മാസ്‌ക് ധരിക്കലുണ്ടാക്കിയ വീർപ്പുമുട്ടലും ക്വാറന്‍റൈൻ ഏകാന്തതയേൽപ്പിച്ച മാനസിക സംഘർഷവും താളം തെറ്റിയ നിത്യജീവിതവും ഉൾപ്പെടെയുള്ളവയെ അതിജീവിച്ച് പഴയ പ്രതീക്ഷകളെ മുറുകെ പിടിക്കാൻ കെൽപ്പു തന്നൊരു വർഷമായിരുന്നു 2022. പ്രാദേശിക ഭാഷകളെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനെതിരെ പോരാടിയതും പണം വാരിയെറിഞ്ഞ് കൂറുമാറ്റി ജനാധിപത്യധ്വംസനം നടത്തിയവരെ പ്രതിരോധിച്ചതും ഉൾപ്പെടെ പ്രതീക്ഷാനിർഭരമായ അനേകം സംഭവങ്ങൾ നടന്നൊരു വർഷം. ഈ കാലയളവ് നമുക്ക് കാണിച്ചുതന്ന പോരാട്ടങ്ങളും പ്രതിരോധങ്ങളും അതിജീവനങ്ങളും ഉള്‍പ്പെടുന്ന അധ്യായങ്ങളിലേക്ക് ഒന്ന് തിരിഞ്ഞുനോക്കാം.
ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ 1. 2022 എന്ന പോരാട്ടക്കാലം
ഒടുവില്‍ പരസ്യമായ പോരില്‍, 'ഷിന്‍ഡെ സര്‍ക്കാര്‍': ഉദ്ധവ് താക്കറെ - ഏക്‌നാഥ് ഷിന്‍ഡെ 'രഹസ്യപ്പോര്' പരസ്യമാവുകയും രണ്ടര വര്‍ഷത്തെ മഹാരാഷ്‌ട്ര മഹാവികാസ് അഗാഡി സഖ്യസര്‍ക്കാരിന് അന്ത്യം കുറിക്കുകയും ചെയ്‌തത് രാജ്യം ഉറ്റുനോക്കിയ വർഷം. ബിജെപിയുടെ 'ഓപ്പറേഷന്‍ താമര' എന്ന് ഉയര്‍ന്നുകേട്ട, സര്‍ക്കാര്‍ അട്ടിമറിയെ തുടര്‍ന്ന് ജൂണ്‍ 30ന് ബിജെപിയുടെ പിന്തുണയോടെ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലേറി. 'താമര നീക്കത്തിന്' ചുക്കാന്‍ പിടിച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായി. ശിവസേനയിലെ 49 എംഎല്‍മാര്‍ ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം അണിനിരന്നപ്പോള്‍ ഉദ്ധവിനൊപ്പം 13 പാര്‍ട്ടി എംഎല്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഏക്‌നാഥ് പക്ഷ എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തങ്ങി നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഉദ്ധവ് രാജിവച്ചതും ഷിന്‍ഡെ പുതിയ മുഖ്യനായി ചുമതലയേറ്റതും.
ഹിജാബ് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും കര്‍ണാടകയില്‍ നടന്ന പ്രതിഷേധത്തില്‍ നിന്നും ഹിജാബ് വിലക്കില്‍ വിദ്യാര്‍ഥിനികളുടെ നിയമപോരാട്ടം:കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായി വന്‍ പ്രതിഷേധമുയര്‍ന്നതിന് ഫെബ്രുവരിയിൽ രാജ്യം സാക്ഷിയായി. ഉഡുപ്പിയിലെ ഡിഗ്രി കോളജിൽ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ ക്ലാസിൽ കയറ്റാത്തതിനെ തുടര്‍ന്നാണ് പ്രക്ഷോഭം ചൂടുപിടിച്ചതും പിന്നീട് അത് സംഘർഷത്തിലേക്ക് നയിച്ചതും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്‍റെ ഭാഗമല്ലാത്ത വസ്ത്രധാരണം അനുവദിക്കില്ലെന്നായിരുന്നു കര്‍ണാടക ബിജെപി സര്‍ക്കാരിന്‍റെ നിലപാട്. സമര രംഗത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഇതിനെതിരെ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും സർക്കാരിന് അനുകൂലമായ വിധിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. സുപ്രീം കോടതിയിൽ ഹിജാബ് വിലക്കിനെതിരായ ഹര്‍ജി എത്തിയെങ്കിലും ഒക്ടോബര്‍ മാസം കേസിനെ എതിർത്തും അനുകൂലിച്ചുമാണ് വിധി വന്നത്. നിലവില്‍ അന്തിമവിധി വരുന്നതുവരെ ഹിജാബ് നിരോധനം തുടരാനാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട്.
പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം, ഫലം കാണാതെ പോരാട്ടം:ബിജെപി വക്താക്കളായ നുപുർ ശര്‍മ, നവീൻ കുമാര്‍ ജിൻഡാല്‍ എന്നിവരുടെ പ്രവാചക വിരുദ്ധ പരാമർശം ദേശീയ തലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും ശക്തമായ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്. മെയ് മാസത്തിലുണ്ടായ സംഭവത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും പുറമെ അറബ് രാഷ്‌ട്രങ്ങളുമടക്കം വിഷയത്തില്‍ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത് ബിജെപിയെ പ്രതിസന്ധിയിലാഴ്‌ത്തി. രാജ്യത്തുനടന്ന പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതോടെ അക്രമങ്ങളിൽ നിരവധി പേര്‍ മരിച്ചു. ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഈ വിഷയത്തില്‍ പ്രതിഷേധിച്ച മുസ്‌ലിം വിഭാഗത്തിന്‍റെ കടകളും വീടുകളും അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് മണ്ണുമാന്തി യന്ത്രംകൊണ്ട് ഇടിച്ചുനിരത്തി. ഉത്തര്‍പ്രദേശില്‍ ഇതിന് ബിജെപി സംസ്ഥാന ഭരണം നേതൃത്വം കൊടുത്തതെങ്കില്‍ ഡല്‍ഹിയില്‍ ബിജെപി ഭരിക്കുന്ന എംസിഡിയാണ് (Municipal Corporation of Delhi) ഇത് നടപ്പിലാക്കിയത്. പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ നുപുർ ശര്‍മ, നവീൻ കുമാര്‍ ജിൻഡാല്‍ എന്നിവരെ അറസ്റ്റുചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളുകയാണുണ്ടായത്. തുടര്‍ന്ന്, ഇവര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുക മാത്രമാണ് കോടതി ചെയ്‌തത്.
