ഉത്തരാഖണ്ഡ് :ഫെബ്രുവരി 14-ന് വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിൽ സ്ത്രീ വോട്ടുകള്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തല്‍. സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികളെല്ലാം വനിതകളുടെ വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പുറത്തുവരുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്.
എങ്കിലും മത്സരരംഗത്തുള്ള സ്ത്രീകളുടെ എണ്ണം 45 ശതമാനം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് പങ്കാളിത്തത്തിന്റെ കാര്യത്തിൽ ഉത്തരാഖണ്ഡിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ മുന്നിലാണ് എന്നതാണ് വസ്തുത. ഇത് മനസിലാക്കി രാഷ്ട്രീയ പാർട്ടികൾ അവരുടെ പ്രഖ്യാപനങ്ങളില്‍ ഇത്തവണ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുമുണ്ട്.
Also Read: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു: പ്രിയങ്ക ഗാന്ധി
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ പുരുഷന്മാരേക്കാൾ മികച്ച വോട്ടിങ്ങാണ് നടത്തിയത്. സോഷ്യൽ ഡെവലപ്‌മെന്റ് ഫോർ കമ്മ്യൂണിറ്റീസ് ഫൗണ്ടേഷൻ (എസ്‌ഡിസി) പുറത്തുവിട്ട കണക്ക് പ്രകാരം സ്ത്രീകളുടെ വോട്ടിങ്ങില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
2017-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിലെ 9 മലയോര ജില്ലകളിലെ 34 സീറ്റുകളിലെ പുരുഷന്മാരുടെ വോട്ടിംഗ് ശതമാനം 51.15 ആയിരുന്നപ്പോൾ സ്ത്രീകളുടെ വോട്ടിംഗ് ശതമാനം 65.12 ആയിരുന്നു.
മലയോര ജില്ലകളിലെ ഓരോ അസംബ്ലി സീറ്റിലും ശരാശരി 28,202 സ്ത്രീകളും 23,086 പുരുഷന്മാരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു. അതായത് ഓരോ നിയമസഭാ സീറ്റിലും പുരുഷന്മാരേക്കാൾ ശരാശരി 5,116 സ്ത്രീകൾ കൂടുതൽ വോട്ട് രേഖപ്പെടുത്തി.