കൊൽക്കത്ത: ബിജെപിയിലുള്ള സ്ത്രീകൾ ആരും സുരക്ഷിതരല്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആരും വീട്ടിലുള്ള സ്ത്രീകളെ ബിജെപിയിലേക്ക് അയക്കരുതെന്നും മമത ജനങ്ങളോട് അഭ്യർത്ഥിച്ചു. ബിജെപിയിലെ സ്ത്രീകളെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ അവരെല്ലാം ആത്മഹത്യ ചെയ്യേണ്ടി വരും. ഇന്ന് ബിജെപിയിലെ സ്ത്രീകൾ ആരും സുരക്ഷിതരല്ല, വീട്ടിലെ സ്ത്രീകളെ ആ പാർട്ടിയിലേക്ക് അയക്കരുത്. നിരവധി ആളുകൾ പേടി കാരണം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു.
ബിജെപിയിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് മമത ബാനർജി - Narendra modi
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ബിജെപി-മമത പോര് ശക്തമാണ്
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് സ്ത്രീകളെ അമ്മയെ പോലെയാണ് ബഹുമാനിക്കുന്നത്. പശ്ചിമ ബംഗാളിൽ സമാധാനമുണ്ടാകാൻ കാരണം അത് അമ്മമാരുടെയും സഹോദരിമാരുടെയും നാടായത് കൊണ്ടാണെന്നും മമത കൂട്ടിച്ചേർത്തു. ബംഗാളിൽ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അതോടെ ബിജെപി രാജ്യത്ത് നിന്ന് തന്നെ വിടപറയുമെന്നും മമത ഹൂഗ്ലിയിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ അവർ വിവിധ പ്രദേശങ്ങളിൽ ഗുണ്ടകളെ നിയമിക്കുമെന്നും മമത വ്യക്തമാക്കി.
ഗുജറാത്തോ മോദിയോ ഗുണ്ടകളോ ബംഗാളിനെ നിയന്ത്രിക്കില്ല. ബംഗാളിനെ ബംഗാൾ തന്നെ നിയന്ത്രിക്കുമെന്ന് മമത ബാനർജി കൂട്ടിച്ചർത്തു. ബംഗാളിൽ തന്നെ ഉൾപ്പടെ 20 ലക്ഷം തൃണമൂൽ കോൺഗ്രസ് (ടിഎംസി) പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നും ബിജെപിയെ വെല്ലുവിളിച്ച് മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ ടിഎംസിയുടെ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞാണ് മമത റാലിയെ അഭിസംബോധന ചെയ്തത്. എല്ലാ വീടുകളിലും സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ ആരാണ് സഹായിച്ചത്? പട്ടികജാതിക്കാർക്ക് വിദ്യാഭ്യാസം പ്രാപ്തമാക്കിയതാരാണ്? പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സൗജന്യ ടാബുകൾ നൽകിയതാരാണ്? ആരാണ് റേഷൻ സൗജന്യമായി നൽകുന്നത്? ആരാണ് ആരോഗ്യത്തിനുള്ള ആനുകൂല്യങ്ങൾ നൽകുന്നത്? തുടങ്ങിയ ചോദ്യങ്ങളും മമത ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ബിജെപി-മമത പോര് ശക്തമാകുകയാണ്. 294 നിയമസഭാ സീറ്റുകൾക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ-മെയ് മാസങ്ങളിലായിരിക്കും നടക്കുക.