വിട്ടുകൊടുക്കാതെ ബിജെപി, തൂത്തുവാരി എഎപി:രാജ്യം ഉറ്റുനോക്കിയ നിയമസഭ തെരഞ്ഞെടുപ്പുകളാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലുണ്ടായത്. മാര്‍ച്ച് 10ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ ഭരണം നിലനിർത്താന്‍ ബിജെപിയ്‌ക്കായി. ആഭ്യന്തര കലഹത്താല്‍ കലുഷിതമായ, സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിനെ തൂത്തുവാരി ചരിത്രത്തില്‍ ആദ്യമായി ഡല്‍ഹിയ്ക്ക് പുറമെ, പഞ്ചാബില്‍ ഭരണം പിടിക്കാന്‍ ആം ആദ്‌മി പാർട്ടിയ്‌ക്കായി. വൻ ഭൂരിപക്ഷത്തോടെയാണ് ഈ പോരാട്ടത്തില്‍ എഎപി ജയിച്ചുകയറിയത്.
രാജ്യസഭയില്‍ 20 സീറ്റുപിടിച്ച് ബിജെപി, കോണ്‍ഗ്രസ് എട്ട്:രാജ്യത്തെ 57 രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 41 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ മൂന്നിന് പുറത്തുവന്ന 15 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ 20 സീറ്റില്‍ ബിജെപിയും എട്ട് സീറ്റില്‍ കോൺഗ്രസും വിജയിച്ചു. നിർമല സീതാരാമൻ, പ്രമോദ് തിവാരി, പീയുഷ് ഗോയൽ, ജയറാം രമേശ്, രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്‌നിക്, വിവേക് തൻഖ തുടങ്ങിയ പ്രമുഖരടക്കം തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ഥിയും മാധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് ചന്ദ്ര പരാജയപ്പെട്ടത് ശ്രദ്ധേയമായി.
'അഗ്‌നിപഥില്‍' ആളിക്കത്തി രാജ്യം:പതിനേഴര വയസായ ആളുകള്‍ക്ക് സൈന്യത്തില്‍ നാലുവർഷം സേവനം നല്‍കുന്ന, കേന്ദ്ര സര്‍ക്കാര്‍ അഭിമാന പദ്ധതിയായി മുന്നോട്ടുവച്ച ഒന്നായിരുന്നു 'അഗ്‌നിപഥ്'. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീരന്മാർ' എന്നറിയപ്പെടും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലുവർഷത്തിനുശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാമെന്നും സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. 2022ല്‍ തന്നെ 46,000 പേരെ റിക്രൂട്ട് ചെയ്യാന്‍ നീക്കം നടത്തി ആരംഭിച്ച പദ്ധതിയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തുനിന്നും ഉയര്‍ന്നത്. തെലങ്കാന ഹൈദരാബാദിലെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ കത്തിച്ചു. പുറമെ ബിഹാര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാഹനങ്ങളും ട്രെയിനുകളും അഗ്‌നിക്കിരയാക്കി പ്രതിഷേധം ആളിക്കത്തി. സംഭവത്തില്‍ റെയിൽവേയ്ക്ക് നൂറുകോടിയ്‌ക്കടുത്താണ് നഷ്‌ടമുണ്ടായതെന്നാണ് ഔദ്യോഗികമായി വകുപ്പ് അറിയിച്ചത്. പ്രതിഷേധം ശക്തമായി തന്നെ നടന്നെങ്കിലും പതിനായിരങ്ങള്‍ റിക്രൂട്ട്‌മെന്‍റില്‍ പങ്കെടുത്ത് അഗ്‌നിപഥ് പദ്ധതിയെ പിന്തുണയ്‌ക്കുകയുണ്ടായി.
