ന്യൂഡൽഹി:ഗുസ്‌തി താരങ്ങളുടെ സമരത്തിൽ ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരാൻ കേന്ദ്ര സർക്കാർ.ലൈംഗികാരോപണം ഉന്നയിച്ച് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന ഇന്ത്യൻ ഗുസ്‌തി താരങ്ങളെ വീണ്ടും ചർച്ചയ്‌ക്ക് ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 'ഗുസ്‌തി താരങ്ങളുമായി അവരുടെ പ്രശ്‌നങ്ങളിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്. അതിനായി താരങ്ങളെ ഞാൻ ഒരിക്കൽ കൂടി ക്ഷണിച്ചു' -കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പില്‍ വ്യക്‌തമാക്കി.
അമിത് ഷായുമായി ചർച്ച: കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്‌തി താരങ്ങൾ ചർച്ച നടത്തിയിരുന്നു. ശനിയാഴ്‌ച (03.06.2023) രാത്രി 11 മണിയോടെയാണ് അമിത് ഷായുമായി താരങ്ങൾ കൂടിക്കാഴ്‌ച നടത്തിയത്. സീനിയർ താരങ്ങളായ ബജ്‌റങ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നവർ ഏകദേശം ഒരു മണിക്കൂറോളമാണ് അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തിയത്.
ഇതിന് പിന്നാലെ സാക്ഷി മാലിക് സമരത്തിൽ നിന്ന് പിൻമാറിയെന്നും റെയിൽവേ ജോലിയിൽ തിരികെ പ്രവേശിച്ചുമെന്നുമുള്ള തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് സാക്ഷി മാലിക് തന്നെ രംഗത്തെത്തി. താൻ തിരികെ ജോലിയിൽ പ്രവേശിച്ചെന്നും എന്നാൽ സമരത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും സാക്ഷി മാലിക് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് തങ്ങൾ പിന്നോട്ടില്ലെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. സത്യഗ്രഹം തുടരുന്നതിനൊപ്പം റെയില്‍വേ വകുപ്പിലെ ഉത്തരവാദിത്തം കൂടി നിര്‍വഹിക്കും. അതോടൊപ്പം തന്നെ നീതി ലഭിക്കും വരെ പോരാട്ടം തുടരുമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കുറിപ്പിലൂടെ അറിയിച്ചു.