കേരളം

kerala

By

Published : May 27, 2023, 6:58 AM IST

ETV Bharat / bharat

62-ാം വയസിലും എക്‌സ്‌ട്ര ഫിറ്റ്; യോഗാസനങ്ങള്‍ അഭ്യസിച്ച് ലഗുഡു ലക്ഷ്‌മി, ഇത് രോഗങ്ങളെ തോല്‍പ്പിച്ച നിശ്ചയദാര്‍ഢ്യം

അസുഖങ്ങളെ ചെറുക്കാന്‍ യോഗ അഭ്യസിച്ച് തുടങ്ങിയ വീട്ടമ്മ നേടിയത് 30ലധികം സ്വര്‍ണ മെഡലുകള്‍. വീട്ടമ്മമാരും വിദ്യാര്‍ഥികളുമടക്കം 25 വര്‍ഷമായി 5000 ശിഷ്യകണങ്ങളുണ്ട് ലഗുഡു ലക്ഷ്‌മിക്ക്.

Yoga Lakshmi is practicing difficult asanas at the age of 62 after overcoming illness  62ാം വയസിലും എക്‌സ്‌ട്രാ ഫിറ്റ്  കഠിന യോഗാസനങ്ങളെല്ലാം ഇവിടെ വെറും സിമ്പിള്‍  ഇത് അസുഖങ്ങളെ തോല്‍പിച്ച നിശ്ചയദാര്‍ഢ്യം
യോഗാസനങ്ങള്‍ അഭ്യസിച്ച് ലഗുഡു ലക്ഷ്‌മി

യോഗാസനങ്ങള്‍ അഭ്യസിച്ച് ലഗുഡു ലക്ഷ്‌മി

അമരാവതി: അസുഖങ്ങളെ അതിജീവിച്ച് 62-ാം വയസിലും യോഗ പരിശീലിച്ച് ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശി ലഗുഡു ലക്ഷ്‌മി. കഴിഞ്ഞ 25 വര്‍ഷമായി യോഗ ആസനങ്ങള്‍ പരിശീലിച്ച് തുടങ്ങിയ ലക്ഷ്‌മിക്കിപ്പോള്‍ നിരവധി ശിഷ്യന്മാരുമുണ്ട്. അന്താരാഷ്‌ട്ര യോഗ മത്സരങ്ങളിലും ലഗുഡു ലക്ഷ്‌മി തന്‍റെ കഴിവ് തെളിയിച്ചു.

അന്താരാഷ്‌ട്ര യോഗ മത്സരങ്ങളില്‍ പങ്കെടുത്ത ലക്ഷ്‌മി സ്വന്തമാക്കിയത് 30 ലധികം സ്വര്‍ണ മെഡലുകളാണ്. സാധാരണ വീട്ടമ്മയായിരുന്ന ലഗുഡു ലക്ഷ്‌മി യോഗ പരിശീലകയായതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.

'നീ ഇനി അധിക നാള്‍ ജീവിച്ചിരിക്കില്ല, 'ശിഷ്‌ടകാലം മുഴുവന്‍ മരുന്നും കുത്തിവയ്‌പ്പുമെല്ലാം എടുക്കേണ്ടി വരും'. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവിധ അസുഖങ്ങള്‍ ബാധിച്ച് ലഗുഡു ലക്ഷ്‌മി ഡോക്‌ടറെ സമീപിച്ചപ്പോള്‍ കേള്‍ക്കേണ്ടി വന്ന വാക്കുകളായിരുന്നു ഇത്. ഹൃദയാഘാതം, സന്ധി വേദനകൾ, മൈഗ്രെയ്ൻ തുടങ്ങി ശരീരത്തിലെ ഓരോ അവയവങ്ങളെയും ബാധിക്കുന്ന ഓരോ പ്രശ്‌നങ്ങളായിരുന്നു ലക്ഷ്‌മിക്കുണ്ടായിരുന്നത്.

അങ്ങനെ മരുന്നുകള്‍ മാത്രം കഴിച്ച് ജീവിതം മുന്നോട്ട് നീക്കിയിരുന്ന നാളുകള്‍ ഉണ്ടായിരുന്നു ലക്ഷ്‌മിക്കും. അസുഖങ്ങളില്‍ നിന്നൊരു മോചനം ഇനിയുണ്ടാകില്ലെന്ന് വിശ്വസിച്ച് ജീവിതം തള്ളി നീക്കാന്‍ താരുമാനിച്ച ലക്ഷ്‌മിയെ കൈപിടിച്ചുയര്‍ത്തിയത് ഭര്‍ത്താവ് അപ്പണ്ണയായിരുന്നു. 'മരുന്നുകള്‍ ഒരു പരിധി വരെ മാത്രമെ നിന്‍റെ അസുഖങ്ങളെ ചെറുക്കുകയുള്ളൂ. എന്നാല്‍ നീ യോഗ ഒന്ന് പരീക്ഷിക്ക്' -എന്ന് ഭര്‍ത്താവാണ് ആദ്യമായി ലക്ഷ്‌മിയോട് പറഞ്ഞത്.

ജലവിഭവ വകുപ്പിലെ റിട്ടയേര്‍ഡ് ജീവനക്കാരനായിരുന്ന അപ്പണ്ണയ്‌ക്ക് ഭാര്യയെ ജീവിതത്തിലേക്ക് കൊണ്ടു വരണമെന്ന് നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു. അങ്ങനെ അപ്പണ്ണ തനിക്കറിയാവുന്ന യോഗ ആസനങ്ങളില്‍ ചിലത് ഭാര്യയെ പഠിപ്പിച്ചു. ചെറിയ യോഗാസനങ്ങള്‍ പഠിച്ച് ദിവസവും അതെല്ലാം അഭ്യസിക്കാന്‍ തുടങ്ങി. യോഗ അഭ്യാസങ്ങള്‍ തുടങ്ങി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ മരുന്നുകള്‍ ഇല്ലാതെ അസുഖങ്ങളെ അതിജീവിക്കാമെന്ന് ലക്ഷ്‌മിക്ക് തോന്നി തുടങ്ങി.

ഓരോ ദിവസവും ലക്ഷ്‌മി പുതിയ ഓരോ ആസനങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് പഠിച്ചെടുത്തു. തുടര്‍ന്ന് അസുഖങ്ങളില്‍ നിന്നെല്ലാം ലക്ഷ്‌മിക്ക് മോചനം ലഭിച്ചു. ലക്ഷ്‌മിയുടെ ജീവിതത്തിലെ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതോടെ നിരവധി പേര്‍ യോഗ ആസനങ്ങള്‍ പരീശീലിക്കാന്‍ ലക്ഷ്‌മിയുടെ വീട്ടില്‍ എത്തി തുടങ്ങി. വിവിധ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന വീട്ടമ്മമാര്‍ക്ക് ഇപ്പോള്‍ ലക്ഷ്‌മി യോഗ പരിശീലനം നല്‍കുന്നുണ്ട്.

തന്‍റെ യോഗ പരീശീലനത്തെ കുറിച്ച് ലക്ഷ്‌മി പറയുന്നത് ഇങ്ങനെ:'എന്‍റെ ഭർത്താവ് ആന്ധ്രാപ്രദേശ് യോഗ അസോസിയേഷന്‍റെ പ്രസിഡന്‍റാണ്. 38-ാം വയസിലാണ് ഞാൻ ആദ്യമായി യോഗ പരിശീലിച്ച് തുടങ്ങിയത്. യോഗ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ പരിഹസിച്ചു. എന്നാല്‍ ഞാൻ പ്രാക്‌ടീസ് നിർത്തിയില്ല.

അഞ്ച് വർഷത്തിന് ശേഷം 43-ാം വയസിൽ വാറങ്കലിൽ വച്ച് ആദ്യമായി ഞാന്‍ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് വെങ്കല മെഡൽ നേടി. അതോടെ യോഗ അഭ്യാസത്തിലെ എന്‍റെ താത്പര്യം വർധിച്ചു. തുടർച്ചയായ അഭ്യാസത്തിലൂടെ ഞാൻ ബുദ്ധിമുട്ടുള്ള ആസനങ്ങളെല്ലാം പഠിച്ചെടുത്തു. ദേശീയ തലത്തിലുള്ള എല്ലാ യോഗ മത്സരങ്ങളിലും പങ്കെടുത്ത് സ്വർണ മെഡലുകൾ നേടി. ആ ആത്മവിശ്വാസത്തിൽ 2013ൽ തായ്‌ലൻഡിൽ നടന്ന രാജ്യാന്തര മത്സരങ്ങളിൽ നാലു വിഭാഗങ്ങളിലായി നാലു സ്വർണം നേടി ഓവറോൾ ചാമ്പ്യനായി.

2015ൽ ചൈനയിൽ നടന്ന മത്സരങ്ങളിലും ലക്ഷ്‌മി പങ്കെടുത്തു. സ്‌ത്രീകൾ മാനസികമായും ശാരീരികമായും ആരോഗ്യമുള്ളവരായിരിക്കാൻ യോഗ പരിശീലനം അനിവാര്യമാണെന്നാണ് ലക്ഷ്‌മി പറയുന്നത്.

സൗജന്യ പരിശീലനം:തുടക്കത്തിൽ വീട്ടമ്മമാരുടെ ആരോഗ്യം കണക്കിലെടുത്താണ് ലക്ഷ്‌മി പരിശീലനം നൽകിയത്. തുടര്‍ന്ന് വീടിന് സമീപമുള്ള വിദ്യാര്‍ഥികള്‍ക്കും യോഗ പരിശീലനം നല്‍കി. ശിഷ്യന്മാരില്‍ നല്ല രീതിയില്‍ യോഗ അഭ്യസിക്കുന്നവരെ സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കും. അതിനെല്ലാം വേണ്ട സാമ്പത്തിക ചെലവുകളെല്ലാം വഹിക്കുക ലക്ഷ്‌മി തന്നെയാണ്. 2001 മുതൽ 5000 പേർക്ക് ലക്ഷ്‌മി പരിശീലനം നൽകി വരുന്നുണ്ട്.

ABOUT THE AUTHOR

...view details