ന്യൂഡല്‍ഹി: മുന്‍ സര്‍ക്കാറുകള്‍ അവഗണിച്ച പരമ്പരാഗത ചികിത്സാരീതികളിലൊന്നായ യുനാനിയെ കൈപിടിച്ചുയര്‍ത്തിയത് മോദി സര്‍ക്കാരെന്നറിയിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. 2014 ന് മുമ്പ് മുൻ സർക്കാരുകളുടെ ഭരണകാലത്ത് യുനാനിക്ക് ബജറ്റ് വിഹിതം കുറച്ച് അവഗണിക്കപ്പെട്ടപ്പോള്‍ 2014 ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യുനാനിക്കായി ഒരു പ്രത്യേക മന്ത്രാലയം സൃഷ്‌ടിക്കുക മാത്രമല്ല ദേശീയ തലത്തിലും ആഗോള തലത്തിലും അതിന്‍റെ പ്രചാരണത്തിന് ഊന്നൽ നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക യുനാനി ദിനത്തിൽ ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നിന്നുള്ള പരിശീലകരും വിദേശ പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും പഴക്കം ചെന്ന നാഗരികതകളിലൊന്നായ ഇന്ത്യക്ക് യുനാനിയിലൂടെ സമൂഹത്തിന്‍റെയും മനുഷ്യരാശിയുടെയും പുരോഗതിക്കായി മുൻനിരയിൽ വരാനും പ്രവർത്തിക്കാനുമുള്ള പ്രാപ്‌തിയുണ്ട്. ആധുനിക കാലത്തെ വൈദ്യശാസ്‌ത്രരംഗത്തെ ശാസ്‌ത്രീയ സമീപനം അവഗണിക്കാനാവില്ല. എന്നാല്‍ ശാസ്‌ത്രീയവും പഴയതും പുതിയതുമായ രീതികളും മനുഷ്യരാശിക്ക് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്‌ടിക്കുമെന്ന് കിരണ്‍ റിജിജു പറഞ്ഞു.