കേരളം

kerala

ETV Bharat / bharat

World ORS Day 2023| 'ഇന്ന് ലോക ഒആര്‍എസ് ദിനം'; നിര്‍ജലീകരണം ഒഴിവാക്കാം സിമ്പിളായി, അറിയേണ്ടതെല്ലാം - ORS dosage

കുട്ടികളിലെയും മുതിര്‍ന്നവരിലെയും നിര്‍ജലീകരണം ഒഴിവാക്കാന്‍ ഒആര്‍എസ് അത്യുത്തമമെന്ന് വിദഗ്‌ധര്‍. ഒആര്‍എസ് ഉപയോഗിക്കാന്‍ ഡോക്‌ടറുടെ നിര്‍ദേശം ആവശ്യമില്ല. ഒആര്‍എസ് ഉപയോഗം നിര്‍ജലീകരണം കൊണ്ടുണ്ടാകുന്ന മരണ നിരക്ക് കുറയ്‌ക്കും.

World ORS Day 2023  World ORS Day 2023  ഇന്ന് ലോക ഒആര്‍എസ് ദിനം  നിര്‍ജലീകരണം ഒഴിവാക്കാം സിമ്പിളായി  അറിയേണ്ടതെല്ലാം  ഒആര്‍എസ്  ഒആര്‍എസ് ഉപയോഗം  ഒആര്‍എസ് തയ്യാറാക്കേണ്ട വിധം  ORS Day  ORS usage  ORS dosage  ORS news updates
ഇന്ന് ലോക ഒആര്‍എസ് ദിനം

By

Published : Jul 29, 2023, 2:08 PM IST

ശാരീരിക ആരോഗ്യത്തിന് ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് ശരീരത്തിലെ വെള്ളത്തിന്‍റെ അളവ് എന്നത്. ശാരീരിക പ്രക്രിയകള്‍ ശരിയായ രീതിയില്‍ നടക്കുന്നതിന് വെള്ളം കുടിക്കുന്നത് അനിവാര്യമാണ്. എന്നാല്‍ എത്ര വെള്ളം കുടിച്ചാലും ചില പ്രത്യേക സമയങ്ങളില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്‌ടപ്പെട്ട് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

കടുത്ത വേനല്‍ക്കാലത്തും അതല്ലെങ്കില്‍ അസുഖങ്ങളെ തുടര്‍ന്നും, പ്രത്യേകിച്ചും വയറിളക്കം പോലുള്ള അസുഖങ്ങള്‍ കാരണം, ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്‌ടപ്പെടാറുണ്ട്. ഇത്തരത്തില്‍ നിര്‍ജലീകരണം കാരണം നിരവധി പേര്‍ മരിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകാറുണ്ട്. നിര്‍ജലീകരണം കാരണം മരിക്കുന്നവരില്‍ കുട്ടികളാണ് കൂടുതല്‍.

ശരീരത്തില്‍ ജലാംശം നഷ്‌ടപ്പെട്ട് നിര്‍ജലീകരണം സംഭവിക്കുന്നത് തടയുന്നതിനായി ഒആര്‍എസ് ലായനി (ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷന്‍) ഒരു പരിധി വരെ സഹായകമാകും. അതുകൊണ്ട് തന്നെ ഒആര്‍എസിനെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ലോകമെമ്പാടും ജൂലൈ 29ന് ഒആര്‍എസ് ദിനമായി ആചരിക്കുന്നു. വയറിളക്കം പോലുള്ള അസുഖങ്ങളുള്ള സാഹചര്യത്തില്‍ മാത്രമല്ല മറിച്ച് ശരീരത്തിലെ ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള ഒആര്‍എസിന്‍റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുകയാണ് ലോക ഒആര്‍എസ് ദിനം എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്.

ലോകത്ത് 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങളുടെ മരണകാരണം പരിശോധിച്ചാല്‍ അതില്‍ പകുതിയിലധികവും വയറിളക്കം സംബന്ധിച്ചുള്ള രോഗം ബാധിച്ചുള്ളവയിരിക്കും. വയറിളക്ക സമയങ്ങളില്‍ ഒആര്‍എസ് ലായനി നല്‍കിയാല്‍ ആ പ്രശ്‌നം പരിഹരിക്കാന്‍ സഹായകമാകും. ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ കുറവ് നികത്തുകയാണ് ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെയുണ്ടാകുന്നത്.

