ന്യൂഡല്‍ഹി: ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്കായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂറിനെ സന്ദര്‍ശിച്ച് ഗുസ്‌തി താരങ്ങളും കര്‍ഷക നേതാവും. ഗുസ്‌തി താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക്, ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് രാകേഷ് ടിക്കായത്ത് എന്നിവര്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്‍റെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുള്‍പ്പടെ 12 ഓളം വനിത ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന താരങ്ങളെ രണ്ടാംവട്ട ചര്‍ച്ചക്കായി ക്ഷണിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
നിര്‍ദേശങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങില്ല:ഇന്നലെ അര്‍ധരാത്രിയോടെയാണ് കായിക മന്ത്രി താരങ്ങളുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ബ്രിജ് ഭൂഷൺ സിങിനെതിരെയുള്ള നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സർക്കാരിൽ നിന്നുമുള്ള നിർദേശത്തിൽ സമവായത്തിലെത്തിയ ശേഷം മാത്രമേ ഗുസ്‌തി താരങ്ങള്‍ അനുരാഗ് താക്കൂറിനെ കാണുകയുള്ളു എന്നായിരുന്നു ഇതിനോട് സാക്ഷി മാലിക്കിന്‍റെ പ്രതികരണം. സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന നിര്‍ദേശം മുതിര്‍ന്നവരും അനുഭാവികളുമൊത്ത് തങ്ങള്‍ ചര്‍ച്ച ചെയ്യും. നിര്‍ദേശം ശരിയാണെന്ന് എല്ലാവരും സമ്മതം നൽകിയാൽ മാത്രമേ ഞങ്ങൾ സമ്മതിക്കുകയുള്ളു. സർക്കാർ പറയുന്നത് എന്തും സമ്മതിച്ച് തങ്ങള്‍ പ്രതിഷേധം അവസാനിപ്പിക്കുമെന്നത് നടക്കാന്‍ പോവുന്നില്ലെന്നും സാക്ഷി മാലിക്ക് പറഞ്ഞു. ചര്‍ച്ചക്കായി ഇതുവരെ സമയം തീരുമാനിച്ചിട്ടില്ലെന്നും സാക്ഷി വ്യക്തമാക്കി.