ബപട്‌ല (ആന്ധ്രാപ്രദേശ്) : സഹോദരിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പത്താം ക്ലാസ് വിദ്യാർഥിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ ചെറുകുപ്പള്ളി മണ്ഡലത്തിലെ അമർനാഥ് (14) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാവിലെയായിരുന്നു ദാരുണമായ സംഭവം. സംഭവത്തിൽ റെഡ്‌ലപലേനി സ്വദേശിയായ പാമു വെങ്കിടേശ്വര റെഡ്ഡിക്കെതിരെയും മറ്റ് മൂന്ന് പേർക്കെതിരെയും പൊലീസ് കേസെടുത്തു. പ്രതികളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പത്താം ക്ലാസ് വിദ്യാർഥിയായ അമർനാഥ് ദിവസവും സൈക്കിളിലാണ് രാജോളുവിലേക്ക് ട്യൂഷന് പോകുന്നത്. ഈ പ്രദേശത്താണ് പ്രതിയായ പാമു വെങ്കിടേശ്വര റെഡ്ഡിയുടെ താമസം. വെങ്കിടേശ്വര റെഡ്ഡി കുറച്ച് കാലങ്ങളായി അമർനാഥിന്‍റെ സഹോദരിയെ പിന്തുടർന്ന് ശല്യം ചെയ്‌ത് വരികയായിരുന്നു. ഇതിനെച്ചൊല്ലി അമർനാഥും വെങ്കിടേശ്വര റെഡ്ഡിയും തമ്മിൽ ഒരിക്കൽ തർക്കത്തിൽ ഏർപ്പെടുകയും ചെയ്‌തിരുന്നു.
ഇതിനിടെ വെള്ളിയാഴ്‌ച രാവിലെ ട്യൂഷന് പോയ അമർനാഥിനെ വെങ്കിടേശ്വര റെഡ്ഡിയും മൂന്ന് സുഹൃത്തുക്കളും ചേർന്ന് തടഞ്ഞ് നിർത്തി. ശേഷം പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അമർനാഥിന്‍റെ കരച്ചിൽ കേട്ടാണ് സമീപവാസികൾ സംഭവമറിഞ്ഞത്. ഇവർ ഉടൻ തന്നെ അമർനാഥിന്‍റെ വീട്ടുകാരെ വിവരമറിയിക്കുകയും ആംബുലൻസ് വിളിക്കുകയും ചെയ്‌തു.
എന്നാൽ 108 ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ സ്വകാര്യ വാഹനത്തിലാണ് കുട്ടിയെ ഗുണ്ടൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇതിനിടെ പൊന്നൂരിന് സമീപം വച്ച് 108 ആംബുലൻസ് എത്തുകയും കുട്ടിയെ അതിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു. എന്നാൽ ശരീരമാസകലം പൊള്ളലേറ്റ അമർനാഥ് ആശുപത്രിയിൽ എത്തിച്ചയുടൻ മരണത്തിന് കീഴടങ്ങി.