ന്യൂഡൽഹി: സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ പരിശ്രമത്തിൽ മുഖ്യപങ്കുവഹിക്കുന്നത് സ്ത്രീകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിത സംരംഭകരിൽ നിന്ന് വാങ്ങിയ ഉത്പ്പന്നങ്ങളുടെ ലിസ്റ്റ് മോദി തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചു. പ്രാദേശികമായി നിർമ്മിച്ച കരകൗശല വസ്തുക്കളാണ് ഇവയിൽ ഏറെയും. ഇത്തരം വസ്തുക്കളുടെ ഉത്പാദനവും വിൽപനയും ഇനിയും വർധിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അതിനായി ഇനിയും നിരവധി വനിത സംരംഭകർ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
"സ്വയം പര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ സ്ത്രീകൾ പ്രധാന പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ, സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞാബദ്ധരാകും.വനിതാ സംരംഭം, സർഗ്ഗാത്മകത, ഇന്ത്യയുടെ സംസ്കാരം എന്നിവ എടുത്ത് കാണിക്കുന്ന കുറച്ച് ഉത്പ്പന്നങ്ങൾ ഞാൻ വാങ്ങി", മോദി ട്വിറ്ററിൽ കുറിച്ചു. നാരിശക്തി എന്ന ഹാഷ്ടാഗിലാണ് ഉത്പന്നങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്.