ചീഫ് ജസ്റ്റിസായി ലളിത്, പിന്നാലെ ചന്ദ്രചൂഡ്:രാജ്യത്തിന്‍റെ നിയപോരാട്ടങ്ങള്‍ക്ക് വിധി നിര്‍ണയിക്കാന്‍ പരമോന്നത കോടതിയുടെ തലവനായി ഈ വര്‍ഷം ആദ്യമെത്തിയത് യുയു ലളിതായിരുന്നു. ഓഗസ്റ്റ് 27നാണ് സുപ്രീം കോടതിയുടെ 49ാം ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റത്. ജസ്റ്റിസ് എന്‍വി രമണ വിരമിച്ച ഒഴിവിലേക്കായിരുന്നു ലളിതിന്‍റെ നിയമനം. അഭിഭാഷകവൃത്തിയില്‍ നിന്നും നേരിട്ട് ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടവും ലളിതിന് സ്വന്തം. ജസ്റ്റിസ് എസ്‌എം സിക്രിയ്‌ക്ക് പിന്നാലെയാണ് ലളിതിന്‍റെ ഈ നേട്ടം. 2014 ഓഗസ്റ്റിലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്‌ജിയായി ചുമതലയേറ്റത്. മുന്‍പ് സുപ്രീംകോടതി സീനിയര്‍ അഭിഭാഷകനായിരുന്നു. യുയു ലളിത് വിരമിച്ചതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ 50ാമത് ചീഫ് ജസ്റ്റിസായി നവംബര്‍ ഒന്‍പതിന് ഡിവൈ ചന്ദ്രചൂഡ് ചുമതലയേറ്റത്. രണ്ടുവര്‍ഷത്തേക്കാണ് ചന്ദ്രചൂഡിന്‍റെ നിയമനം. 22 വര്‍ഷത്തെ ന്യായാധിപ കര്‍ത്തവ്യനിര്‍വഹണത്തെ തുടര്‍ന്നാണ് പരമോന്നത കോടതിയുടെ തലപ്പത്തേക്ക് ഇദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം. സാധാരണക്കാരെ സേവിക്കുന്നതില്‍ താന്‍ പ്രാമുഖ്യം നല്‍കുമെന്ന് സ്ഥാനം ഏറ്റെടുത്ത ശേഷം ചന്ദ്രചൂഡ് മാധ്യമങ്ങളോട് പറയുകയുണ്ടായി.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പോരാട്ടം മാതൃഭാഷയ്‌ക്കായി:ഹിന്ദി രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ എന്ന നിലയില്‍ സംസ്ഥാനങ്ങളുടേ മേല്‍ അടിച്ചേൽപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍, ഇതിനെതിരായി പോരാടിയ ചരിത്രമുള്ള തമിഴ്‌നാട് ആ പോരാട്ട വീര്യം വീണ്ടും മുന്‍പോട്ടുവച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. ജോലിയ്ക്കും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന പാർലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാസമിതിയുടെ ശിപാർശയുടെ പശ്ചാത്തലത്തില്‍ ഒക്‌ടോബർ 18നാണ് തമിഴ്‌നാടിന്‍റെ ഈ നീക്കം. ഹിന്ദി ഇതര ഭാഷകൾ സംസാരിക്കുന്ന തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എതിരാണ് സമിതിയുടെ ശുപാർശയെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മുൻമുഖ്യമന്ത്രി അണ്ണാദുരൈയുടെ കാലംമുതൽ പിന്തുടരുന്ന ദ്വിഭാഷ പാഠ്യപദ്ധതി തമിഴ്‌നാട്ടിൽ തുടരുമെന്നും പ്രമേയത്തിൽ വ്യക്തമാക്കി. അതേസമയം, കേന്ദ്ര സർക്കാർ ഒരു ഭാഷയും അടിച്ചേൽപ്പിക്കുന്നില്ല എന്നായിരുന്നു ഇതേക്കുറിച്ച് സഭയിൽ പ്രസംഗിച്ച ബിജെപി പാർലമെന്‍ററി പാർട്ടി നേതാവ് നൈനാർ നാഗേന്ദ്രന്‍റെ വ്യക്തമാക്കിയ നിലപാട്.
ഹിമാചല്‍ - ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയം കോണ്‍ഗ്രസ്, ബിജെപി അണികള്‍ നടത്തിയ ആഹ്‌ളാദ പ്രകടനം ഗുജറാത്ത് വീണ്ടും 'ഡബിള്‍ എഞ്ചിന്‍', ഫലം കണ്ട് കോണ്‍ഗ്രസ് പോരാട്ടം:രാജ്യം ഉറ്റുനോക്കിയ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളായിരുന്നു ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും നടന്നത്. നവംബര്‍ 12ന് ഹിമാചലിലും ഡിസംബര്‍ ഒന്നിനും അഞ്ചിനും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ എട്ടിനാണ് പുറത്തുവന്നത്. നരേന്ദ്ര മോദി 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാരിനായി വേട്ടുചോദിച്ച് നയിച്ച ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 156 സീറ്റാണ് നേടിയത്. 182 അംഗ നിയമസഭയിൽ കോൺഗ്രസ് 17 സീറ്റ് മാത്രം നേടിയപ്പോള്‍ സംസ്ഥാനത്തെ കന്നി അങ്കത്തില്‍ എഎപി അഞ്ച് സീറ്റാണ് കൈക്കലാക്കിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഒന്നുംചെയ്യാനായില്ലെന്ന് മാത്രമല്ല പ്രകടനത്തില്‍ പാര്‍ട്ടി പിന്നാക്കം പോവുകയാണുണ്ടായത്. ബിജെപി ഭരിച്ച ഹിമാചലില്‍ പ്രഹരമേല്‍പ്പിക്കാന്‍ ആയത് കോൺഗ്രസിന് ആശ്വാസമായി. കോണ്‍ഗ്രസ് - 40, ബിജെപി - 25 എന്നിങ്ങനെയാണ് ഹിമാചല്‍ സീറ്റുനില. ജെപി നദ്ദയുടെ സ്വന്തം സംസ്ഥാനത്തെ ഈ തിരിച്ചടി ദേശീയ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് വ്യക്തിപരമായും പുറമെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയ്‌ക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഹിമാചലില്‍ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖുവാണ് ഭരണത്തലപ്പത്തെത്തിയത്.
2. പ്രതിരോധത്തിളക്കമായി 2022
പ്രതിരോധക്കരുത്തേകാന്‍ മനോജ് പാണ്ഡെ:രാജ്യത്തിന്‍റെ പ്രതിരോധ രംഗത്തിന് കരുത്തേകാന്‍, കരസേനയുടെ 29ാമത് മേധാവിയായി ജനറൽ മനോജ് പാണ്ഡെ ഏപ്രില്‍ 30ന് ചുമതലയേറ്റു. സേവനകാലാവധി പൂർത്തിയാക്കിയ ജനറൽ എംഎം നരവനെയിൽ നിന്നാണ് പാണ്ഡെ പദവി ഏറ്റെടുത്തത്. സേനയുടെ കോർ ഓഫ് എൻജിനിയേഴ്‌സിൽ പ്രവര്‍ത്തിച്ച അദ്ദേഹം, ഈ രംഗത്തുനിന്നും സേനാമേധാവിയാകുന്ന ആദ്യവ്യക്തിയാണ്. ഫെബ്രുവരി ഒന്നിന് കരസേന ഉപമേധാവിയായി ചുമതലയേറ്റ ശേഷമാണ് ഈ സ്ഥാനക്കയറ്റം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിപിഎമ്മിന്‍റെ പ്രതിരോധ തലവനായി വീണ്ടും യെച്ചൂരി:പ്രതിപക്ഷത്തുനിന്നും സിപിഎമ്മിന്‍റെ രാഷ്‌ട്രീയ പ്രതിരോധം ശക്തിപ്പെടുത്താന്‍ സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഏപ്രില്‍ 10ന് തെരഞ്ഞെടുത്തു. കണ്ണൂരിൽ നടന്ന 23ാം പാർട്ടി കോൺഗ്രസിലാണ് 70കാരനായ യെച്ചൂരിയെ മൂന്നാം വട്ടവും സിപിഎം തലപ്പത്ത് അവരോധിച്ചത്.
