ന്യൂഡല്‍ഹി:യമുന നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായ രാജ്യതലസ്ഥാനത്തെ റോഡുകള്‍ ജലനിരപ്പ് കുറഞ്ഞതോടെ ഗതാഗതത്തിന് തുറന്നുകൊടുത്തു. എന്നാല്‍, കനത്ത മഴയില്‍ ഡല്‍ഹിയിലെ നിരവധി റോഡുകളില്‍ വീണ്ടും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇതിനിടെ രാജ്യതലസ്ഥാനത്തെ വെള്ളപ്പൊക്കത്തില്‍ ഭരണകക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയും കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും പരസ്‌പരം ആരോപണങ്ങളും ആരംഭിച്ചിട്ടുണ്ട്.
പരസ്‌പരം പഴിചാരി: കേന്ദ്രത്തിന്‍റെയും ഹരിയാന സർക്കാരിന്‍റെയും ഗൂഢാലോചനയാണ് ഡല്‍ഹിയെ വെള്ളപ്പൊക്കത്തിന് വിട്ടുകൊടുത്തതെന്നായിരുന്നു ആം ആദ്‌മി പാര്‍ട്ടിയുടെ വിമര്‍ശനം. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്‍റെ നിഷ്‌ക്രിയത്വവും അഴിമതിയുമാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്നായിരുന്നു ബിജെപിയുടെ മറുപടി.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രവും ഹരിയാന സർക്കാരും മനപൂർവം വെള്ളം തുറന്നുവിട്ടതാണ് ഡല്‍ഹിയിലെ വെള്ളപ്പൊക്കത്തിന് കാരണമാണെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഡൽഹിയിൽ മഴ പെയ്‌തിട്ടില്ലെന്നും എന്നിട്ടും യമുനയിലെ ജലനിരപ്പ് എങ്ങനെ 208.66 മീറ്ററിലെത്തിയെന്നും ഭരദ്വാജ് വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ഡല്‍ഹി നിലവില്‍ ഇങ്ങനെ:എന്നാല്‍, ശനിയാഴ്‌ച വീണ്ടും മഴ കനത്തതോടെ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടും നഗരത്തിൽ ഗതാഗതക്കുരുക്കുമുണ്ടായി. എന്നാല്‍, നഗരപ്രദേശങ്ങളിലെ മഴയുടെ അളവ് 34.6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്‌ന്നതായി കാലാവസ്ഥ വകുപ്പും അറിയിച്ചു. അതേസമയം പൊതുവെ മേഘാവൃതമായ ആകാശമായതിനാല്‍, ഞായറാഴ്‌ച നേരിയതോ ശക്തമായതോ ആയ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.