ആഗോള വിശപ്പ് സൂചികയില്‍, 107 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ 94ാം സ്ഥാനത്താണുള്ളത്. ഈ പട്ടിക പുറത്തുവന്നതിന്‍റെ കൂടി പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ ഭരണകൂടത്തിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്തെ ഈ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെയാണ് വീണ്ടുമൊരു വിശപ്പ് ദിനം വരാനിരിക്കുന്നത്. മെയ് 28നാണ് ഈ ദിനം ലോകം ആചരിക്കുന്നത്.
കണക്കുകൾ പ്രകാരം ലോകമെമ്പാടും 690 ദശലക്ഷത്തിലധികം ആളുകളാണ് പട്ടിണി മൂലം മരിക്കുന്നത്. സുസ്ഥിരമായ ഇടപെടലിലൂടെ വിശപ്പും ദാരിദ്ര്യവും തുടച്ചുനീക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്‌ടിക്കാനാണ് എല്ലാ വർഷവും ലോക വിശപ്പ് ദിനം ആചരിക്കുന്നത്. 2011ല്‍ ദ ഹംഗർ പ്രൊജക്‌ടാണ് ഈ ദിനം മുന്നോട്ടുവച്ചത്. 'വിശപ്പിനും ദാരിദ്ര്യത്തിനും സുസ്ഥിരമായ പരിഹാരങ്ങൾ കൊണ്ടാടുന്നു' - ഇതാണ് ഈ വര്‍ഷത്തെ ലോക വിശപ്പ് ദിനം മുന്നോട്ടുവയ്‌ക്കുന്ന മുദ്രാവാക്യം.
വിശപ്പ്, ഒരു ആഗോള പ്രശ്‌നം:ഭക്ഷണം പാഴാക്കുന്ന രീതി ഒഴിവാക്കാന്‍ ഈ ദിനം പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ദിവസവും കഴിക്കാൻ വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത ആളുകൾ ഇപ്പോഴും ഈ ലോകത്തുണ്ടെന്ന സത്യത്തെക്കുറിച്ച് ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. വിശപ്പ് ഒരു ആഗോള പ്രശ്‌നമാണ്, അത് അവഗണിക്കാൻ പാടില്ലെന്നത് വസ്‌തുതയാണ്. ഭക്ഷണം പാഴാക്കുന്നതും ആഹാരത്തിന്‍റെ അഭാവവും രാജ്യത്തെ വിവിധ ഇടങ്ങളിലെ പ്രധാന പ്രശ്‌നമാണ്. മികച്ച നയങ്ങൾ രൂപപ്പെടുത്തിയെടുത്തതിലൂടെ പല രാജ്യങ്ങള്‍ക്കും ഇതിനെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും ഈ ദിശയിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
ഇന്നും, ലോകമെമ്പാടുമുള്ള 690 ദശലക്ഷത്തിലധികം ആളുകൾ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്നു. ലോക പട്ടിണി സൂചിക പ്രകാരം, 107 രാജ്യങ്ങളിൽ 94ാം സ്ഥാനത്താണ് ഇന്ത്യയുടെ നില എന്നതുകൊണ്ടുതന്നെ 27.2 സ്കോറാണ് ലഭിച്ചത്. ഇത് കടുത്ത ദാരിദ്ര്യം സൂചിപ്പിക്കുന്ന സ്ഥാനമാണെന്നത് കൂടിയാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. പോഷകാഹാരക്കുറവിന്‍റെ കാര്യത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഏകദേശം 189.2 ദശലക്ഷം ആളുകൾ, അതായത് രാജ്യത്തെ ജനസംഖ്യയുടെ 14 ശതമാനം പേരും പോഷകാഹാരത്തിന്‍റെ കുറവ് നേരിടുന്നവരാണെന്നത് വസ്‌തുതയാണ്.
ഇന്ത്യയിൽ പ്രതിവർഷം ചുരുങ്ങിയത് 50 കിലോ ഭക്ഷണമാണ് ഒരാൾ പാഴാക്കുന്നത്. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 14 ശതമാനം, അതായത് ഏകദേശം 169.4 ദശലക്ഷം ആളുകളാണ് പോഷകാഹാരക്കുറവ് മൂലം ദുരിതം അനുഭവിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിട്ടും നാല് വർഷത്തിനിടെ രാജ്യത്ത് 11,520 ടൺ ഭക്ഷ്യധാന്യങ്ങളാണ് പാഴാക്കിയത്.
ഭക്ഷണം പാഴാക്കുന്നതില്‍ മുന്‍പില്‍ അഫ്‌ഗാന്‍ :ആഗോള തലത്തില്‍, ദക്ഷിണേന്ത്യന്‍ രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ ഭക്ഷണം പാഴാക്കുന്നതില്‍ ഒന്നാമത് അഫ്‌ഗാനിസ്ഥാനാണ്. ഈ രാജ്യത്തെ ഒരാള്‍ പ്രതിവർഷം 82 കിലോയാണ് ഭക്ഷണം പാഴാക്കുന്നത്. നേപ്പാൾ - 79 കിലോ, ശ്രീലങ്ക - 76 കിലോ, പാകിസ്ഥാൻ - 74 കിലോ, ബംഗ്ലാദേശ് - 65 കിലോഗ്രാം എന്നിങ്ങനെയാണ് അയല്‍രാജ്യങ്ങളുടെ കണക്ക്. ഈ പട്ടികവച്ചുനോക്കുമ്പോള്‍ ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറ്റവും പുറകിലാണെന്നുള്ളത് ആശ്വാസകരമാണ്.
15നും 49നും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിൽ 51.4 ശതമാനം പേരും വിളർച്ച അനുഭവിക്കുന്നവരാണ്. ലോകത്തിലെ 60 ശതമാനം സ്‌ത്രീകളും പട്ടിണി മൂലം മരിക്കുന്നു. കൂടാതെ 130 ദശലക്ഷത്തിലധികം ആളുകൾ കൊവിഡിനെ തുടര്‍ന്ന് പട്ടിണി പ്രശ്‌നങ്ങൾ നേരിടുന്നു. എയ്‌ഡ്‌സ്, മലേറിയ, ക്ഷയം എന്നിവയേക്കാൾ കൂടുതൽ ആളുകളെ കൊന്നൊടുക്കുന്നത് പട്ടിണിയാണ്. ഇക്കാരണത്താല്‍ തന്നെ ഭക്ഷണം പാഴാക്കുന്നത് തടയേണ്ടത് അനിവാര്യമാണ്.