ന്യൂഡല്‍ഹി : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ പീഡനത്തിന് ഇരയാക്കിയ ശേഷം നഗ്‌നരാക്കി പൊതുമധ്യത്തില്‍ നടത്തിയ കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിക്രമത്തിന് ഇരയായവരുടെ പുതിയ ഹര്‍ജിയും സുപ്രീം കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. കേസ് നടപടികളില്‍ സ്വകാര്യത കണക്കിലെടുത്ത് സ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഉള്ളടക്കം ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
അതേസമയം ഹര്‍ജിയില്‍ മണിപ്പൂര്‍ സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സ്‌ത്രീകളുടെ ഹർജി പരിഗണിക്കുന്നത്. സ്‌ത്രീകളെ നഗ്‌നരാക്കി ആള്‍ക്കൂട്ടം റോഡിലൂടെ നടത്തിച്ചതിന്‍റെ ദൃശ്യങ്ങള്‍ സംബന്ധിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷിക്കുമെന്ന് കേന്ദ്രം കഴിഞ്ഞ ആഴ്‌ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് സഹിഷ്‌ണുതയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
സ്‌ത്രീകൾക്കെതിരായ ഏത് കുറ്റകൃത്യങ്ങളോടും ഒട്ടും സഹിഷ്‌ണുത കാണിക്കുന്നതല്ല കേന്ദ്രസർക്കാരിന്‍റെ സമീപനമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല പറയുന്നു. അന്വേഷണം നടത്താനായി സംസ്ഥാന സർക്കാർ സ്വതന്ത്ര ഏജൻസിയായ സിബിഐയെ ഏൽപ്പിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കുക മാത്രമല്ല, മണിപ്പൂർ സംസ്ഥാനത്തിന് പുറത്ത് വിചാരണ സമയബന്ധിതമായി നടത്തുകയും വേണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.