ഭോപ്പാല്‍:അതിവേഗ റെയില്‍വേ ശ്രേണിയിലെ പുത്തന്‍ തലമുറമാറ്റം സൃഷ്‌ടിച്ച ഒന്നാണ് വന്ദേഭാരത് എക്‌സ്‌പ്രസ്. റെയില്‍വേയുടെ റിസര്‍ച്ച് ആന്‍റ് സ്‌റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ ഡിസൈന്‍ ചെയ്‌ത വന്ദേഭാരത് അത്യാകര്‍ഷകമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ട്രെയിനിന് പുറത്തും അകത്തുമുള്ള ആകര്‍ഷകമായ നിര്‍മാണം സാധാരണക്കാരനെപ്പോലും അതിശയിപ്പിക്കുന്നതാണ്.
എന്നാല്‍, വന്ദേഭാരത് ട്രെയിനിനുള്ളില്‍ നിന്ന് സെല്‍ഫി എടുത്തതിന് ഭോപ്പാലിലെ ഒരു സ്‌ത്രീയ്‌ക്ക് ഞൊടിയിടയില്‍ നഷ്‌ടമായത് 5470 രൂപയാണ്. സെല്‍ഫി എടുത്തതിന് പിഴ തുക അടയ്‌ക്കേണ്ടിവന്നുവെന്ന് കരുതിയാല്‍ തെറ്റി. സെല്‍ഫി ഭ്രമമാണ് പണം നഷ്‌ടപ്പെടുവാനുള്ള പ്രധാന കാരണം.
പണം നഷ്‌ടമായത് ഇങ്ങനെ: വന്ദേഭാരത് എക്‌സ്‌പ്രസില്‍ തന്‍റെ ബന്ധുക്കള്‍ യാത്ര ചെയ്യുന്നത് കാണാന്‍ റാണി കമലാപതി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഇവര്‍. തന്‍റെ ഭര്‍ത്താവും മകനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ബന്ധുക്കളെ കണ്ട് തന്‍റെ ഭര്‍ത്താവിനും മകനുമൊപ്പം ഇവര്‍ ട്രെയിനിന് പുറത്തിറങ്ങി.
എന്നാല്‍, ട്രെയിനിനുള്ളില്‍ നിന്ന് സെല്‍ഫി എടുത്ത് മതിവരാത്തതിനാല്‍ ഇവര്‍ തിരിച്ച് ട്രെയിനിനുള്ളില്‍ തന്നെ പ്രവേശിച്ചു. തന്‍റെ മകനൊപ്പമായിരുന്നു ഇത്തവണ സെല്‍ഫിയെടുക്കാന്‍ ഇവര്‍ ട്രെയിനിനുള്ളില്‍ കയറിയത്. ഉടന്‍ തന്നെ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുമെന്നുള്ള അറിയിപ്പ് ലഭിച്ചു. പെട്ടന്നായിരുന്നു അവര്‍ ചെയ്‌ത അബദ്ധത്തെക്കുറിച്ച് തിരിച്ചറിഞ്ഞത്.
ട്രെയിന്‍ പുറപ്പെടുന്നതിന് രണ്ട് മിനിറ്റ് മുമ്പേ അടയ്‌ക്കുന്ന വന്ദേഭാരതിന്‍റെ വാതില്‍ അടുത്ത സ്‌റ്റേഷന്‍ എത്തുമ്പോള്‍ മാത്രമെ തുറക്കുകയുള്ളു. വാതില്‍ അടയുന്നത് ശ്രദ്ധയില്‍പ്പെട്ട സ്‌ത്രീ റെയില്‍വേ ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍, ജീവനക്കാര്‍ നിസഹായരായിരുന്നു.
സഹായത്തിനെത്തി റെയില്‍വേ ജീവനക്കാര്‍:അടുത്ത സ്‌റ്റേഷനായ വീരാഗ്‌ന റെയില്‍വേ സ്‌റ്റേഷന്‍ വരെ ട്രെയിനില്‍പെട്ടുപോയ സ്‌ത്രീയ്‌ക്കും അവരുടെ മകനുമായി ഓണ്‍ലൈന്‍ ടിക്കറ്റ് എടുത്ത് നല്‍കാന്‍ റെയില്‍വേ ജീവനക്കാര്‍ സഹായകമായി. കൂടാതെ, അടുത്ത സ്‌റ്റേഷനിലിറങ്ങിയ ശേഷം ഭോപ്പാലിലേയ്‌ക്ക് തിരിച്ചുപോകുവാനുള്ള ട്രെയിനിന്‍റെ ടിക്കറ്റും റെയില്‍വേ ജീവനക്കാരുടെ നിര്‍ദേശമനുസരിച്ച് അവര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്‌തു. ശേഷം, ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സഹായിച്ച റെയില്‍വേ ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് അവര്‍ ട്രെയിനില്‍ കയറി ഭോപ്പാലിലെ വീട്ടില്‍ തിരിച്ചെത്തി.
പൂര്‍ണമായും തദ്ദേശീയമായി നിര്‍മിക്കുന്നുവെന്ന പ്രത്യകതയുമാണ് വന്ദേഭാരത് എന്ന അര്‍ധ അതിവേഗ ട്രെയിന്‍ സര്‍വീസിന്‍റെ തുടക്കം. 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയുമെന്നതാണ് വന്ദേഭാരതിന്‍റെ കരുത്ത്. 52 സെക്കന്‍റ് മാത്രം മതിയാകും വേഗം നൂറിലെത്തിക്കാന്‍.
ആരെയും ആകര്‍ഷിക്കുന്ന വന്ദേഭാരതിന്‍റെ നിര്‍മിതി: ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്‌ടറിയിലാണ് കോച്ചുകള്‍ നിര്‍മിച്ചിരിക്കുന്നത്. ബുള്ളറ്റ് ട്രെയിനിനോട് സാമ്യമുള്ളതാണ് വന്ദേഭാരതിന്‍റെ ഡിസൈന്‍. 2019ലാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത്.
നിലവില്‍ 12 റൂട്ടുകളില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യത്ത് 75 വന്ദേഭാരത് ട്രെയിന്‍ എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വന്ദേഭാരതിന്‍റെ ട്രെയിനുകളെല്ലാം സുരക്ഷയ്‌ക്കും സൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് നിര്‍മിച്ചിരിക്കുന്നത്
പൂര്‍ണമായും സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. സുരക്ഷയ്‌ക്കായി 'കവച്' എന്ന പ്രത്യേക സംവിധാനവും ഈ ട്രെയിനിനുണ്ട്. ഒരേ ട്രാക്കിലൂടെ രണ്ട് ട്രെയിനുകള്‍ മുഖാമുഖം വന്നാലും കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള സംവിധാനമാണ് 'കവച്'.