നീറ്റിലിറക്കി ഐഎൻഎസ് വാഗ്ഷീര്‍:രാജ്യത്തിന്‍റെ സമുദ്ര, തുറമുഖ മേഖലകളില്‍ ഊര്‍ജിതമായ പ്രതിരോധം നിലനിര്‍ത്താന്‍ പുതിയ അന്തർവാഹിനി ഏപ്രില്‍ 20ന് നീറ്റിലിറക്കി. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആറാമത്തെ സ്കോർപീൻ ക്ലാസ് അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീറാണ് പ്രതിരോധത്തിന് സജ്ജമാക്കിയത്. തെക്കൻ മുംബൈയിലെ മസഗോൺ ഡോക്കിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി അജയ് കുമാറാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്.
ത്രിപുരയില്‍ ബിജെപിയുടെ 'മുഖ്യ' നീക്കം:മെയ് 15ന് ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മണിക് സാഹ അധികാരമേറ്റു. ഡെന്‍റല്‍ ഡോക്‌ടറായിരുന്ന മണിക് സാഹ 2016ലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേക്കേറിയത്. 2020ല്‍ ബിജെപി ത്രിപുര അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ മാര്‍ച്ച് മാസം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് സംസ്ഥാന ഭരണത്തലപ്പത്തേക്ക് സാഹയുടെ സ്ഥാനാരോഹണം.
തെരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രാജീവ് കുമാര്‍:രാജ്യം വിവിധ തെരഞ്ഞെടുപ്പുകളിലേക്ക് കടക്കാനിരിക്കെ 25ാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി മേയ് 15ന് രാജീവ് കുമാർ ചുമതലയേറ്റു. 2025 ഫെബ്രുവരി വരെ പദവിയിൽ തുടരും. രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനും കടുത്ത തീരുമാനങ്ങളെടുക്കാനും മാറ്റങ്ങള്‍ കൊണ്ടുവരാനുമാണ് താന്‍ പ്രവര്‍ത്തിക്കുകയെന്ന് രാജീവ് കുമാര്‍ വ്യക്തമാക്കി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കും 1984 ബാച്ചിലെ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന രാജീവ് നേതൃത്വം നല്‍കും.
പടനയിക്കാന്‍ 'സൂറത്തും ഉദയഗിരിയും':രാജ്യം ആഭ്യന്തരമായി നിർമിച്ച ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് ഉദയഗിരി എന്നീ യുദ്ധക്കപ്പലുകൾ നീറ്റിലിറക്കിയത് മെയ് 17നാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ്, രണ്ട് യുദ്ധക്കപ്പലുകള്‍ ഒരേസമയം നീറ്റിലിറക്കുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്‌തത്. ഗുജറാത്തിന്‍റെ വാണിജ്യ തലസ്ഥാനത്തിന്‍റെ പേരില്‍ നിന്നാണ് ഒരു കപ്പലിന് ഐഎൻഎസ് സൂറത്ത് എന്ന് പേരുവന്നത്. ആന്ധ്രാപ്രദേശിലെ മലനിരകളുടെ പേരില്‍ നിന്നാണ് മറ്റൊരു കപ്പലിന് ഉദയഗിരി എന്ന നാമം വന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി, പ്രതിരോധ രംഗത്തിന് കരുത്തുപകരാന്‍ ഉതകുന്നതാണ് ഇരുകപ്പലുകളും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കൊപ്പം രാഷ്‌ട്രപതി ദ്രൗപദി മുര്‍മു - ഫയല്‍ ചിത്രം ദ്രൗപദി മുര്‍മുവിന് ചരിത്ര നിയോഗം:രാജ്യത്തിന്‍റെ പരമോന്നത പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ഗോത്രവർഗക്കാരിയും എന്ന സവിശേഷ നേട്ടമാണ് 15ാം രാഷ്‌ട്രപതിയായി ചുമതലയേറ്റതോടെ ദ്രൗപദി മുർമുവിന് (64) കൈവന്നത്. ജൂലൈ 25നാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. 2015 മുതൽ 2021 വരെ ജാർഖണ്ഡിന്‍റെ ഒന്‍പതാമത്തെ ഗവർണറായി മുര്‍മു സേവനമനുഷ്‌ഠിക്കാന്‍ ഒഡിഷയില്‍ നിന്നുള്ള പട്ടികവർഗ സമുദായത്തിൽ നിന്നുള്ള മുര്‍മുവിനായി. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ജാർഖണ്ഡിലെ ആദ്യ ഗവർണര്‍ എന്ന റെക്കോഡിന് ഉടമകൂടിയാണ് രാജ്യത്തിന്‍റെ പുതിയ രാഷ്‌ട്രപതി. രാഷ്‌ട്രീയ രംഗത്തേക്ക് കടന്നുവരുന്നതിന് മുന്‍പ് സ്‌കൂള്‍ അധ്യാപികയായി മുർമു പ്രവര്‍ത്തിച്ചിട്ടുണ്ട്. പുറമെ റായിരംഗ്‌പൂരിലെ ശ്രീ അരബിന്ദോ ഇന്‍റഗ്രൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്‍റ് പ്രൊഫസറായും, ഒഡിഷ സർക്കാരിന്‍റെ ജലസേചന വകുപ്പിൽ ജൂനിയർ അസിസ്റ്റന്‍റായും ജോലി ചെയ്‌തിട്ടുണ്ട്. ഇങ്ങനെ നിരവധി അനുഭവ സമ്പത്തുമായാണ് രാജ്യത്തിന്‍റെ ഭരണഘടന പദവിയിലേക്ക് ദ്രൗപദി എത്തിയിരിക്കുന്നത്.
