ന്യൂഡല്‍ഹി : ലൈംഗിക പരാതി നേരിടുന്ന അഖിലേന്ത്യ റസ്‌ലിങ് ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്‌തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധത്തില്‍ പ്രതികരിച്ച് മുന്‍ ഗുസ്‌തി താരം ബബിത ഫോഗട്ട്. ഒളിമ്പ്യന്‍ സാക്ഷി മാലിക് കോണ്‍ഗ്രസിന്‍റെ കയ്യിലെ കളിപ്പാവയാണെന്ന് ആരോപിച്ചാണ് ബബിത ഫോഗട്ട് രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ബബിതയുടെ പ്രതികരണം.
ശനിയാഴ്‌ച (17.06.2023), ബ്രിജ് ഭൂഷണ്‍ വിഷയത്തില്‍ തങ്ങള്‍ നടത്തുന്ന പ്രതിഷേധത്തെ ചുറ്റിപ്പറ്റി പരക്കുന്ന തെറ്റായ വിവരങ്ങളില്‍ പ്രതികരിച്ചുകൊണ്ട് സാക്ഷി മാലിക്കും ഭര്‍ത്താവ് സത്യവ്രത് കാഡിയനും രംഗത്തുവന്നിരുന്നു. പ്രതിഷേധത്തിന്‍റെ ഉദ്ദേശം വിവരിച്ചുകൊണ്ട് ഗുസ്‌തി താരങ്ങളായ ദമ്പതികള്‍ ട്വിറ്ററില്‍ ഒരു വീഡിയോ പങ്കുവയ്‌ക്കുകയുണ്ടായി. 'ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം, സത്യം ഇതാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോയില്‍, തങ്ങളുടെ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമല്ല എന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
കൂടാതെ പ്രതിഷേധത്തിന് അനുമതി നേടിത്തന്നത് ബിജെപി അനുഭാവികളായ ബബിത ഫോഗട്ട്, തീരത് റാണ എന്നിവര്‍ ചേര്‍ന്നാണ് എന്നും വീഡിയോയില്‍ സത്യവ്രത് പറഞ്ഞു. 'ഞങ്ങളുടെ പ്രതിഷേധം രാഷ്‌ട്രീയ പ്രേരിതമല്ലെന്ന് വ്യക്തമാക്കട്ടെ. ജനുവരിയില്‍ ഞങ്ങള്‍ ജന്തര്‍ മന്തറില്‍ എത്തി. പ്രതിഷേധത്തിന് പൊലീസ് അനുമതി വേണമായിരുന്നു. ബിജെപിയുമായി ബന്ധമുള്ള ബബിത ഫോഗട്ടും തീരത് റാണയും ചേര്‍ന്നാണ് അനുമതി അപേക്ഷ തയ്യാറാക്കിയത്.
ഈ പ്രതിഷേധം കോണ്‍ഗ്രസിന്‍റെ പിന്തുണയില്‍ അല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫെഡറേഷനില്‍ പീഡനവും ഭീഷണിയും നടക്കുന്നുണ്ടെന്ന കാര്യം 90 ശതമാനം ആളുകള്‍ക്കും അറിയാം. ചിലര്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ആഗ്രഹിച്ചു. പക്ഷേ അന്ന് താരങ്ങള്‍ ഒന്നിച്ചില്ല' - സത്യവ്രത് പറഞ്ഞു.
പ്രതിഷേധത്തിന്‍റെ ആരംഭം മുതല്‍ സംഭവിച്ചതും നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ വിശദമാക്കി കൊണ്ടായിരുന്നു വീഡിയോ. പ്രതിഷേധത്തിന് പൊലീസ് അനുമതി തേടിക്കൊണ്ടുള്ള, ബബിത ഫോഗട്ടിന്‍റെയും തീരത് റാണയുടെയും പേരുവച്ച അപേക്ഷയും സാക്ഷിയും സത്യവ്രതും വീഡിയോയില്‍ പങ്കുവയ്‌ക്കുന്നുണ്ട്. ഇതിനെതിരെയാണ് നിലവില്‍ ബബിത ഫോഗട്ട് രംഗത്തുവന്നിരിക്കുന്നത്. സാക്ഷിയുടെ വീഡിയോ പങ്കിട്ടുകൊണ്ടാണ് ബബിത പ്രസ്‌താവന നടത്തിയിരിക്കുന്നത്.
'ഇന്നലെ എന്‍റെ അനുജത്തിയുടെയും അവളുടെ ഭർത്താവിന്‍റെയും വീഡിയോ കാണ്ടപ്പോള്‍ എനിക്ക് വളരെ സങ്കടവും ചിരിയും വന്നു. ആദ്യം തന്നെ അനുമതി പത്രത്തെ കുറിച്ച് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സഹോദരി കാണിച്ച പത്രത്തില്‍ എന്‍റെ ഒപ്പ് എവിടെയും ഉണ്ടായിരുന്നില്ല ' - ബബിത ഫോഗട്ട് ട്വിറ്ററില്‍ കുറിച്ചു.
'സഹോദരീ, നിങ്ങൾ ബദാം മാവിൽ ഉണ്ടാക്കിയ വിഭവം ആകും കഴിക്കുന്നത്, പക്ഷേ ഞാനും എന്‍റെ രാജ്യത്തെ ആളുകളും കഴിക്കുന്നത് ഗോതമ്പ് മാവുകൊണ്ട് ഉണ്ടാക്കിയ വിഭവമാണ്. എല്ലാവർക്കും മനസിലാകുന്നുണ്ട്. നിങ്ങൾ കോൺഗ്രസിന്‍റെ കയ്യിലെ കളിപ്പാവയായി മാറിയെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലായി. ഇപ്പോൾ നിങ്ങളുടെ യഥാർഥ ഉദ്ദേശം പറയേണ്ട സമയമായി, കാരണം ഇപ്പോൾ പൊതുജനങ്ങൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു' - ബബിത ട്വീറ്റിൽ പറഞ്ഞു.
നിരവധി വിമര്‍ശനങ്ങള്‍ക്കും നാടകീയ പ്രതികരണങ്ങള്‍ക്കും ഒടുവില്‍ ജൂണ്‍ 15ന് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ലൈംഗിക അതിക്രമം, പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷണെതിരെ രേഖപ്പെടുത്തിരിക്കുന്നത്. സെക്ഷൻ 354 (സ്‌ത്രീയുടെ എളിമയെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്‌തവ അറിയിച്ചിരുന്നു.