വയറിക്കം ഭേദമാക്കാന്‍ ഏറ്റവും ചെലവ് കുറഞ്ഞ ചികിത്സ രീതിയാണിത്. കുട്ടികളില്‍ വയറിളക്കവും ഛർദ്ദിയും ഉണ്ടാകുമ്പോൾ ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒആര്‍എസ് കലക്കി നല്‍കിയാല്‍ അത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ഒആര്‍എസ് ലായനി കുടിക്കുന്നതിലൂടെ കുടലില്‍ സോഡിയത്തിനൊപ്പം ഗ്ലൂക്കോസും വെള്ളവും ആഗിരണം ചെയ്യപ്പെടുന്നു. ഇതിലൂടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സാധിക്കും.

സോഡിയം ക്ലോറൈഡ് (ഉപ്പ്), ട്രൈസോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ് എന്നിവയുൾപ്പെടെ മൂന്ന് തരം ലവണങ്ങളാണ് ഒആര്‍എസില്‍ അടങ്ങിയിരിക്കുന്നു. വയറിളക്കം പോലുള്ള അവസ്ഥകളിൽ കുട്ടികള്‍ക്ക് കൂടുതല്‍ ആരോഗ്യവും ഉന്മേഷവും നല്‍കാന്‍ ഒആര്‍എസ് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 15 ലക്ഷം പേർ നിര്‍ജലീകരണം മൂലം മരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

അത്തരം സന്ദര്‍ഭങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ഒആർഎസിലൂടെ ജീവന്‍ രക്ഷിക്കാനാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഒആര്‍എസ് പാക്കറ്റുകള്‍ എല്ലാ ആശുപത്രികളിലും ഫാര്‍മസികളിലും ലഭ്യമാണ്. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒആര്‍എസ് പാക്കറ്റുകള്‍ ലഭ്യാമായില്ലെങ്കില്‍ അത് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.

ഒആര്‍എസ് തയ്യാറാക്കേണ്ട വിധം:ഒആര്‍എസ് ലായനി ഉണ്ടാക്കുന്നതിനായി ഒരു ലിറ്റര്‍ തിളപ്പിച്ചാറ്റിയ വെള്ളം 30 ഗ്രാം പഞ്ചസാരയും അര ടീസ്‌പൂണ്‍ ഉപ്പും കലര്‍ത്തി നന്നായി ഇളക്കി കുപ്പിയില്‍ നിറക്കുക. ഇതില്‍ നിന്നും ഇടക്കിടയ്‌ക്ക് ഒരു ടീസ്‌പൂണ്‍ എന്ന കണക്കില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക. രണ്ട് വയസിന് മുകളിലുള്ള കുഞ്ഞുങ്ങളില്‍ 60 മുതല്‍ 125 മില്ലി ഒആര്‍എസ് ലായനി നല്‍കാവുന്നതാണ്. രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് 250 മില്ലിയും 12 വയസിന് മുകളിലുള്ളവര്‍ക്ക് 250 മില്ലി മുതല്‍ 400 മില്ലി വരെയും ഒആര്‍എസ് ലായനി നല്‍കാമെന്നാണ് ഡോക്‌ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

ഒആര്‍എസ് ലായനി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • ശരീരത്തില്‍ നിന്നും ജലാംശം നഷ്‌ടപ്പെടുമ്പോള്‍ ഒആര്‍എസ് ലായനി നല്‍കാം.
  • നിങ്ങള്‍ ഉപയോഗിക്കുന്ന ഒആര്‍എസ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന ഫോര്‍മുലേഷനാണെന്നത് ഉറപ്പ് വരുത്തുക.
  • ഒആര്‍എസ് നല്‍കിയിട്ടും പനി, വിറയല്‍, മൂത്രത്തിന്‍റെ അളവിലെ കുറവ് എന്നിവയുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്‌ടറെ സമീപിക്കുക.
  • ഒആർഎസിന്‍റെ രുചി നിങ്ങൾക്ക് ഇഷ്‌ടമല്ലെങ്കിൽ ഫ്ലേവർ ഉപയോഗിക്കാം.
  • ഒആര്‍എസ് ലായനി ഉപയോഗിക്കുന്നത് കൊണ്ട് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാകില്ല.
  • ഡോക്‌ടറുടെ നിര്‍ദേശം ഇല്ലാതെ തന്നെ ഒആര്‍എസ് ഉപയോഗിക്കാവുന്നതാണ്.
  • കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

ABOUT THE AUTHOR

...view details