സ്വന്തമായി വിമാനവാഹിനി നിര്‍മിച്ച് രാജ്യം:രാജ്യത്തിന്‍റെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് ജൂലൈ 28നാണ് നാവികസേനയ്ക്ക് കൈമാറിയത്. നാവികസേനയ്‌ക്ക് പുത്തന്‍ ഉണര്‍വേകുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡ് നിർമിച്ച രാജ്യത്തിന്‍റെ പുതിയ വിമാനവാഹിനി. രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലെന്ന നേട്ടവും ഈ വിമാനവാഹിനിയ്‌ക്കാണ്. ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലിന്‍റെ പേര് ഐഎൻഎസ് വിക്രാന്ത് എന്നുതന്നെയായിരുന്നു. ആ പേരുതന്നെ തദ്ദേശീയമായ നിര്‍മിച്ച ഈ വിമാനവാഹിനിയ്ക്കും നൽകുകയായിരുന്നു. 2009ൽ അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്‍റണിയാണ് കപ്പൽ നിർമാണത്തിന് തുടക്കമിട്ടത്. 2010ൽ നിർമാണം പൂർത്തിയാക്കാനും 2014ൽ കമ്മിഷൻ ചെയ്യാനും പദ്ധതിയിട്ടെങ്കിലും നിർമാണം ആരംഭിച്ചശേഷം തടസങ്ങള്‍ നേരിട്ടു. തുടര്‍ന്ന് 2013 ഓഗസ്റ്റ് 12ന് ആദ്യമായി നീറ്റിൽ ഇറക്കി. വാർത്താവിനിമയ സംവിധാനം, വിമാനങ്ങൾക്ക് പറന്നുയരാനും ഇറങ്ങാനും സഹായിക്കേണ്ട ഉപകരണങ്ങൾ, വ്യോമാക്രമണത്തെ സ്വയം പ്രതിരോധിക്കാനുള്ള എയർ ഡിഫൻസ് തുടങ്ങിയ ക്രമീകരണങ്ങള്‍ വിമാനവാഹിനിയില്‍ ഇനി നടത്തേണ്ടതുണ്ട്. ഇത് ഇസ്രയേലുമായി ചേര്‍ന്ന് നടത്താനാണ് രാജ്യത്തിന്‍റെ പദ്ധതി.
ഉപരാഷ്‌ട്രപതിയായി ജഗ്‌ദീപ് ധന്‍കര്‍:രാജ്യത്തെ 14ാമത് ഉപരാഷ്‌ട്രപതിയായി ബംഗാൾ മുൻ ഗവർണറും ഭരണമുന്നണി സ്ഥാനാർഥിയുമായ ജഗ്‌ദീപ് ധൻകർ ഓഗസ്റ്റ് 11ന് ചുമതലയേറ്റു. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ 528 വോട്ടുനേടിയാണ്, പ്രതിപക്ഷ സ്ഥാനാർഥിയായ മാർഗരറ്റ് അൽവയെ പിന്തള്ളിയത്. 182 വോട്ടാണ് പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥിയായ മാര്‍ഗരറ്റ് നേടിയത്. രാജസ്ഥാനിലെ കിത്താന സ്വദേശിയായ ധന്‍കര്‍, ജനതാദള്‍ സ്ഥനാര്‍ഥിയായി ജയിച്ച് 1989ല്‍ ലോക്‌സഭയിലെത്തിയിരുന്നു. പിന്നീട് ഇതേ പാര്‍ട്ടിയില്‍ നിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നിരവധി വിഷയങ്ങളില്‍ പരസ്യപ്പോരിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ജഗ്‌ദീപ് ധന്‍കര്‍.
താമരയെ പിഴുതെറിഞ്ഞു, രാഷ്‌ട്രീയ പ്രതിരോധമായി നിതീഷ്:ദേശീയ തലത്തില്‍ തന്നെ ആഞ്ഞടിച്ച, രാഷ്‌ട്രീയ കോളിളക്കമായിരുന്നു ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ഡിഎ വിട്ടത്. ബിജെപി സഖ്യം വിട്ട് രാജിവച്ച നിതീഷ് രാഷ്‌ട്രീയ ജനതാദളിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യവുമായി കൈകോർത്താണ് വീണ്ടും അധികാരത്തിലേറിയതാണ് ഈ കോളിളക്കമുണ്ടാക്കാന്‍ ഇടയാക്കിയത്. നിതീഷ്, ബിഹാർ മുഖ്യമന്ത്രിയായതിന് പുറമെ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായി ഓഗസ്റ്റ് 10ന് സത്യപ്രതിജ്ഞ ചെയ്‌തു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ആസൂത്രണം ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നുള്ള നിതീഷ് കുമാറിന്‍റെ പ്രതിരോധ നീക്കമാണ് ഈ 'കൂറുമാറ്റം' എന്നാണ് പുറത്തുവരുന്ന വിവരം. തേജസ്വി യാദവിന്‍റെ പിന്തുണയോടെ ബിഹാറില്‍ രണ്ടാം തവണയാണ് നിതീഷ് കുമാര്‍ അധികാരത്തില്‍ വന്നത്. വീണ്ടും ചുമതലയേറ്റതോടെ എട്ടാം തവണയാണ് നിതീഷ്, മുഖ്യമന്ത്രി പദത്തിലെത്തുന്നത്.
