ഗോണ്ട (ഉത്തർപ്രദേശ്) : റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് സംഘം തിങ്കളാഴ്‌ച 14 പേരുടെ മൊഴി രേഖപ്പെടുത്തി. ഗോണ്ട ജില്ലയിലെ ബിഷ്ണോഹർപൂരിലുള്ള ബ്രിജ് ഭൂഷൺ സിംഗിന്‍റെ വസതിയിലെത്തിയാണ് പൊലീസ് സംഘം ബ്രിജ് ഭൂഷണിന്‍റെ കുടുംബാംഗങ്ങളുടെയും സുരക്ഷ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തിയത്.
മൂന്ന് മണിക്കൂറോളമാണ് ഇവരെ സംഘം ചോദ്യം ചെയ്‌തത്. മൊഴി രേഖപ്പെടുത്തിയവരുടെ ആധാർ കാർഡുകളുടെ പകർപ്പും ഡൽഹി പൊലീസ് ശേഖരിച്ചു. ഡൽഹി പൊലീസ് സംഘം ബ്രിജ് ഭൂഷണിന്‍റെ വീട് സന്ദർശിച്ചതായും അദ്ദേഹത്തിന്‍റെ ജീവനക്കാർ ഉൾപ്പെടെ 14 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ബ്രിജ് ഭൂഷൺ സിങ്ങിന്‍റെ പ്രതിനിധി സഞ്ജീവ് സിങും സ്ഥിരീകരിച്ചു.
ഇത് നിയമപരമായ നടപടിയാണെന്നും ബ്രിജ് ഭൂഷൺ സിങ് അന്വേഷണവുമായി സഹകരിക്കുകയാണെന്നും സഞ്ജീവ് സിങ് അറിയിച്ചു. കൂടാതെ ഗുസ്‌തി പരിശീലന കേന്ദ്രവും ഗുസ്‌തി ടൂർണമെന്‍റുകൾ നടക്കുന്ന സ്ഥലങ്ങളും താരങ്ങൾ താമസിക്കുന്ന സ്ഥലങ്ങളും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സന്ദർശിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ഡൽഹി പൊലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലേക്ക് മടങ്ങി.
കേസുമായി ബന്ധപ്പെട്ട് എസ്ഐടി ഇതുവരെ 137 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിൽ നിന്ന് രണ്ട് തവണ മൊഴി രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ഏപ്രിൽ 28ന് കോണാട്ട് പ്ലെസ് പൊലീസ് സ്റ്റേഷനിൽ ബ്രിജ് ഭൂഷൺ സിങിനെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തത്.