ന്യൂഡൽഹി:രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിർദേശ പത്രിക സമർപ്പിച്ച് പ്രതിപക്ഷ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാർ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ഒപ്പമുണ്ടായിരുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകനും ടി.ആർ.എസ് നേതാവുമായ കെ.ടി രാമറാവുവിന്‍റെ സാന്നിധ്യവും ശ്രദ്ധേയമായി.
അതേസമയം, രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കാതിരുന്ന ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രതിപക്ഷ സ്ഥാനാര്‍ഥിയെ അനുഗമിച്ചില്ല. രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ ചുമതലയുള്ള രാജ്യസഭ സെക്രട്ടറി ജനറൽ പി.സി മോദിക്ക് മുന്‍പാകെയാണ് സിൻഹ പത്രിക സമര്‍പ്പിച്ചത്. ശേഷം, പാർലമെന്‍റ് സമുച്ചയ പരിസരത്തെ മഹാത്മാഗാന്ധി, ബി.ആർ അംബേദ്‌കര്‍ പ്രതിമകള്‍ക്ക് മുന്‍പാകെ സിൻഹ പുഷ്‌പാർച്ചന നടത്തി.