ടിആര്‍എസ് ബിആര്‍എസായി, കെസിആര്‍ 'ദേശ് കാ നേത':തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്‌ട്രസമിതി (ടിആർഎസ്) പേരുമാറ്റി ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) എന്നാക്കിയത് ഒക്‌ടോബര്‍ അഞ്ച് ദസറ ദിനത്തിലാണ്. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് സ്ഥാപക നേതാവുമായ കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍) ദേശീയ രാഷ്‌ട്രീയത്തില്‍ സജീവമാകുന്നതിന്‍റെ ഭാഗമായാണ് പാര്‍ട്ടി ദേശീയ പാര്‍ട്ടിയായി പരിണമിച്ചത്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുക എന്ന ലക്ഷ്യംകൂടി കെസിആറിനുണ്ട്. ദേശീയ തലത്തില്‍ ബിജെപിയ്‌ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുക എന്നതിന്‍റെ ഭാഗമായി കെസിആര്‍ വിവിധ ദേശീയ നേതാക്കളെ നേരില്‍ചെന്ന് കണ്ടതും വാര്‍ത്തയായിരുന്നു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു 'ഓപ്പറേഷന്‍ താമര'യ്‌ക്ക് ഇടമില്ല, തിരിച്ചടിച്ചടിച്ച് തെലങ്കാന:എംല്‍എമാരെ വിലയ്‌ക്കുവാങ്ങി ഭരണം അട്ടിമറിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് ഒരുപാടുണ്ടായിട്ടുണ്ട്. കര്‍ണാടക, മധ്യപ്രദേശ്, ഗോവ എന്നിങ്ങനെ ഉദാഹരണങ്ങള്‍ മുന്‍പിലുണ്ട്. തെലങ്കാന ഭരണകക്ഷിയായ കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ ബിആര്‍എസ് പാര്‍ട്ടിയിലെ നാല് എംഎല്‍എമാരെ 100 കോടി നല്‍കി വരുതിയിലാക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന കേസില്‍ ഒക്‌ടോബര്‍ 27നാണ് അറസ്റ്റുണ്ടായത്. ബിജെപി ബന്ധമുള്ള രാമചന്ദ്ര ഭാരതി എന്ന സതീശ് ശര്‍മ, നന്ദകുമാര്‍, സിംഹയാജി സ്വാമിത് എന്നിവരാണ് തെലങ്കാന പൊലീസിന്‍റെ പിടിയിലായത്. സംഭവത്തില്‍, എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ അണിയറയില്‍ ഇരുന്ന് നീക്കം നടത്തിയത് എന്‍ഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിന്‍റെ നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ഷായുടെ നേരിട്ടുള്ള 'നോമിനി'യാണ് തുഷാറെന്നും കെസിആര്‍ ആരോപിച്ചു. തുഷാറിനെ എങ്ങനെയെങ്കിലും അറസ്റ്റുചെയ്യാനും കേസില്‍ അനുകൂല വിധി നേടാനും ബിആര്‍എസ് സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് ഈ കേസ് സിബിഐയ്‌ക്ക് വിടാന്‍ തെലങ്കാന ഹൈക്കോടതി ഡിസംബര്‍ 26ന് ഉത്തരവിട്ടത്. സംസ്ഥാന പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസില്‍ ബിആര്‍എസിന് ഇതോടെ വന്‍ തിരിച്ചടിയാണുണ്ടായത്.
കോൺഗ്രസ് പട നയിക്കാൻ ഖാർഗെ:2019 പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ കനത്തപ്രഹരത്തെ തുടർന്ന് രാഹുൽ ഗാന്ധി ചുമതല ഒഴിഞ്ഞ് സോണിയ ഗാന്ധി തലപ്പത്തെത്തുകയും ശേഷം അനാരോഗ്യത്താല്‍ അവർ വിട്ടുനിൽക്കുകയും ചെയ്‌തിരുന്നു. ഇക്കാരണത്താൽ തന്നെ നാഥനില്ലാക്കളരി എന്ന് ഏറെ പഴി കേട്ട പാർട്ടിയാണ് കോൺഗ്രസ്. ഇതിന് പരിഹാരം എന്നോണമാണ്, 137 വർഷത്തെ പാർട്ടിയുടെ ചരിത്രത്തിൽ തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷനായ ആറാമത്തെയാളായി മല്ലികാർജുൻ ഖാർഗെയുടെ രംഗപ്രവേശനം. 24 വർഷത്തിനുശേഷം അധ്യക്ഷപദവി ഏറ്റെടുക്കുന്ന ഗാന്ധികുടുംബത്തിന് പുറത്തുനിന്നുള്ള ആളുകൂടിയാണ് ഖാർഗെ. ഒക്ടോബർ 17ന് നടന്ന തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി ശശി തരൂരിനെ വൻഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഒക്ടോബർ 26ന് കർണാടകയിൽ നിന്നും ദേശീയ രാഷ്ട്രീയത്തിൽ സജീവമായ ഈ നേതാവ് അധ്യക്ഷനായി ചുമതലയേറ്റത്. എംപി കൂടിയായ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ നിന്നും പ്രതിപക്ഷ നേതാവ് എന്ന ചുമതല ഒഴിഞ്ഞ ശേഷമാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിരുന്നത്. കേന്ദ്ര സർക്കാരിന്‍റെ തെറ്റായ നയങ്ങൾ തുറന്നുകാട്ടി പോരാടാനും വരാനിരിക്കുന്ന നിരവധി തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കാനും ഉതകുന്ന നേതാവായാണ് അദ്ദേഹത്തെ അണികൾ കാണുന്നത്.
