ബെംഗളൂരു : കൊവിഡ് വ്യാപനം ചെറുക്കാന്‍ ജനം സര്‍ക്കാരുമായി സഹകരിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. രോഗവ്യാപനം നിയന്ത്രിക്കാവുന്ന സാഹചര്യത്തിലേക്ക് താഴ്‌ന്നിട്ടുണ്ട്. ഇപ്പോള്‍ സഹകരിച്ചാല്‍ വളരെയധികം സഹായമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതീക്ഷിച്ചതിലും അതിരൂക്ഷമായ രോഗവ്യാപനമാണ് സംസ്ഥാനത്തുണ്ടായത്. മരണനിരക്കും വളരെ കൂടുതലാണ്. അതിനാലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. രാവിലെ ആറ് മണി മുതൽ പത്ത് മണി വരെയുള്ള സമയങ്ങളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബി.എസ് യെദ്യൂരപ്പ അഭ്യര്‍ഥിച്ചു.
നിയന്ത്രണങ്ങളോട് ജനം സഹകരിക്കണമെന്ന് ബി എസ് യെദ്യൂരപ്പ - കര്‍ണാടക കൊവിഡ് വാർത്തകള്‍
തിങ്കളാഴ്ച 39,305 പുതിയ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.' ഇന്ന് രാവിലെ സംസ്ഥാനത്തെത്തിയ ഓക്സിജൻ എക്‌സ്‌പ്രസിൽ 120 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചു. ഇത് തുടരുകയാണെങ്കില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി അടക്കമുള്ളവരുമായി സംസാരിച്ചിരുന്നു. എല്ലാവരും എല്ലാ തരത്തിലുള്ള പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പാക്കേജിനെ കുറിച്ച് സംസ്ഥാനം ഇതുവരെ ചിന്തിച്ചിട്ടില്ല. രോഗവ്യാപനം കുറയുന്ന മുറയ്‌ക്ക് മറ്റ് കാര്യങ്ങളില്‍ തീരുമാനമുണ്ടാകും.
തിങ്കളാഴ്ച 39,305 പുതിയ കൊവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 596 പേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,372 ആയി. 1.24 ലക്ഷം സാമ്പിളാണ് പരിശോധിച്ചത്. ആകെ 19,73,683 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 5,71,006 പേർ ചികിത്സയില്‍ തുടരുകയാണ്. 13,83,285 പേര്‍ രോഗമുക്തി നേടി വീടുകളിലേക്ക് മടങ്ങി.