് സര്‍വകലാശാലയിലെ ഓണ്‍ലൈന്‍ ബിസിനസ് മാനേജ്‌മെന്‍റ് കോഴ്‌സ് വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഋഷി.
മുമ്പ് ഇയാള്‍ ഇ സിഗരറ്റുകളും മയക്കുമരുന്ന് കലര്‍ത്തിയ ബ്രൗണികളും വില്‍പന നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ വന്നതോടെ ഹാഷിഷ് ഓയില്‍ അടങ്ങിയ ചോക്ലേറ്റ് നിര്‍മിച്ച് വില്‍പന ആരംഭിച്ചു. യൂട്യൂബ് വീഡിയോകള്‍ കണ്ടാണ് താന്‍ ഇത്തരം ചോക്ലേറ്റ് നിര്‍മിക്കാന്‍ പഠിച്ചത് എന്ന് ഋഷി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
നാല് കിലോ ചോക്ലേറ്റിൽ 40 ഗ്രാം ഹാഷ് ഓയിൽ: നാല് കിലോ ചോക്ലേറ്റില്‍ 40 ഗ്രാം ഹാഷിഷ് ഓയില്‍ എന്നതാണ് കണക്ക്. ഓറിയോ, കിറ്റ്കാറ്റ്, കാഡ്‌ബറി തുടങ്ങിയ ഫ്ലേവറുകളിലാണ് ചോക്ലേറ്റ് ബാറുകള്‍ ഉണ്ടാക്കിയിരുന്നത്. 5,000 മുതല്‍ 10,000 രൂപ വരെയാണ് ചോക്ലേറ്റിന്‍റെ വില. ഇന്‍സ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ആവശ്യക്കാരെ കണ്ടെത്തിയായിരുന്നു വില്‍പന.