ചെന്നൈ:ചൂട് ചായ നല്‍കാത്തതിനെ തുടര്‍ന്ന് തന്നെ ശകാരിച്ചു എന്നതിന്‍റെ പേരില്‍ ഭര്‍ത്യമാതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്‌റ്റില്‍. തമിഴ്‌നാട്ടിലെ പുതുക്കോട്ടെ ജില്ലയിലെ വിരളിമാലൈ സ്വദേശിയായ പളനിയമ്മാളാണ് കൊല്ലപ്പെട്ടത്. സ്ഥലത്തെ സൈക്കിള്‍ റിപ്പയര്‍ കട നടത്തുന്ന സുബ്രഹ്മിയുടെ ഭാര്യ കനകു എന്ന യുവതിയാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയത്.
മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് കനകു എന്നാണ് വിവരം. അതിനാല്‍ തന്നെ എല്ലാ ദിവസവും മരുന്ന് കൃത്യമായി കഴിക്കാന്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസമായി കനകു മരുന്ന് കഴിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
മരുമകള്‍ പ്രകോപിതയായത് ഇങ്ങനെ: എല്ലാ ദിവസം തനിക്കുവേണ്ടി ചായ വാങ്ങാന്‍ പളനിയമ്മാള്‍ മരുമകളെ കടയില്‍ പറഞ്ഞയക്കുമായിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ പളനിയമ്മാള്‍ മരുമകളെ ചായ വാങ്ങാന്‍ പറഞ്ഞയച്ചു. ചായ വാങ്ങി തിരിച്ചെത്തിയപ്പോള്‍ ചൂടില്ല എന്ന കാരണത്താല്‍ പളനിയമ്മാള്‍ മരുമകളെ ശകാരിച്ചിരുന്നു. ഇതില്‍ പ്രകോപിതയായ കനകു സൈക്കിള്‍ നന്നാക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് വടി ഉപയോഗിച്ച് പളനിയമ്മാളിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പളനിയമ്മാളിനെ അയല്‍വാസികള്‍ ചേര്‍ന്ന് പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ ചികിത്സയ്‌ക്കായി പളനിയമ്മാളിനെ തൃച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ പളനിയമ്മാളിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
ഇളുപ്പര്‍ പൊലീസ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ എത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടത്തിനയച്ചു. തുടര്‍ന്ന് കനകുവിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അറസ്‌റ്റ് ചെയ്‌തു. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. വനിത ദിനത്തെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
വയോധികയെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തി: കഴിഞ്ഞ ദിവസത്തെ ഹോളി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘം 65 കാരിയെ കൊലപ്പെടുത്തിയ സംഭവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജാര്‍ഖണ്ഡിലെ ബല്‍ബ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ അമോര്‍ നിമ ഗ്രാമത്തില്‍ ബുധനാഴ്‌ചയായിരുന്നു(08.03.2023) സംഭവം. ദുച്ചി ദേവി എന്ന വയോധികയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.
ഹോളി ആഘോഷത്തിനിടെ ബലമായി നിറങ്ങള്‍ തേയ്‌ക്കാന്‍ ശ്രമിച്ചവരെ എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘം വയോധികയെ മര്‍ദിച്ചത്. എന്നാല്‍, മുന്‍പ് പ്രതികളായ യുവാക്കളും വയോധികയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നുവെന്ന് വയോധികയുടെ മകന്‍ വ്യക്തമാക്കി. ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചതാണ് പ്രതികളെ ചൊടിപ്പിച്ചത്.
കെലപാതങ്ങള്‍ നിത്യസംഭവമാകുന്നു: മര്‍ദനത്തെ തുടര്‍ന്ന് വയോധിക മരണപ്പെട്ടുവെന്ന് മനസിലാക്കിയ പ്രതികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായുള്ള തെരച്ചിലിലാണ് പൊലീസ്. വയോധിക താമസിക്കുന്ന അതേ ഗ്രാമത്തില്‍പെട്ടവരാണ് പ്രതികളും.
കൊലപാതകങ്ങള്‍ രാജ്യത്ത് നിത്യേന വര്‍ധിച്ചുവരുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. വാക്കു തര്‍ക്കങ്ങളാണ് പലപ്പോഴും കൊലപാതകത്തില്‍ കലാശിക്കാറുള്ളത്. നിരോധിത മാംസം കൈയ്യില്‍ കരുതിയെന്ന പേരില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, മോഷണ ശ്രമം ആരോപിച്ചുള്ള കൊലപാതകങ്ങളും രാജ്യത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.