മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനം. 1882ൽ ഡോ. റോബർട്ട് കോച്ച് ടിബിക്ക് കാരണമാകുന്ന ബാക്‌ടീരിയയെ കണ്ടെത്തിയതിന്‍റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 'നിക്ഷേപിക്കുക, ജീവന്‍ രക്ഷിക്കുക' എന്നതാണ് ഈ വർഷത്തെ (2022) ദിനാചരണത്തിന്‍റെ പ്രമേയം.
ലോകത്തെ ഏറ്റവും മാരകമായ പകർച്ചവ്യാധികളുടെ പട്ടികയിലാണ് ടിബിയെ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിബിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഫലമായി 2000 മുതൽ 66 ദശലക്ഷം പേരുടെ ജീവൻ രക്ഷിക്കാനായെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ കൊവിഡ് മഹാമാരി ഈ ശ്രമങ്ങളെയെല്ലാം തകിടം മറിച്ചതായാണ് പുതിയ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വർഷങ്ങള്‍ക്ക് ശേഷം 2020-ൽ ടിബി മരണങ്ങൾ വീണ്ടും വർധിച്ചു. 2020-ൽ മാത്രം ഏകദേശം 99,00,000 പേർക്ക് ക്ഷയരോഗം ബാധിച്ചതായാണ് കണക്കുകള്‍. 5,00,000 ആളുകള്‍ ടിബി ബാധിച്ച് മരിച്ചതായും കണക്കുകള്‍ പറയുന്നു.
എന്താണ് ക്ഷയരോഗം: മൈകോബാക്‌ടീരിയം ട്യൂബർ കുലോസിസ് എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന ഒരു അണുബാധയാണ് ടിബി. ശ്വാസകോശമാണ് ടിബി ബാധിക്കുന്ന പ്രധാന അവയവം. ബാക്‌ടീരിയകൾ വൃക്ക, തലച്ചോറ്, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങളെയും ബാധിക്കും. ആരോഗ്യകരമല്ലാത്ത ജീവിതശൈലി, മദ്യപാനം, പുകവലി എന്നിവ രോഗത്തിന് കാരണമായേക്കാം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.