സൂറത്ത്: സമൂഹമാധ്യമങ്ങളിലെ ലൈക്കുകള്‍ക്കും ഷെയറുകള്‍ക്കുമായി അതിസാഹസിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ട് സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തിയവര്‍ അനേകമുണ്ട്. ഏറെ ഉയരം കൂടിയ കൊടുമുടികള്‍ക്ക് മുകളില്‍ കയറിയും കഠിനമായ ഒഴുക്കിനിടയില്‍ നിന്നുമെല്ലാം സെല്‍ഫികളും വീഡിയോകളും ചിത്രീകരിച്ച് ജീവന്‍ പൊലിച്ചവരെ കുറിച്ചുള്ള വാര്‍ത്തകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആ പട്ടികയിലെ ഏറ്റവുമൊടുവിലെ സംഭവമാണ് സമൂഹ മാധ്യമങ്ങളിലേക്കുള്ള റീല്‍ ചിത്രീകരിക്കുന്നതിനിടെ സൂറത്തില്‍ ട്രെയിന്‍ തട്ടി മരിച്ച യുവാവിന്‍റേതും.
സൂറത്ത് നഗരത്തിലെ സച്ചിന്‍ ഏരിയയില്‍ റെയില്‍വേ ട്രാക്കില്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് പ്രകാശ് മംഗല്‍ സുനാര്‍ എന്ന 19 കാരന് ജീവന്‍ നഷ്‌ടപ്പെടുന്നത്. നേപ്പാളില്‍ നിന്നും സഹോദരനൊപ്പം സ്വര്‍ണപ്പണിക്കായി സൂറത്തില്‍ എത്തിയതായിരുന്നു പ്രകാശ് മംഗല്‍. സ്വന്തം നാടായ നേപ്പാളില്‍ ട്രെയിന്‍ ഇല്ലാത്തതിനാല്‍ ഇന്നലെ രാത്രിയോടെ ഇയാള്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്യുന്നതിനായുള്ള റീല്‍ വീഡിയോകള്‍ ചിത്രീകരിക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ട്രെയിന്‍ ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇയാള്‍ നൂറ് മീറ്റര്‍ ദൂരത്തേക്ക് തെറിച്ചുവീണു. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്ത് വച്ച് തന്നെ ഇയാള്‍ മരണപ്പെടുകയായിരുന്നു. അപകടവിവരമറിഞ്ഞ് സച്ചിന്‍ പൊലീസിന്‍റെയും റെയിൽവേ പൊലീസിന്‍റെയും സംഘവും സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. പിന്നീട് മരിച്ച പ്രകാശ് മംഗലിന്‍റെ വീട്ടുകാരെ അപകടവിവരം പൊലീസ് നേരിട്ടറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് സഹോദരന്‍ പറയുന്നതിങ്ങനെ:ഞങ്ങൾ രണ്ടുപേരും ഇന്നലെയാണ് സൂറത്തിലെത്തിയത്. ഇതുവരെ ട്രെയിൻ കണ്ടിട്ടില്ലെന്നും ട്രെയിൻ കാണാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ എന്നോടുപറഞ്ഞു. അങ്ങനെ ഞങ്ങള്‍ സച്ചിൻ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അൽപ്പം അകലെയുള്ള റെയിൽവേ ട്രാക്കിലെത്തി. ഇവിടെ വച്ച് ഒരു വീഡിയോ ചെയ്യണമെന്ന് പ്രകാശ് എന്നോട് പറഞ്ഞു. ഈ സമയം താന്‍ വീഡിയോ ചിത്രീകരിക്കാന്‍ മൊബൈൽ സജ്ജമാക്കുകയായിരുന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ അവനെ കണ്ടില്ല. തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചപ്പോള്‍ ട്രാക്കിൽ നിന്ന് അൽപ്പം അകലെയായി അവനെ കണ്ടെത്തിയെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
പാമ്പിനൊപ്പമുള്ള സെല്‍ഫിയെടുത്ത ജീവന്‍: അടുത്തിടെ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ മൂര്‍ഖന്‍ പാമ്പിനൊപ്പം സെല്‍ഫി പകര്‍ത്തുന്നതിനിടെ 24 കാരനും പാമ്പുകടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശി ജഗദീഷാണ് സെല്‍ഫി ശ്രമത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത്. സെല്‍ഫി പകര്‍ത്തുന്നതിനിടെ പാമ്പ് ഇയാളുടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു.
മൂര്‍ഖനൊപ്പമുള്ള ചിത്രം പകര്‍ത്താനായി ജഗദീഷ് ഒരു പാമ്പാട്ടിയുടെ സഹായം ആദ്യം തന്നെ തേടിയിരുന്നു. എന്നാല്‍ മികച്ചൊരു ചിത്രത്തിനായി മൂര്‍ഖന്‍ പാമ്പിനെ ചുമലില്‍ കിടത്തി കഴുത്ത് കൊണ്ട് ബലമായി പിടിച്ചിരുന്നുവെങ്കിലും പാമ്പ് ഇയാളുടെ കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു, സംഭവത്തെ തുടര്‍ന്ന് ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആന്‍റി വെനത്തിന്‍റെ അഭാവം മൂലം യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
Also Read: Viral video| ജീവന്‍ പണയം വച്ചത് '20 രൂപ ലാഭിക്കാന്‍'; രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍പ്പെട്ട് യാത്രികര്‍