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി പദവിയില്ലെങ്കിലും പോരാളിയായി രാഹുല്‍ ഗാന്ധി:കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രേഹ നയങ്ങള്‍ക്കെതിരായി ശബ്‌ദമുയര്‍ത്തുക, വിദ്വേഷം അകറ്റി രാജ്യത്തെ ഒന്നിപ്പിക്കുക, വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക തുടങ്ങിയവ ഉന്നയിച്ച് സെപ്‌റ്റംബര്‍ ഏഴിനാണ് ഭാരത് ജോഡോ യാത്രയ്‌ക്ക് തുടക്കമായത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര ഡിസംബർ 24ന് ഡല്‍ഹിയില്‍ എത്തി. 3,571 കിലോമീറ്ററുകള്‍ പിന്നിടാന്‍ ഉദ്ദേശിക്കുന്ന യാത്ര ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് വഴി ജമ്മുകശ്‌മീരില്‍ അവസാനിക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ഗുജറാത്ത് - ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ്, പാര്‍ലമെന്‍റ് സമ്മേളനം എന്നിങ്ങനെ നിരവധി സംഭവവികാസങ്ങള്‍ നടക്കവെ എട്ടുസംസ്ഥാനങ്ങളാണ് യാത്ര പിന്നിട്ടത്. മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, നാവിക സേനയുടെ മുൻ ചീഫ് അഡ്‌മിറല്‍ എല്‍ രാംദാസ്, സിനിമ രംഗത്ത് നിന്നും പൂജ ബട്ട്, റിയ സെൻ, സ്വര ഭാസ്‌കർ, അമോല്‍ പലേക്കർ, കമല്‍ ഹാസന്‍ തുടങ്ങിയ പ്രമുഖരും പുറമെ കുട്ടികളും വയോധികരും തൊഴിലാളികളുമടക്കം സാധാരണക്കാരും രാഹുലിനൊപ്പം യാത്രയുടെ ഭാഗമായത് ശ്രദ്ധേയമായി.
പോപ്പുലർ ഫ്രണ്ടിനെ വെട്ടി കേന്ദ്രം:പ്രൊഫ. ടിജെ ജോസഫിന്‍റെ കൈപ്പത്തി വെട്ടിയത്, സഞ്ജിത്, അഭിമന്യു, നന്ദു തുടങ്ങിയവരുടെ കൊലപാതകത്തില്‍ പങ്ക്, രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ ഉന്നയിച്ച് സെപ്‌റ്റംബര്‍ 28നാണ് പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ തുടങ്ങിയ പിഎഫ്‌ഐയ്‌ക്ക് കീഴിലുള്ള മുഴുവന്‍ സംഘടനകള്‍ക്കും യുഎപിഎ മൂന്നാം വകുപ്പ് പ്രകാരം നിരോധനം ബാധകെന്ന് കേന്ദ്രം വ്യക്തമാക്കി. ‘ഓപ്പറേഷൻ ഒക്ടോപസ്’ എന്ന പേരിൽ പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫിസുകളിലും നേതാക്കളുടെ വസതികളിലും കേന്ദ്ര ഏജൻസികള്‍ റെയ്‌ഡ് നടത്തിയതിനെ തുടര്‍ന്ന് ഇതിനെതിരെ പിഎഫ്ഐ ഹർത്താല്‍ പ്രഖ്യാപിച്ചു. ഈ ഹര്‍ത്താലില്‍ കേരളത്തിൽ വ്യാപക അക്രമുണ്ടായതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിരോധം ഏര്‍പ്പെടുത്തിയത്.
3. അതിജീവന കരുത്തുകാട്ടി 2022
കൊവിഡിനെ അതിജീവിച്ച വര്‍ഷം:രണ്ടുവര്‍ഷം നീണ്ട കൊവിഡ് മഹാമാരി വ്യാപനത്തിന് അയവുവന്ന വര്‍ഷമാണിത്. മാസ്‌ക്, കൈയുറ, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ ഒരുപാട് നിയന്ത്രണങ്ങള്‍ക്കുള്ളില്‍ ജീവിച്ച മനുഷ്യര്‍ക്ക് അതില്‍ നിന്നൊക്കെ ആശ്വാസം കണ്ടെത്താനായ വര്‍ഷം. മഹാമാരിയ്‌ക്കെതിരായ പ്രതിവിധി എന്ന നിലയ്‌ക്ക് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ച് കൊവിഡിനൊപ്പം അതിജീവിക്കുക എന്ന നയമാണ് രാജ്യം സ്വീകരിച്ചത്. കൊവിഡ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്തതിന്‍റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ നീക്കുകയും പഴയപടിയിലേക്ക് രാജ്യം നീങ്ങുകയും ചെയ്‌തത് ഈ വര്‍ഷത്തിന്‍റെ തുടക്കത്തിലാണ്.
ഇന്ത്യയുടെ അതിജീവന കുതിപ്പിന് യുഎയുമായി കരാര്‍:സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും മോചനമില്ലാതെ മുന്നോട്ടുപോവുന്ന രാജ്യമാണ് ഇന്ത്യ. ഈയൊരു അവസ്ഥ നിലനില്‍ക്കുന്ന രാജ്യത്തിന് അതീവനക്കുതിപ്പേകാന്‍ ശക്തി നല്‍കുന്ന, ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ മെയ് ഒന്നിന് പ്രാബല്യത്തിലായി. വിവിധ മേഖലകളില്‍ വ്യാപാര കരാര്‍ അടക്കമുള്ളവയും നിക്ഷേപ സാധ്യതകളും ശക്തിപ്പെടുത്തുന്നതാണ് ഈ കരാര്‍. കാര്‍ഷിക - ഉത്‌പന്നങ്ങള്‍ എന്നുതുടങ്ങിയ നിരവധി കാര്യങ്ങളില്‍ ഇരുരാജ്യങ്ങളുടെ കയറ്റുമതി ഇളുവുകള്‍ കൊണ്ടുവരാനും ധാരണയായി.
