ലഖ്‌നൗ (ഉത്തര്‍ പ്രദേശ്) :ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അഞ്ച് ദിവസം സമയം അനുവദിച്ചതിന് പിന്നാലെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ് നരേഷ് ടികായത്തുമായി കൂടിക്കാഴ്‌ച നടത്തി ഗുസ്‌തി താരങ്ങള്‍. ഇന്നലെ രാത്രിയാണ് ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങള്‍ വസതിയിലെത്തി ടികായത്തുമായി കൂടിക്കാഴ്‌ച നടത്തിയത്. സമരവും അതിനോടനുബന്ധിച്ച ഭാവി പ്രവര്‍ത്തനങ്ങളുമായിരുന്നു ചര്‍ച്ച ചെയ്‌തത്.
ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടും ബ്രിജ് ഭൂഷണെതിരെ നടപടി എടുക്കാതെ വന്നതോടെ ഗുസ്‌തി താരങ്ങള്‍ തങ്ങളുടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായി താരങ്ങള്‍ ഹരിദ്വാറില്‍ ഹര്‍ കി പൗരിയില്‍ എത്തി. എന്നാല്‍ കര്‍ഷകര്‍ ഗുസ്‌തി താരങ്ങളെ തടയുകയും ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്‌തതോടെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്ന് താരങ്ങള്‍ പിന്‍മാറുകയായിരുന്നു.
വിഷയത്തില്‍ പരിഹാരം കാണാന്‍ അഞ്ച് ദിവസം സമയം അനുവദിക്കണമെന്ന് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുടെ നിര്‍ദേശം സ്വീകരിച്ച ഗുസ്‌തി താരങ്ങള്‍ അഞ്ച് ദിവസത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ചതായും അറിയിച്ചു. ഇതിന് പിന്നാലെയാണ് ടികായത്തുമായി താരങ്ങളുടെ കൂടിക്കാഴ്‌ച.
അതേസമയം ഇന്ത്യ ഗേറ്റില്‍ നിരാഹാര സമരം നടത്തുമെന്ന് ഗുസ്‌തി താരങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചു. ഇന്ത്യ ഗേറ്റില്‍ പ്രതിഷേധം നടത്താന്‍ ഗുസ്‌തി താരങ്ങളെ അനുവദിക്കില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് ബദല്‍ സ്ഥലം നിര്‍ദേശിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏഴ് വനിത താരങ്ങള്‍ക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പടെ ഏഴ് വനിത താരങ്ങളോട് ലൈംഗിക അതിക്രമം നടത്തിയെന്നതാണ് റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) ബ്രിജ് ഭൂഷണെതിരെ ഗുസ്‌തി താരങ്ങള്‍ ഉന്നയിക്കുന്ന പരാതി. നടപടി ആവശ്യപ്പെട്ട് ബജ്‌റങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ജന്തര്‍ മന്തറില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മെയ് 19ന് പ്രതിഷേധത്തിന്‍റെ 25-ാം ദിവസം ജന്തര്‍ മന്തറില്‍ നിന്ന് ബംഗ്ലാ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.