ഇസ്‌ലാമാബാദ്: തിഹാര്‍ ജയിലിലുള്ള കശ്‌മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്‍റെ ഭാര്യ മുഷാല്‍ ഹുസൈന്‍ മാലിക് പാകിസ്ഥാന്‍ കാവല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേശക നിരയില്‍. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുമ്പായി സ്ഥാനമേറ്റ കാവല്‍ പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കറിന്‍റെ അഞ്ചുപേരടങ്ങുന്ന പ്രത്യേക ഉപദേശക സംഘത്തിലാണ് മുഷാല്‍ ഹുസൈന്‍ മാലിക് ഇടംപിടിച്ചത്. അതേസമയം ജനറല്‍ ഇലക്ഷന്‍ വരുന്നത് പരിഗണിച്ച് വ്യാഴാഴ്‌ച (17.08.2023) രാത്രിയാണ് പാകിസ്ഥാന്‍ രാഷ്‌ട്രപതിയുടെ വസതിയായ ഐവന്‍ ഇ സദറില്‍ വച്ച് രാഷ്‌ട്രപതി ആരിഫ് അല്‍വിയില്‍ നിന്നും സത്യവാചകം ഏറ്റുചൊല്ലി 19 അംഗ കാവല്‍ മന്ത്രിസഭ സ്ഥാനമേറ്റെടുക്കുന്നത്.
ജോലി ഇങ്ങനെ:കാവല്‍ പ്രധാനമന്ത്രിയായ അന്‍വാറുല്‍ ഹഖ് കാക്കറിന് മനുഷ്യാവകാശം, സ്‌ത്രീ ശാക്തീകരണം എന്നീ വിഷയങ്ങളിലുള്ള പ്രത്യേക ഉപദേഷ്‌ടാവായാണ് പാകിസ്ഥാന്‍ പൗരയായ മുഷാല്‍ ഹുസൈന്‍ മാലിക്കിനെ പരിഗണിച്ചിട്ടുള്ളത്. സഹമന്ത്രിയെക്കാള്‍ താഴ്‌ന്ന പദവിയാണ് ഇതെങ്കിലും, പ്രസക്‌ത വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് നിയമസഹായം ലഭ്യമാക്കലാണ് ഇവരില്‍ നിക്ഷിപ്‌തമായിട്ടുള്ള ജോലി.
ഉപദേശകരായി ഇവരും:വിദേശകാര്യങ്ങളില്‍ ജവാദ് സൊഹ്‌റബ് മാലിക്, സമുദ്ര സംബന്ധമായ വിഷയങ്ങളില്‍ റിട്ടയേര്‍ഡ് വൈസ് അഡ്‌മിറല്‍ ഇഫ്‌തിഖര്‍ റാവു, ടൂറിസം വിഷയങ്ങളില്‍ ടിവി അവതാരകനും എഴുത്തുകാരനുമായ വാസിഹ് ഷാ, ഫെഡറല്‍ വിദ്യാഭ്യാസവും പ്രൊഫഷണല്‍ പരിശീലനം തുടങ്ങിയവയില്‍ സയീദ ആരിഫ സെഹ്‌റ എന്നിവരാണ് കാവല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേശക സംഘത്തിലുള്ള മറ്റുള്ളവര്‍.
കണ്ടുമുട്ടലും വിവാഹവും: ജമ്മു കശ്‌മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) തലവനായിരുന്ന യാസിൻ മാലിക് 2005ല്‍ പാകിസ്ഥാന്‍ യാത്രയ്‌ക്കിടെയാണ് പാകിസ്ഥാനി കലാകാരിയായ മുഷാല്‍ ഹുസൈന്‍ മാലികിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് 2009ൽ റാവൽപിണ്ടിയിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. നിലവില്‍ മുഷാലും മകളും ഇസ്‌ലാമാബാദിലാണ് താമസിക്കുന്നത്. 1985ൽ ജനിച്ച മുഷാൽ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
ആരാണ് യാസിന്‍ മാലിക്:1966ല്‍ ജനിച്ച യാസിന്‍ മാലിക് യുവത്വം മുതല്‍ സ്വതന്ത്ര കശ്‌മീര്‍ വാദം മുന്നോട്ടുവയ്ക്കുകയും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയും ഇത്തരം സംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്‌തുവന്നിരുന്നു. ഇതിന്‍റെ ഭാഗമായി ജമ്മു കശ്‌മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) സംഘടനയുടെ നേതാവായ മാലിക്, കശ്‌മീര്‍ വാലിയില്‍ വിഘടനവാദ സായുധ ആക്രമണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്നാല്‍ 1994 ൽ മാലിക് അക്രമ മാര്‍ഗം ഉപേക്ഷിക്കുകയും കശ്‌മീരില്‍ സംഘർഷം പരിഹരിക്കാൻ സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കാന്‍ തയ്യാറാവുകയുമുണ്ടായി. പക്ഷെ ഇതിനിടെ താന്‍ മുമ്പ് ചെയ്‌ത ചില വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ മാലിക് അറസ്റ്റ് ചെയ്യപ്പെടുകയും, ഈ കേസിന്‍റെ ഭാഗമായി ക്രിമിനൽ ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ മാലിക് സമ്മതിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുകയായിരുന്നു.
കുറ്റവും ശിക്ഷയും: തീവ്രവാദ ഫണ്ടിങ് കേസില്‍ യാസിന്‍ മാലിക്കിനെ അടുത്തിടെ ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതി ജീവപര്യന്തം കഠിന തടവ് ശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. മാത്രമല്ല നിലവില്‍ ഡൽഹിയിലെ തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന യാസിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തിരുന്നു.
കേസില്‍ യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് കോടതി 2022 മെയ് 19നാണ് വിധിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരുന്നു യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സ്പെഷ്യല്‍ എന്‍ഐഎ ജഡ്‌ജി പ്രവീണ്‍ സിങായിരുന്നു യാസിന്‍ മാലിക്കിന് ശിക്ഷ വിധിച്ചത്.