ന്യൂഡല്‍ഹി: പഞ്ചാബ് സര്‍ക്കാറില്‍ നിന്നും ഭിന്നശേഷിക്കാരായ കായിക താരങ്ങള്‍ക്ക് കടുത്ത അവഗണനയെന്ന് പരാതി. ലോക ബധിര ചെസ് ചാമ്പ്യൻഷിപ്പില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയുമടക്കം മൂന്ന് മെഡല്‍ നേടിയ മാലിക ഹാന്‍ഡയാണ് പഞ്ചാബ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയത്.
ബധിര കായികരംഗത്ത് സർക്കാരിന് നയങ്ങളില്ലാത്തതിനാല്‍ ജോലിയും പരിതോഷികവും നല്‍കാനാവില്ലെന്ന് കായിക മന്ത്രി പർഗത് സിങ് അറിയിച്ചതായി മാലിക ട്വീറ്റ് ചെയ്‌തു.
കായിക മന്ത്രിയുമായി ഡിസംബര്‍ 31നാണ് താരം കൂടിക്കാഴ്‌ച നടത്തിയിരുന്നത്. മുന്‍ കായിക മന്ത്രി തനിക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും കൊവിഡ് കാരണം റദ്ദാക്കിയ പരിപാടിയുടെ ക്ഷണക്കത്ത് തന്‍റെ പക്കലുണ്ടെന്നും ട്വീറ്റില്‍ താരം പറഞ്ഞു.