ചെന്നൈ/ഹൈദരാബാദ്: യൂട്യൂബിലൂടെ കോടികൾ കൊയ്‌ത് മത്സ്യത്തൊഴിലാളികളായ യുവാക്കൾ. മത്സ്യ ബന്ധനത്തിന്‍റെ വീഡിയോകൾ പങ്കുവെച്ചാണ് യൂട്യൂബിൽ ഇവർ താരങ്ങളായത്. തമിഴ്‌നാട്ടിലെ 'തൂത്തുക്കുടി മീനവൻ', 'ഉങ്കൾ മീനവൻ' എന്നീ യൂട്യൂബ് ചാനലുകളും തെലങ്കാന സ്വദേശിയുടെ 'ലോക്കൽ ബോയ് നാനി' എന്ന ചാനലുമാണ് മത്സ്യബന്ധനത്തിലൂടെ യൂട്യൂബിൽ തരംഗമാകുന്നത്.
കടലിലെ പൊന്നായി ശക്തിവേൽ:തൂത്തുക്കുടി രേവു ടൗണിലെ ശക്തിവേലിന്‍റെ യൂട്യൂബ് ചാനലാണ് 'തൂത്തുക്കുടി മീനവൻ'. ഡിഗ്രി വരെ പഠിച്ചിട്ടും ജോലി കിട്ടാതെ വന്നപ്പോൾ അച്ഛനോടൊപ്പം മത്സ്യത്തൊഴിലാളിയായി തൊഴിൽ ആരംഭിച്ച ശക്തിവേൽ കടലിന്‍റെ അടിത്തട്ടിൽ പോയി ശംഖ് ശേഖരിച്ചതിന്‍റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തതാണ് വഴിത്തിരിവായത്. ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബിലൂടെ അന്ന് ആ വീഡിയോ കണ്ടത്.
അതേ ആവേശത്തോടെ മത്സ്യബന്ധനത്തിന് പോകുന്ന തന്‍റെ എല്ലാ അനുഭവങ്ങളും ശക്തിവേൽ യൂട്യൂബിലൂടെ പ്രേക്ഷകരിലെത്തിച്ചു. കടലിൽ നശിച്ചുകൊണ്ടിരിക്കുന്ന പവിഴപ്പുറ്റുകളെക്കുറിച്ചും മറ്റ് ജലജീവികളെക്കുറിച്ചും അയാൾ പ്രേക്ഷകരുമായി പങ്കിടുകയും അദ്ദേഹത്തിന്‍റെ ഈ പരിസ്ഥിതി ബോധം ചാനലിലെ പ്രേക്ഷകരുടെ എണ്ണം കുത്തനെ ഉയർത്തുകയും ചെയ്‌തു.
വീഡിയോ കണ്ട് കനിമൊഴി വന്നു: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളും ലോക്‌സഭാംഗവുമായ കനിമൊഴിയും ഈ ചാനലിന്‍റെ വലിയ ആരാധികയാണ്. ശക്തിവേലിന്‍റെ വീട്ടിലെത്തിയ കനിമൊഴി അവർക്കൊപ്പം കടലില്‍ യാത്ര ചെയ്യുകയും അവർ പാകം ചെയ്‌ത പ്രിയപ്പെട്ട മത്സ്യ വിഭവം കഴിക്കുകയും ചെയ്‌തു. യൂട്യൂബിൽ നിന്നുള്ള വരുമാനം കൊണ്ട് ശക്തിവേൽ വൈദ്യുതിയില്ലാത്ത അയൽ ഗ്രാമത്തിൽ സൗരോർജ്ജ വൈദ്യുതിയും സ്വന്തം ഗ്രാമത്തിൽ സൗജന്യ ട്യൂഷൻ സെന്‍ററുകളും സ്ഥാപിച്ചു.
കിങ്‌സ്‌റ്റൺ ഒരു ചെറിയ മീനല്ല:'ഉങ്കൾ മീനവൻ' (നിങ്ങളുടെ മത്സ്യത്തൊഴിലാളി) എന്ന യൂട്യൂബ് ചാനലിലൂടെ കോടീശ്വരനായ കിങ്‌സ്‌റ്റൺ തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ മൂക്കയൂർ എന്ന മത്സ്യബന്ധന ഗ്രാമത്തിൽ നിന്നുള്ളയാളാണ്. 11.7 ലക്ഷം വരിക്കാറുള്ള യൂട്യൂബ് ചാനലിന്‍റെ ഉടമസ്ഥനായ കിങ്‌സ്‌റ്റൺ എന്ന യുവാവിന്‍റെ കഥ ഞെട്ടിക്കുന്നതാണ്. ടിക്‌ടോക്കിൽ തുടങ്ങിയാണ് കിങ്‌സ്‌റ്റൺ യൂട്യൂബിലെത്തിയത്.