ഡല്‍ഹി :യമുന നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ രാജ്യതലസ്ഥാനം വെള്ളത്തിനടിയില്‍. ഇതുവരെയുള്ള ഉയര്‍ന്ന നിലയായ 207.49 മീറ്ററും മറികടന്ന് നിലവില്‍ 207.57 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ഇതിന് മുമ്പ് 1978 ലെ വെള്ളപ്പൊക്കത്തിൽ നദിയിലെ ജലനിരപ്പ് 207.49 മീറ്ററിലെത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
ബുധനാഴ്‌ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഓള്‍ഡ് റെയില്‍വേ ബ്രിഡ്‌ജിന് സമീപത്തെ ജലനിരപ്പ് 207 മീറ്റര്‍ മറികടന്നതായി സെൻട്രൽ വാട്ടർ കമ്മിഷന്‍റെ (സിഡബ്ല്യുസി) വെള്ളപ്പൊക്ക നിരീക്ഷണ പോർട്ടല്‍ രേഖപ്പെടുത്തിയത്. പകല്‍ എട്ട് മണിയോടെ ഇത് 207.25 മീറ്റര്‍ എത്തിയതായി ഉദ്യോഗസ്ഥരുടെ അറിയിപ്പെത്തി. അധികം വൈകാതെ തന്നെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡിലെത്തി.
അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി : യമുന നദിയുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയാണ് നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇനിയും ഇത് ഉയരുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതോടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. മണ്‍സൂണ്‍ തീവ്രത മൂലമാണ് നദിയിലെ ജലനിരപ്പ് ഉയരുന്നതെന്നും ഇതുമൂലമുണ്ടാകുന്ന ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.
മാറ്റിപ്പാര്‍പ്പിക്കല്‍ ഇങ്ങനെ : ഞായറാഴ്ച രാവിലെ 11ന് 203.14 മീറ്ററായിരുന്നു നദിയിലെ ജലനിരപ്പെങ്കില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ഇത് 205.4 ആയി ഉയർന്നു. പ്രതീക്ഷിച്ചിരുന്നതിലും 18 മണിക്കൂർ മുമ്പേ നദിയിലെ ജലനിരപ്പ് 205.33 മീറ്റർ എന്ന അപകടനിലയില്‍ എത്തുകയും രാത്രിയോടെ ജലനിരപ്പ് 206 മീറ്ററിൽ കൂടുതലാവുകയും ചെയ്‌തു. ജലനിരപ്പ് അപകടമായ രീതിയില്‍ ഉയര്‍ന്നതോടെ ദേശീയ തലസ്ഥാനത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായി.