ന്യൂഡൽഹി: തലസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഇടിയുന്ന സാഹചര്യമാണെങ്കിലും കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് സർക്കാർ ആശങ്കാകുലരാണെന്നും മൂന്നാം തരംഗം നേരിടാനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിലെ ആശുപത്രികൾ കൊവിഡിനെ നേരിടാൻ സജ്ജമാണെന്നും എന്നാൽ മൂന്നാം തരംഗത്തിനായി കൂടുതൽ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
രണ്ടാം തരംഗത്തിനു മുന്നിൽ രാജ്യ തലസ്ഥാനം വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്. പ്രതിദിന കേസുകൾ 28000നു മേൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രികൾ പ്രാണവായുവും മരുന്നും കിട്ടാതെ വലഞ്ഞു. ശ്മശാനങ്ങൾ നിറഞ്ഞു കവിഞ്ഞു. മുഖ്യമന്ത്രി സഹായത്തിനായി കേണപേക്ഷിച്ചു.
എന്നാൽ രണ്ടാം തരംഗം ഉച്ചസ്ഥായിയിൽ നിന്ന സമയത്ത് ഏപ്രിൽ 19ന് കൊവിഡ് നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ തലസ്ഥാനത്തെ കൊവിഡ് കേസുകൾ ഫലപ്രദമായി നേരിടാൻ സഹായിച്ചു. കൊവിഡ് നിയന്ത്രണത്തിൽ വരികയും പോസിറ്റിവിറ്റി നിരക്ക് 0.5ശതമാനവുമായതോടെ ജൂൺ 7ന് അൺലോക്ക് പ്രക്രിയ ആരംഭിച്ചു.