ന്യൂഡൽഹി: ഓക്സിജൻ വിതരണവുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളെ പോലെ ഡൽഹിയെ എന്തുകൊണ്ടാണ് പരിഗണിക്കുന്നില്ല എന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. ദേശീയ തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ ഓക്സിജൻ വിതരണം ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ചോദ്യം ഉന്നയിച്ചത്.
മധ്യപ്രദേശ് 440 മെട്രിക് ടൺ ആവശ്യപ്പെട്ടിട്ടും 545 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ലഭിച്ചു. 1500 മെട്രിക് ടൺ ആവശ്യപ്പെട്ട മഹാരാഷ്ട്രയ്ക്ക് 1616 മെട്രിക് ടൺ മെഡിക്കൽ ഓക്സിജൻ ലഭിച്ചതായും അമിക്കസ് രാജശേഖർ റാവു കോടതിയെ അറിയിച്ചു. ഡൽഹി സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് രാഹുൽ മെഹ്‌റ മറ്റ് സംസ്ഥാനങ്ങൾക്ക് അവർ പ്രതീക്ഷിച്ചതിനെക്കാൾ 2-3 ശതമാനം കൂടുതൽ ഓക്സിജൻ ലഭിച്ചതായി അറിയിച്ചു.
READ MORE:ഡല്‍ഹിയില്‍ കൊവിഡ് പോസ്റ്റിവിറ്റി നിരക്കില്‍ ഇടിവ്: ശുഭ സൂചനയെന്ന് സത്യേന്ദ്ര ജെയിന്‍
ഇത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കേന്ദ്രത്തിൽ നിന്ന് നിർദ്ദേശങ്ങൾ ശേഖരിച്ച് ഓക്സിജൻ വിതരണം സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഓക്സിജൻ വിതരണത്തിലെ കേന്ദ്രത്തിന്‍റെ ദയനീയ പരാജയം ഡൽഹി സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു.
READ MORE:ഡൽഹിയിൽ 15,377 പേർ കൊവിഡ് ബാധിച്ച് മരിച്ചു
ദേശീയ തലസ്ഥാനത്ത് പ്രഷർ സ്വിംഗ് അഡോർപ്‌ഷൻ (പിഎസ്എ) പ്ലാന്‍റുകൾ എത്രയും വേഗം സ്ഥാപിക്കാൻ കോടതി നിർദ്ദേശിച്ചു. എട്ട് പ്രഷർ സ്വിംഗ് അഡോർപ്‌ഷൻ പ്ലാന്‍റുകളിൽ രണ്ട് എണ്ണം പ്രവർത്തന സജ്ജമാണെന്നും ബാക്കിയുള്ളവ ഉടനെ തന്നെ പ്രവർത്തന സജ്ജമാക്കുമെന്നും രാഹുൽ മെഹ്‌റ കോടതിയെ അറിയിച്ചു.
അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 15,000 കിടക്കകൾ വർദ്ധിപ്പിക്കുകയാണെന്നും അതിനായി 280 മെട്രിക് ടൺ ഓക്സിജൻ ആവശ്യമാണെന്നും രാഹുൽ മെഹ്‌റ ഹൈക്കോടതിയെ അറിയിച്ചു. മൊത്തം 704 മെട്രിക് ടൺ ഓക്സിജന്‍റെ ആവശ്യം ഡൽഹിയിലുണ്ടെന്നും മെഹ്‌റ പറഞ്ഞു.