ഹരിദ്വാര്‍:അലോപ്പതി മരുന്നുകള്‍ അസുഖം ഭേദമാക്കുന്നതിന് പകരം ജനങ്ങളെ രോഗികളാക്കുകയാണെന്ന് യോഗ ഗുരു ബാബ രാം ദേവ്. ആയുര്‍വേദത്തോട് കിടപിടിക്കാന്‍ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നും അലോപ്പതിയെ കുഴിച്ചു മൂടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഹരിദ്വാറിലെ റിഷികുല്‍ ആയുര്‍വേദ കോളജിലെ സെമിനാറില്‍ പങ്കെടുക്കവെയാണ് അദ്ദേഹം അലോപ്പതിക്കെതിരെ വീണ്ടും പരാമര്‍ശം ഉന്നയിച്ചിരിക്കുന്നത്.
'മള്‍ട്ടിനാഷണല്‍ കമ്പനികള്‍ യോഗയെ ഉയര്‍ത്തികൊണ്ടുവരുവാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ അലോപ്പതിയെ മണ്ണില്‍ കുഴിച്ചു മൂടണം. കുറെ ദിവസത്തേയ്‌ക്ക് ശ്വസം വിടാന്‍ പോലും അനുവദിക്കരുത്'- ബാബ രാംദേവ് പറഞ്ഞു.
അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവര്‍ കരള്‍ രോഗികള്‍:'നീണ്ട കാലയളവില്‍ അലോപ്പതിയില്‍ ചികിത്സ തേടുന്നവര്‍ക്ക് പോലും അസുഖം ഭേദമാവില്ല. മരുന്ന് കഴിച്ച് കഴിഞ്ഞാലും അസുഖം ശരീരത്ത് തന്നെ ഉണ്ടാവും. അലോപ്പതി മരുന്നുകള്‍ നിരന്തരം കഴിക്കുന്ന ലോകത്തിലെ 25 ശതമാനം ആളുകള്‍ക്കും കരള്‍ സംബന്ധമായ അസുഖം ഉണ്ടെന്ന്' അദ്ദേഹം പറഞ്ഞു.
'മാത്രമല്ല, അലോപ്പതി മരുന്നുകള്‍ കഴിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും വൃക്ക തകരാറിലായിട്ടുണ്ട്. കൊവിഡ് വാക്‌സിനുകള്‍ തികഞ്ഞ പരാജയമാണ്. കൊറോണയ്‌ക്കെതിരെ മരുന്ന് കണ്ടുപിടിക്കുന്നതില്‍ ആയുര്‍വേദം വിജയിച്ചപ്പോള്‍ അലോപ്പതി പരാജയപ്പെട്ടു'-രാംദേവ് അഭിപ്രായപ്പെട്ടു.
എംബിബിഎസ് വിദ്യാര്‍ഥികളും തന്നെ അംഗീകരിക്കും: തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട ബാബ രാംദേവ് കഠിനാധ്വാനം ജീവിതത്തില്‍ വിജയം കൊണ്ടുവരുമെന്ന് പറഞ്ഞു. എംബിബിഎസ് ഡോക്‌ടര്‍മാര്‍ക്ക് തന്‍റെ അഭിപ്രായത്തില്‍ താല്‍പര്യം ഇല്ലായിരിക്കാം. എന്നാല്‍, താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് അവര്‍ മനസിലാക്കിയാല്‍ എംബിബിഎസ് ഡോക്‌ടര്‍മാരും തന്നെ അംഗീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.
'ആയുര്‍വേദത്തിന്‍റെ വര്‍ത്തമാന കാലഘട്ടത്തെയും ഭാവി കാലഘട്ടത്തെയുമാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. കാലം മാറുമ്പോള്‍ കൂടുതല്‍ ആളുകള്‍ ആയുര്‍വേദത്തെ അംഗീകരിച്ച് തുടങ്ങും. അലോപ്പതി അതിന്‍റെ അവസാന കാലഘട്ടത്തോട് അടുത്ത് കൊണ്ടിരിക്കുന്നു'-ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.
അലോപ്പതിക്കെതിരെ വിവാദ പരാമര്‍ശം:ആധുനിക അലോപ്പതിക്കെതിരെ നേരത്തെ ബാബ രാംദേവ് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 വര്‍ഷത്തില്‍ ബാബ രാംദേവിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പ്രകോപനങ്ങളില്ലാതെ ആധുനിക വൈദ്യശാസ്‌ത്രത്തിനെതിരെ അപമാനകരമായ പ്രസ്‌താവനകള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് അസോസിയേഷന്‍ പരാതി നല്‍കിയത്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും കേന്ദ്ര സര്‍ക്കാരും അംഗീകരിച്ച മരുന്നുകള്‍ കൊവിഡ് ചികിത്സയ്‌ക്ക് ഫലപ്രദമല്ലെന്നായിരുന്നു രാംദേവിന്‍റെ ആരോപണം. ആധുനിക അലോപ്പതി ഒരു വിഡ്ഢിത്തവും പരാജയപ്പെട്ടതുമായ ശാസ്‌ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ നിരവധി കൊവിഡ് രോഗികള്‍ മരിച്ചുവെന്നുമുള്‍പെടെയുള്ള ആരോപണങ്ങളായിരുന്നു രാംദേവ് ഉന്നയിച്ചിരുന്നത്.
പതഞ്ജലിയുടെ മരുന്നുകള്‍ക്ക് നിരോധനം: ആളുകളെ തെറ്റിധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങളുടെ പ്രചരണം നടത്തുവെന്ന് ചൂണ്ടിക്കാട്ടി ബാബ രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള ദിവ്യ ഫാര്‍മസിയുടെ അഞ്ച് മരുന്നുകള്‍ക്ക് നേരത്തെ ഉത്തരാഖണ്ഡില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പതഞ്ജലിയുടെ മരുന്നുകള്‍ തെറ്റിധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലെ ഡോക്‌ടറായ കെ വി ബാബു ആയിരുന്നു പരാതി സമര്‍പ്പിച്ചത്. ഇതേതുടര്‍ന്ന് ആയുര്‍വേദ- യുനാനി ലൈസന്‍സിങ് അതോറിറ്റിയാണ് പതഞ്ജലിക്കെതിരെ നടപടി സ്വീകരിച്ചത്.