ദേവനഹള്ളി (ബെംഗളൂരു റൂറല്‍): വിമാനത്തിലെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച യുവതി അറസ്റ്റില്‍. മാര്‍ച്ച് അഞ്ചിന് രാത്രി 9.50ന് കൊല്‍ക്കത്തയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ 6E716 വിമാനത്തിലാണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശിയായ 24കാരിയാണ് അറസ്റ്റിലായത്.
ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് ഏകദേശം അരമണിക്കൂര്‍ മുമ്പാണ് യുവതി ശുചിമുറിയില്‍ കയറി സിഗരറ്റ് വലിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനജീവനക്കാരന്‍ ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാള്‍ ശുചിമുറി പരിശോധിച്ചു. അപ്പോള്‍ ചവറ്റുകുട്ടയില്‍ സിഗരറ്റ് കുറ്റി കണ്ടെത്തി.
എരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് കുറ്റി കണ്ടതും ജീവനക്കാരന്‍ ചവറ്റുകുട്ടയിലേക്ക് വെള്ളം ഒഴിക്കുകയായിരുന്നു. വിമാനം ബെംഗളൂരുവില്‍ ലാന്‍ഡ് ചെയ്‌ത ഉടന്‍ സിഗരറ്റ് വലിച്ച യുവതിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് എയര്‍പോര്‍ട്ട് പൊലീസ് യുവതിയെ ഇന്ത്യന്‍ ശിക്ഷാനിയമം 336 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റുള്ളവരുടെ ജീവനും വ്യക്തി സുരക്ഷയും അപകടത്തിലാക്കിയതിനാണ് യുവതിയെ അറസ്റ്റ് ചെയ്‌തത്. പിന്നീട് യുവതിയെ ജാമ്യത്തില്‍ വിട്ടു. യുവതി സിഗരറ്റ് വലിച്ചതിനെ തുടര്‍ന്ന് പുക ഉയര്‍ന്നത് യാത്രക്കാരില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു.
സമാന സംഭവം സ്‌പൈസ് ജെറ്റിലും, അറസ്റ്റിലായത് മലയാളി: ഈ വര്‍ഷം ജനുവരിയില്‍ നടന്ന സമാനമായ സംഭവത്തില്‍ മലയാളിയായ 62 കാരന്‍ അറസ്റ്റിലായിരുന്നു. വിമാനത്തിന്‍റെ ശുചിമുറിയില്‍ വച്ച് സിഗരറ്റ് വലിച്ച തൃശൂര്‍ മാള സ്വദേശി സുകുമാരന്‍ ആണ് അന്ന് പിടിയിലായത്. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സിന്‍റെ എസ്‌ജി 17 വിമാനത്തിലായിരുന്നു സംഭവം.
വിമാനം പറക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ ജീവനക്കാര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് സുകുമാരന്‍ ശുചിമുറിയില്‍ സിഗരറ്റ് വലിക്കുന്നതായി മനസിലായി. പിന്നാലെ ഇയാളെ ജീവനക്കാര്‍ തടഞ്ഞു.
വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ജീവനക്കാര്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സുരക്ഷ ജീവനക്കാര്‍ സുകുമാരനെ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചു. തുടര്‍ന്ന് ഇയാളുടെ പക്കല്‍ നിന്ന് സിഗരറ്റുകളും ലൈറ്ററും കണ്ടെത്തി. സുകുമാരനെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്‌തു.
ജീവനക്കാരുടെ മേല്‍ തുപ്പിയും നഗ്‌നത പ്രദര്‍ശിപ്പിച്ചും യാത്രക്കാരി: വിമാനത്തിലെ മോശം പെരുമാറ്റം കൊണ്ട് യാത്രക്കാര്‍ കുരുക്കിലാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു അടുത്തിടെ വിസ്‌താര എയര്‍ലൈന്‍സിന്‍റെ അബുദാബി-മുംബൈ വിമാനത്തില്‍ ഉണ്ടായ കയ്യേറ്റവും തുടര്‍ന്നുണ്ടായ ഇറ്റാലിയന്‍ യുവതിയുടെ അറസ്റ്റും. ഇക്കണോമി ക്ലാസ് ടിക്കറ്റുമായി ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ എത്തിയ 45 കാരിയായ ഇറ്റാലിയന്‍ വനിതയാണ് അറസ്റ്റിലായത്.
ബിസിനസ് ക്ലാസില്‍ കയറാന്‍ ശ്രമിച്ച യുവതിയെ ജീവനക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രശ്‌നം ആരംഭിച്ചത്. തന്നെ തടഞ്ഞതോടെ പ്രകോപിതയായ യുവതി ജീവനക്കാരില്‍ ഒരാളെ മര്‍ദിക്കുകയും മറ്റൊരാളുടെ ദേഹത്ത് തുപ്പുകയും ചെയ്‌തു. പിന്നാലെ ഇവര്‍ വിമാനത്തില്‍ അര്‍ധ നഗ്‌നയായി നടന്നു എന്നും ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
സഹയാത്രികയുടെ മേല്‍ മൂത്രം ഒഴിച്ച ശങ്കര്‍ മിശ്ര:എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ ദേഹത്ത് ശങ്കര്‍ മിശ്ര എന്നയാള്‍ മൂത്രം ഒഴിച്ച സംഭവവും ഏറെ വിവാദമായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന വിമാനത്തിലായിരുന്നു സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് തനിക്ക് മോശം അനുഭവം നേരിട്ടെന്നും പ്രശ്‌നത്തില്‍ ഇടപെടാന്‍ വിമാനത്തിലെ ജീവനക്കാര്‍ വിമുഖത കാണിച്ചെന്നും ചൂണ്ടിക്കാട്ടി യാത്രിക രംഗത്ത് വന്നതോടെയാണ് സംഭവം കോളിളക്കമുണ്ടാക്കിയത്.
സംഭവത്തില്‍ ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്‌തിരുന്നു. പ്രശ്‌നത്തില്‍ ഇടപെടാതിരുന്ന വിമാനത്തിലെ ജീവനക്കാര്‍ക്ക് നേരെയും നടപടി ഉണ്ടായി.