ലക്‌നൗ:ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് (25.03.2022) സത്യപ്രതിജ്ഞ ചെയ്യും. ലക്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവരും പങ്കെടുത്തേക്കും. ഇതിനുപുറമേ ഏകദേശം 85,000 പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നും ബിജെപി വൃത്തങ്ങൾ അറിയിച്ചു.
'പുതിയ ഇന്ത്യയുടെ പുതിയ യുപി' (നയേ ഭാരത് കാ നയാ യുപി) എന്ന മുദ്രാവാക്യങ്ങളെഴുതിയ വലിയ പോസ്റ്ററുകൾ പതിപ്പിച്ചാണ് വേദി ഒരുക്കിയിട്ടുള്ളത്. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കിയ യോഗി രണ്ടാം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റുകൊണ്ട് ചരിത്രം കുറിക്കുകയാണ്.