ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ട വോട്ടെടുപ്പ് പൂർത്തിയായിരിക്കുകയാണ്. വീണ്ടും മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ള പാർട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ രാവും പകലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അധ്വാനിക്കുകയാണ്. ഇടിവി ഭാരത് ഉത്തർപ്രദേശ് ബ്യൂറോ ചീഫ് അലോക് ത്രിപാഠി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ അഭിമുഖം.
Q:മൂന്ന് ഘട്ട വോട്ടെടുപ്പിന് ശേഷം ഉത്തർപ്രദേശിൽ ബിജെപിയുടെ നില എന്താണ്?
ദേശീയതയും വികസനവും സദ്ഭരണവുമാണ് ബിജെപിയുടെ അജണ്ട. ബിജെപി സുരക്ഷ ഒരുക്കുമെന്നും ജാതി മത ഭേദമന്യേ എല്ലാ തുറകളിലുമുള്ള ജനങ്ങളുടെ ഉന്നമനത്തിനായി പരിശ്രമിക്കുമെന്നും പൊതുജനങ്ങൾക്ക് അറിയാം. മൂന്ന് ഘട്ടങ്ങളിലെയും ഇതുവരെയുള്ള നില സൂചിപ്പിക്കുന്നത് ജനങ്ങൾ ബിജെപിക്ക് അനുകൂലമാണെന്നാണ്.
Q:എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ ശിക്ഷിക്കപ്പെട്ട പ്രതികളിലൊരാളുടെ പിതാവ് നിൽക്കുന്ന ഫോട്ടോ വൈറലായിരുന്നു. ഇതിൽ എന്താണ് താങ്കളുടെ അഭിപ്രായം?
സമാജ്‌വാദി പാർട്ടിയുടെ ചരിത്രം വളരെ മോശമാണ്. 2013ൽ എസ്‌പി സർക്കാർ അധികാരത്തിലിരുന്നപ്പോൾ അവരുടെ ഭരണകാലത്തും അതിന് മുമ്പും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് തീവ്രവാദികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ശ്രമിച്ചിരുന്നു.
രാഷ്ട്രീയ താൽപര്യങ്ങൾക്കായി വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തിയതാണ് എസ്‌പി സർക്കാരിന്‍റെ ചരിത്രം. സംസ്ഥാനത്ത് ഗുണ്ടകൾക്കും മാഫിയകൾക്കും അഭയം നൽകാൻ പ്രവർത്തിച്ചിരുന്ന എസ്‌പിയുടെ ചരിത്രം എല്ലാവർക്കും അറിയാം.
മൂന്ന് ദിവസം മുമ്പ് ഗുജറാത്ത് കോടതി സ്ഫോടന പരമ്പരയിൽ വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 38 പ്രതികളിൽ 11 പേർക്ക് ജീവപര്യന്തം തടവും ലഭിച്ചു. ഇതിൽ ഒമ്പത് പേർ ഉത്തർപ്രദേശിൽ നിന്നുള്ളവരാണ്. അസംഗഢിലെ സഞ്ജർപൂർ ഗ്രാമത്തിലും പരിസരങ്ങളിലുമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭീകരർ ഉള്ളത്.
ഡൽഹിയിലെ ബട്‌ല ഹൗസ് സംഭവവുമായി ബന്ധമുള്ള സഞ്ജർപൂരിൽ നിന്നുള്ള ഒരു ഭീകരൻ സിറിയയിലേക്ക് പലായനം ചെയ്‌തിരുന്നു. അയാളുടെ പിതാവ് സമാജ്‌വാദി പാർട്ടിയുടെ സജീവ പ്രവർത്തകനും എസ്‌പിക്ക് വേണ്ടി പ്രചാരണം നടത്തുന്ന ആളുമാണ്. ചെറുതും വലുതുമായ എല്ലാ സംഭവങ്ങളോടും പ്രതികരിക്കുന്ന അഖിലേഷ് യാദവ് 2013ലെ സംഭവത്തെ കുറിച്ചും ഗുജറാത്തിലെ ഭീകരർക്കെതിരായ വിധിയെക്കുറിച്ചും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.
Q:മാഫിയയ്‌ക്കെതിരായ നിങ്ങളുടെ നടപടിയെ പരിഹസിക്കുന്ന സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് നിങ്ങളെ 'ബുൾഡോസർ വാലെ ബാബ' എന്ന് വിളിക്കുന്നത് എങ്ങനെ കാണുന്നു?
സംസ്ഥാനത്ത് നാല് തവണ സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയത് ദൗർഭാഗ്യകരമാണ്. അധികാരത്തിലെത്തിയിട്ടും ഒരിക്കലും സംസ്ഥാനത്തെ പാവപ്പെട്ടവർക്കും യുവാക്കൾക്കും കർഷകർക്കും വേണ്ടി അവർ പ്രവർത്തിച്ചില്ല. തീവ്രവാദികളോട് പാർട്ടിക്ക് അനുകമ്പ ഉണ്ടെന്നത് വിരോധാഭാസമാണ്.