ന്യൂഡല്‍ഹി :പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത രാഷ്‌ട്രപതി സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയെ തെരഞ്ഞെടുത്തു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐകകണ്ഠേനയാണ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ സിന്‍ഹയുടെ പേരിന് അംഗീകാരം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് അറിയിച്ചു. രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള നിർദേശം പശ്‌ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധി തള്ളിയതോടെയാണ് യശ്വന്ത് സിൻഹയുടെ പേര് പരിഗണിച്ചത്.
യശ്വന്ത് സിന്‍ഹ പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി ; തീരുമാനം ഐകകണ്ഠേനയെന്ന് ജയറാം രമേഷ് - presidential poll candidate for joint oppn
രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള നിർദേശം പശ്‌ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധി തള്ളിയിരുന്നു
'സുദീർഘവും വിശിഷ്‌ടവുമായ പൊതുജീവിതത്തിൽ, ശ്രീ യശ്വന്ത് സിൻഹ വിവിധ തലങ്ങളിൽ രാജ്യത്തെ സേവിച്ചിട്ടുണ്ട്. സമർഥനായ ഭരണാധികാരി, പ്രഗത്ഭനായ പാർലമെന്റേറിയൻ, കേന്ദ്ര ധനകാര്യ-വിദേശകാര്യ മന്ത്രി എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. രാജ്യത്തിന്‍റെ മതേതരവും ജനാധിപത്യപരവുമായ സ്വഭാവം ഉയർത്തിപ്പിടിക്കാൻ അദ്ദേഹം യോഗ്യനാണ്' - സ്ഥാനാര്‍ഥി നിര്‍ണയ ശേഷം പുറത്തിറക്കിയ പ്രസ്‌താവനയില്‍ ജയറാം രമേഷ് അഭിപ്രായപ്പെട്ടു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം വരും മാസങ്ങളിൽ കൂടുതൽ ദൃഢമാകുമെന്നും സംയുക്ത പ്രസ്താവന വായിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്‌ച ചേര്‍ന്ന യോഗത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ നിന്ന് പ്രാദേശിക പാര്‍ട്ടികളായ ടിആര്‍എസ്, ആം ആദ്‌മി, ശിരോമണി അകാലിദള്‍, ബിജു ജനതാദള്‍, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ വിട്ടുനിന്നു.