ന്യൂഡല്‍ഹി: യൂട്യൂബിലോ മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലോ സജീവമായിരിക്കെ അപ്രതീക്ഷിതമായി ലൈംഗികത തുറന്നുകാട്ടുന്ന പരസ്യങ്ങളോ, ചില പ്രത്യേക സൈറ്റുകളെയോ ആപ്ലിക്കേഷനുകളെയോ പരിചയപ്പെടുത്തുന്ന പരസ്യങ്ങളോ കയറിവരുന്നത് ഒരിക്കലെങ്കിലും അനുഭവിച്ചവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. നാം ഏറെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പമോ കുടുംബത്തിനൊപ്പമോ ഇടകലര്‍ന്നിരിക്കുമ്പോഴാണ് ഇത്തരം പരസ്യങ്ങള്‍ എത്തുന്നതെങ്ങില്‍ അപ്പോഴുണ്ടാകുന്ന ജാള്യത പറഞ്ഞറിയിക്കാനുമാകില്ല. മാത്രമല്ല വീട്ടിലുള്ള ചെറിയ കുഞ്ഞുങ്ങള്‍ക്കോ മറ്റോ മൊബൈല്‍ഫോണ്‍ കൈമാറിയ വേളയിലാണ് ഇത്തരം പരസ്യങ്ങളെത്തുന്നതെങ്കില്‍ അതിന്‍റെ പ്രത്യാഘാതവും ഏറെ വലുതായിരിക്കും. എന്നാല്‍ ലൈംഗികത തുറന്നുകാട്ടുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ കോടതി കയറിയിരിക്കുകയാണ് ഒരു യുവാവ്.
പഠനം മുടങ്ങി:ലൈംഗികത തുറന്നുകാട്ടി യൂട്യൂബിലെത്തുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ഇന്നാണ് (09-12-2022) യുവാവ് സുപ്രീം കോടതിയെ സമീപിച്ചത്. താന്‍ യൂട്യൂബില്‍ ഇടപെടുമ്പോള്‍ കയറിവരുന്ന ഇത്തരം ലൈംഗികകത വിളിച്ചോതുന്ന പരസ്യങ്ങള്‍ക്കുള്ള നഷ്‌ടപരിഹാരം കമ്പനിയില്‍ നിന്ന് ലഭ്യമാക്കണമെന്നായിരുന്നു യുവാവിന്‍റെ ഹര്‍ജി. ഇത്തരം പരസ്യങ്ങള്‍ കാരണം പഠനത്തില്‍ നിന്ന് തന്‍റെ ശ്രദ്ധ വഴിമാറിപ്പോകുന്നുവെന്നും സിവില്‍ സര്‍വീസ് ലക്ഷ്യം വച്ച് മുന്നേറുന്ന യുവാവ് കോടതിയെ അറിയിച്ചു.