താനെ: പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയ ബിജെപി നേതാവ് നുപുർ ശർമ്മയെ പ്രശംസിച്ചും പ്രവാചകനെ വിമർശിച്ചും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ട മുസ്ലീം യുവാവിനെ കസ്റ്റഡിയിലെടുത്തു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി പട്ടണത്തുള്ള 19 കാരനായ യുവാവിനെയാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തത്.
നുപുർ ശർമ്മയെ പ്രശംസിച്ചും പ്രവാചകനെ വിമർശിച്ചും സോഷ്യൽ മീഡിയ പോസ്റ്റ്; മുസ്ലീം യുവാവ് കസ്റ്റഡിയിൽ - നുപുർ ശർമ്മയെ പ്രശംസിച്ച മുസ്ലീം യുവാവ് പിടിയിൽ
യുവാവിന്‍റെ പോസ്റ്റ് വൈറലായതോടെ നൂറുകണക്കിന് മുസ്ലീം സമുദായാംഗങ്ങൾ ഭിവണ്ടിയിലെ ഇയാളുടെ വീടിന് പുറത്ത് പ്രതിഷേധവുമായെത്തിയിരുന്നു
ജൂണ്‍ 5നാണ് യുവാവ് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടത്. നുപുർ ശർമ്മയെ ധീരയായ സ്‌ത്രീ എന്ന് അഭിസംബോധന ചെയ്‌ത യുവാവ് പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശങ്ങളും നടത്തി. യുവാവിന്‍റെ പോസ്റ്റ് വൈറലായതോടെ നൂറുകണക്കിന് മുസ്ലീം സമുദായാംഗങ്ങൾ ഭിവണ്ടിയിലെ ഇയാളുടെ വീടിന് പുറത്ത് പ്രതിഷേധവുമായെത്തി.
പിന്നാലെ യുവാവിനെ പ്രതിഷേധക്കാർ മർദിക്കുന്ന സാഹചര്യവുമുണ്ടായി. തുടർന്ന് പ്രദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം സംഘർഷകരമായ സാഹചര്യവും അശാന്തിയും കണക്കിലെടുത്താണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാൾക്കെതിരെ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.