മാനവിക വികസന സൂചികയില്‍ അതിജീവനമില്ലാതെ രാജ്യം:ഒരു രാജ്യത്തിന്‍റെ സമഗ്രവികസനം സൂചിപ്പിക്കുന്നതാണ് മാനവിക വികസന സൂചിക. ഐക്യരാഷ്‌ട്ര സംഘടനയുടെ വികസന പദ്ധതി അനുസരിച്ചുള്ള മാനവ വികസന സൂചികയിൽ 191 രാജ്യങ്ങളിൽ ഒരു പടികൂടി താഴ്‌ന്ന ഇന്ത്യ 132ാമതെത്തി. 2021ല്‍ 131ാം സ്ഥാനത്തായിരുന്ന രാജ്യമാണ് ഈ വര്‍ഷം വീണ്ടും പിന്നാക്കം പോയത്. ഒരു രാജ്യത്തിന്‍റെ സമഗ്രവികസനം സൂചിപ്പിക്കുന്ന അളവുകോലാണ് മാനവ വികസന സൂചിക, ദേശീയ വരുമാനം, ആളോഹരി വരുമാനം, ജനപ്പെരുപ്പം, തൊഴിലവസരങ്ങൾ, ജീവിതനിലവാരം, ക്രമസമാധാന നില, സാക്ഷരത തുടങ്ങിയ പരിഗണിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. വികസനത്തിന്‍റെ മാനദണ്ഡമായി ലോകമെമ്പാടും കണക്കാക്കുന്ന ഈ റിപ്പോര്‍ട്ടില്‍ ഇന്ത്യ ബംഗ്ലാദേശിനും ഭൂട്ടാനും പിന്നിലാണ്. നിരവധി കാര്യങ്ങളില്‍ അതിജീവിക്കാനായെങ്കിലും മാനവിക വികസന സൂചികയില്‍ പിന്നാക്കം പോയത്, രാജ്യം ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നത് വിളിച്ചോതുന്നതായി.
5ജി കുതിപ്പില്‍ രാജ്യം:ഒക്‌ടോബര്‍ ഒന്നിന് നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസ് വേദിയിൽ പ്രധാനമന്ത്രി രാജ്യത്ത് 5ജി സേവനങ്ങൾക്ക് തുടക്കം കുറിച്ചു. ഉയര്‍ന്ന മള്‍ട്ടി - ജിബിപിഎസ് പീക്ക് ഡാറ്റ സ്‌പീഡ്, കൂടുതല്‍ വിശ്വാസ്യത, നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി, ലഭ്യത, എന്നിവ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്ന അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്കാണ് 5ജി. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വാരാണസി, സിലിഗുരി എന്നീ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഒന്നാം തിയതി തന്നെ എയര്‍ട്ടെലിന്‍റെ 5ജി സേവനങ്ങള്‍ ലഭ്യമായി. റിലയന്‍സ് ജിയോ ദീപാവലി ദിനത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ 5ജി ആരംഭിച്ചു.
രാജ്യത്തിന് അഭിമാനമായി സൗരോർജ ഗ്രാമം:രാജ്യത്ത് പൂർണസമയം സൗരോർജം ലഭ്യമാകുന്ന ആദ്യ ഗ്രാമമായി ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊധേര മാറി. ഒക്‌ടോബര്‍ ഒന്‍പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗ്രാമത്തിലെ വീടുകളില്‍ ആയിരത്തോളം സോളാര്‍ പാനലുകളാണ് സ്ഥാപിച്ചത്. മുഴുവന്‍ സമയവും ഗ്രാമവാസികള്‍ക്കായി ഇവ വൈദ്യുതി ഉത്‌പാദിപ്പിക്കും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് 'ഗെലോട്ടിന്‍റെ അട്ടിമറി' അതിജീവിച്ച് രാജസ്ഥാന്‍ ഭരണം:കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മുന്നോട്ടുവയ്ക്കാൻ പാർട്ടി നീക്കം നടത്തിയിരുന്നു. എന്നാൽ, സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനാണ് അടുത്ത തീരുമാനമെന്ന് വന്നതോടെ അശോക് ഗെലോട്ടിനെ പിന്തുണച്ച്, രാജിഭീഷണി മുഴക്കി കോൺഗ്രസ് എംഎൽഎമാർ തന്നെ ഭരണ അട്ടിമറി നടത്താൻ കോപ്പുകൂട്ടി. സെപ്റ്റംബർ 22ന് മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് ഗെലോട്ട് ഉറച്ചുപറഞ്ഞതോടെ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയെ മത്സരിപ്പിക്കാന്‍ കോൺഗ്രസ് തീരുമാനിച്ചത്. കോൺഗ്രസിന് 107 എംഎൽഎമാരുള്ള രാജസ്ഥാൻ നിയമസഭയിൽ, പാർട്ടിയിലെ 90 പേരുടെ പിന്തുണ ഗെലോട്ടിനൊപ്പമായിരുന്നു. അതേസമയം പൈലറ്റിനൊപ്പം 18 എംഎൽഎമാർ മാത്രമാണുണ്ടായിരുന്നത്. ബിജെപിയിൽ ചേരാൻ പോയ പൈലറ്റിനെ ഒരു കാരണവശാലും പിന്തുണയ്‌ക്കില്ലെന്ന നിലപാട് ഗെലോട്ട് തറപ്പിച്ചുപറഞ്ഞതോടെ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ സംഘടനാപ്രശ്‌നങ്ങള്‍ ഒഴിവാക്കാൻ കൂടിയായിരുന്നു പാർട്ടി നിലപാടിൽ അയവുവരുത്തിയത്. സോണിയ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും വിശ്വസ്‌തന്‍ കൂടിയായ ഗെലോട്ടിൽ നിന്നുള്ള പ്രഹരത്തിൽ അതൃപ്‌തി അറിയിച്ചുകൊണ്ട് കൂടിയാണ് 'ഹൈക്കമാന്‍ഡ്' അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത് പരിഗണിക്കാതിരുന്നത്.