മുംബൈ:മഹാരാഷ്ട്ര മുംബൈയില്‍ ശ്രദ്ധ മോഡല്‍ കൊലപാതകം. മുംബൈയില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ പങ്കാളി പൊലീസ് പിടിയിലായി. 32കാരിയായ സരസ്വതി വൈദ്യ എന്ന യുവതിയെ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വെട്ടിനുറുക്കുകയും ചെയ്‌ത സംഭവത്തില്‍ മനോജ് സഹാനി എന്ന 56 കാരനാണ് പൊലീസ് പിടിയിലായത്.
ഇയാളെ ബുധനാഴ്‌ച വൈകുന്നേരം കസ്റ്റഡിയിലെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മീര ഭയന്ദർ ഫ്ലൈ ഓവറിന് തൊട്ടടുത്തുള്ള മീര റോഡ് ഏരിയയിലെ ആകാശഗംഗ കെട്ടിടത്തിലെ വാടക ഫ്ലാറ്റിൽ, ഫ്ലാറ്റ് നമ്പർ 704 ലാണ് ക്രൂരമായ സംഭവം നടന്നത്. സരസ്വതി വൈദ്യയോടൊപ്പം കഴിഞ്ഞ മൂന്ന് വർഷമായി ഈ ഫ്ലാറ്റിൽ താമസിച്ചു വരികയായിരുന്നു മനോജ് സഹാനി. പ്രാഥമികാന്വേഷണത്തിൽ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ടതാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിന് പിന്നാലെ പൊലീസ് എത്തി നടത്തിയ പരിശോധയിലാണ് ക്രൂര കൃത്യം പുറത്തറിഞ്ഞത്. ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട കെട്ടിടത്തിലെ താമസക്കാരിൽ ഒരാളാണ് നയാനഗർ പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്‌ച വിവരമറിയിച്ചത്.
മീര റോഡ് പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് കഷണങ്ങളാക്കിയ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (ഡിസിപി) ജയന്ത് ബജ്ബലെ സ്ഥിരീകരിച്ചിട്ടുണ്ട്. മനോജ് സഹാനിയും സരസ്വതി വൈദ്യയും ലിവ്-ഇൻ റിലേഷൻഷിപ്പിൽ ആയിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും ഡിസിപി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പൊലീസ് എത്തിയ വേളയില്‍ പ്രതി ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. പിന്നീട് ചില ആവശ്യങ്ങൾക്കായി വീട്ടിൽ തിരിച്ചെത്തിയ ഇയാളെ പൊലീസ് തടഞ്ഞുവയ്ക്കുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഞായറാഴ്‌ച (ജൂൺ 4) അർധരാത്രിയിലാണ് മഹാരാഷ്‌ട്രയെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്.