കേരളം

kerala

ETV Bharat / bharat

കടക്കാരില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വന്തം മരണ നാടകം ഒരുക്കിയ യുവാവ് പിടിയില്‍

ഒഡീഷയില്‍ നിന്നുള്ള യുവാവാണ് താന്‍ മരിച്ചെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചതിന് അറസ്റ്റിലായത്

Youth arrested for faking his own death  സ്വന്തം മരണ നാടകം ഒരുക്കിയ യുവാവ് പിടിയില്‍  ഒഡീഷ  ഒഡീഷ വാര്‍ത്ത  സ്വന്തം മരണ നാടകം  youth from Odisha arrested for faking death  crime news
സ്വന്തം മരണ നാടകം ഒരുക്കിയ യുവാവ് പിടിയില്‍

By

Published : Mar 18, 2023, 1:38 PM IST

ഗജപതി(ഒഡീഷ): സിനിമ കഥകളെ വെല്ലുന്ന രീതിയില്‍ സ്വന്തം മരണ നാടകം ആസൂത്രണം ചെയ്‌ത് ഒഡീഷയിലെ യുവാവ്. ഇങ്ങനെ ചെയ്യാന്‍ കാരണം രണ്ട് ലക്ഷ്യങ്ങളാണ് യുവാവിന് ഉണ്ടായിരുന്നത് എന്ന് പൊലീസ് പറയുന്നു. ഒന്ന് കടക്കാര്‍ അന്വേഷിച്ച് വരുന്നതില്‍ നിന്ന് ഒഴിവാകുക. രണ്ട് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും കുടുംബത്തിന്‍റെ ചെലവ് നോക്കേണ്ട ഉത്തരവാദിത്ത ത്തില്‍ നിന്ന് ഒഴിയുകയും ചെയ്യുക.

ഒഡീഷയിലെ ഗജപതി ജില്ലയിലെ ബരിയപദ ഗ്രാമത്തില്‍ നിന്നുള്ള ശരത് പരീച്ച എന്ന യുവാവാണ് സ്വന്തം മരണ നാടകം ഒരുക്കി വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ മുംബൈയില്‍ നിന്നാണ് ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്‌തത്.

ഗ്രാമത്തിലെ നിരവധി പേരില്‍ നിന്ന് ശരത് പണം കടം വാങ്ങിച്ചിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. പണം തിരിച്ചു ചോദിക്കാനായി ആളുകള്‍ വരുമ്പോള്‍ പല ഒഴിവുകഴിവുകളും പറഞ്ഞ് ഇയാള്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. ഒഡീഷയ്‌ക്ക് പുറത്തുള്ള പല സംസ്ഥാനങ്ങളിലും പോയി പല ജോലികളും ചെയ്‌തായിരുന്നു ഇയാള്‍ ഉപജീവനം നടത്തിയത്.

മൊബൈല്‍ ഫോണിലൂടെയുള്ള നാടകങ്ങള്‍: മാര്‍ച്ച് ആറിന് ശരത് തന്‍റെ കുടുംബത്തിലേക്ക് ഒരു വിഡിയോ കോള്‍ ചെയ്യുന്നു. താന്‍ തമിഴ്‌നാട്ടിലാണ് ഉള്ളത് എന്നും തന്നെ കൊല്ലാനായി ചില ഗുണ്ടകള്‍ പിന്തുടരുകയാണെന്നും ഇയാള്‍ ആ വീഡിയോ കോളില്‍ പറഞ്ഞു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒരു സ്ഥലത്ത് ഒളിച്ചിരിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു.

ഇതു കേട്ട ശരത്തിന്‍റെ ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ പരിഭ്രാന്തരായി. അങ്ങനെയിരിക്കെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ശരത്തിന്‍റെ ഫോണില്‍ നിന്ന് ഒരു ഫോട്ടോ ശരത്തിന്‍റെ ഭാര്യയുടെ ഫോണിലേക്ക് അയക്കപ്പെട്ടു. ശരത്തിന്‍റേതെന്ന് തോന്നിപ്പിക്കുന്ന ഒരു മൃതദേഹത്തിന്‍റെ ചിത്രമായിരുന്നു അത്.

ഇതു കണ്ട ശരത്തിന്‍റെ കുടുംബം ആകെ വിഷമത്തിലാകുകയായിരുന്നു. തുടര്‍ന്ന് കുടുംബം ഗജപതി ജില്ലയിലെ ആദവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്‌തുള്ള അന്വേഷണം:അന്വേഷണത്തിന്‍റെ ഭാഗമായി ഒഡീഷ പൊലീസ് ആദ്യം ബന്ധപ്പെട്ടത് തമിഴ്‌നാട് പൊലീസിനെയായിരുന്നു. ശരത് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്നോ എന്നും അങ്ങനെയെങ്കില്‍ ശരത് കൊല്ലപ്പെട്ടിട്ടുണ്ടോ എന്നുമായിരുന്നു ഒഡീഷ പൊലീസിന് അറിയേണ്ടിയിരുന്നത്.

തമിഴ്‌നാട് പൊലീസിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത് ശരത് തമിഴ്‌നാട്ടില്‍ എവിടെയും ജോലി ചെയ്‌തിട്ടില്ല എന്നതാണ്. തുടര്‍ന്ന് ശരത്തിന്‍റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്‌ത് അതിന്‍റെ ലൊക്കേഷന്‍ കണ്ടെത്താനുള്ള ശ്രമം ഒഡീഷ പൊലീസ് നടത്തി.

ഇതില്‍ പൊലീസ് കണ്ടെത്തിയത് ശരത്തിന്‍റെ ഫോണിന്‍റെ ലൊക്കേഷന്‍ തമിഴ്‌നാട്ടില്‍ അല്ല മറിച്ച് മുംബൈയില്‍ ആണെന്നാണ്. തുടര്‍ന്ന് ഒഡീഷ പൊലീസ് സംഘം മുംബൈയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അങ്ങനെ പൊലീസ് സംഘം മുംബൈയില്‍ ശരത്തിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ശരത് മുംബൈയിലെ ഒരു മത്സ്യ മാര്‍ക്കറ്റില്‍ ജോലിചെയ്യുകയായിരുന്നുവെന്നാണ് ഗജപതി ജില്ല പൊലീസ് മേധാവി പറഞ്ഞത്. ശരത്തിനെ അവിടെ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണ്. ആദവ പൊലീസ് സ്റ്റേഷനില്‍ ശരത്തിനെ ചോദ്യം ചെയ്‌ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details