ഗാന്ധിനഗര്‍: ഗോവധം അവസാനിപ്പിച്ചാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന വിചിത്ര നിരീക്ഷണവുമായി ഗുജറാത്ത് കോടതി. ചാണകം കൊണ്ട് നിർമിച്ച വീടുകളെ അണുവികിരണം വരെ ബാധിക്കില്ല. ഗോമൂത്രം, ഭേദമാക്കാൻ കഴിയാത്ത പല രോഗങ്ങളെയും സുഖപ്പെടുത്തുമെന്നും താപി ജില്ല സെഷൻസ് ജഡ്‌ജി സമീർ വിനോദ്‌ചന്ദ്ര വ്യാസ് അഭിപ്രായപ്പെട്ടു.
മഹാരാഷ്‌ട്രയിൽ നിന്ന് കശാപ്പിനായി അനധികൃതമായി കന്നുകാലികളെ കടത്തിയതിന് 22കാരന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ച ശേഷമാണ് ജഡ്‌ജിയുടെ വിചിത്ര നിരീക്ഷണം. ഗോവധം പൂർണമായി തടയാന്‍ കഴിഞ്ഞാല്‍ ലോകം ഒരു നല്ല സ്ഥലമായി മാറുമെന്നും ഒരു പ്രശ്‌നവും നേരിടേണ്ടി വരില്ലെന്നും കോടതി പറഞ്ഞു.
'പശു ഒരു മൃഗം മാത്രമല്ല..!':2020 ഓഗസ്റ്റ് 27ന് 16 പശുക്കളെയും പശുക്കിടാവുകളെയും ട്രക്കിൽ കയറ്റി കൊണ്ടുപോകവെയാണ് മുഹമ്മദ് അമീന്‍ എന്നയാള്‍ പിടിയിലായത്. നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ പിടികൂടിയത്. 'പശുവിനെ കൊല്ലുന്നത് അനുവദനീയമല്ല. പശു ഒരു മൃഗം മാത്രമല്ല, അമ്മ കൂടിയാണ്. പശുക്കൾ സന്തുഷ്‌ടരായിരിക്കുമ്പോൾ സമ്പത്തും സ്വത്തും ലഭിക്കും. അല്ലാത്തപ്പോള്‍ അതെല്ലാം നഷ്‌ടമാവും'- കോടതി വ്യക്തമാക്കി.
'പശുവിനെ മതപരമായിട്ടുമാത്രമല്ല ആളുകള്‍ കാണുന്നത്. സാമൂഹികവും സാമ്പത്തികവും ശാസ്‌ത്രീയവുമായ നേട്ടങ്ങള്‍ കൂടി പരിഗണിക്കുന്നുണ്ട്. പശുക്കളുടെ ആകെ സംഖ്യയില്‍ 75 ശതമാനവും നഷ്‌ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യം പരിശോധിച്ചാൽ വ്യക്തമാകും. ഇപ്പോൾ 25 ശതമാനം മാത്രമാണ് അവശേഷിക്കുന്നത്. പശുക്കളുടെ ചിത്രം വരയ്ക്കാൻ ആളുകൾ മറക്കുന്ന ഒരു കാലം വരും - ജഡ്‌ജി വിധി പ്രസ്‌താവന വേളയില്‍ പറഞ്ഞു.