ന്യൂഡല്‍ഹി : 45 വര്‍ഷം മുമ്പുള്ള സര്‍വകാല റെക്കോര്‍ഡും മറികടന്ന് കുതിച്ചുയര്‍ന്ന യമുന നദിയിലെ ജലനിരപ്പ് 208.25 മീറ്ററായി താഴ്‌ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്തെ പല പ്രധാന പ്രദേശങ്ങളെയും വെള്ളത്തിനടിയിലാക്കിയ ജലനിരപ്പ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് നേരിയ തോതില്‍ താഴ്‌ന്നത്. അതേസമയം യമുന നദിയില്‍ നിന്ന് കരകവിഞ്ഞൊഴുകുന്ന പ്രളയജലം സുപ്രീംകോടതിയുടെ കവാടത്തിലുമെത്തി.
വെള്ളിയാഴ്‌ച പകലോടെ സെൻട്രൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വെള്ളം കയറിത്തുടങ്ങിയതോടെ തിരക്കേറിയ ഐടിഒ ഇടവഴികളിലും രാജ്ഘട്ടിലും വെള്ളമെത്തി. ഡൽഹി ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റിന് കീഴിലുള്ള റഗുലേറ്ററിന്‍റെ കേടുപാടുകളാണ് പ്രളയത്തിലേക്ക് വഴിതുറന്നതെന്ന ആരോപണം കനത്തതോടെ ഡല്‍ഹി സര്‍ക്കാര്‍ അത് പരിഹരിക്കാന്‍ ആവശ്യമായ നടപടികളുമെടുത്ത് തുടങ്ങിയിരുന്നു.
ജലനിരപ്പിലെ കുറവ് ഇങ്ങനെ: മൂന്ന് മണിക്കൂറോളം സ്ഥിരതയിലായിരുന്ന യമുന നദിയിലെ ജലനിരപ്പ് വ്യാഴാഴ്‌ച പതുക്കെ ഉയര്‍ന്നിരുന്നു. അപകട സൂചികയിലും മുകളിലായിരുന്ന 205.33 മീറ്ററില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയര്‍ന്ന് രാത്രി ഏഴുമണിയാകുമ്പോഴേക്കും ജലനിരപ്പ് 208.66 മീറ്ററില്‍ എത്തിയിരുന്നു. സെൻട്രൽ വാട്ടർ കമ്മിഷന്‍റെ (CWC) വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളനുസരിച്ച്, വെള്ളിയാഴ്‌ചയുടെ തുടക്കത്തില്‍ ഇത് 208.57 മീറ്ററായി നേരിയ തോതില്‍ താഴ്‌ന്നു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഇത് 208.48 മീറ്ററായി വീണ്ടും കുറഞ്ഞു. പിന്നീട് കാലത്ത് എട്ടുമണിക്ക് 208.42 മീറ്ററും, 10 മണിക്ക് 208.38 മീറ്ററും, 11 മണിക്ക് 208.35 മീറ്ററുമായും കുറഞ്ഞു. ജലനിരപ്പ് ഉച്ചയ്ക്ക് ഒരു മണിയോടെ 208.27 മീറ്ററായും മൂന്ന് മണിക്ക് 208.25 മീറ്ററായും നാല് മണിക്ക് 208.23 മീറ്ററായും താഴ്‌ന്നു.