ന്യൂഡല്‍ഹി: രാജ്യത്തെ ഓരോ ജില്ലകളിലും ഒരു വനിത പോലീസ് സ്റ്റേഷനെങ്കിലും സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി പാര്‍ലമെന്‍ററി സമിതി. പൊലീസ് സേനയില്‍ വനിതകളുടെ എണ്ണം വളരെ കുറവാണെന്ന (10.3 ശതമാനം) നിരീക്ഷണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
പൊലീസ് സേനയിൽ വനിതകളുടെ പ്രാതിനിധ്യം 33 ശതമാനമായി വർധിപ്പിക്കാൻ ഒരു റോഡ് മാപ്പ് തയ്യാറാക്കണമെന്ന് കോൺഗ്രസ് നേതാവ് ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ള ആഭ്യന്തരകാര്യ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി വ്യക്തമാക്കി. സമിതി പാർലമെന്‍റില്‍ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് സേനയിലെ വനിതകളുടെ പ്രാതിനിധ്യത്തെ കുറിച്ച് വ്യക്തമാക്കുന്നത്.
ഓരോ ജില്ലയിലും ഒരു വനിത പോലീസ് സ്റ്റേഷനെങ്കിലും സ്ഥാപിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കണമെന്ന് സമിതി ശിപാർശ ചെയ്‌തു. പുരുഷ കോൺസ്റ്റബിൾമാരുടെ ഒഴിവുകളില്‍ വനിതകളെ നിയമിക്കുന്നതിന് പകരം അധിക തസ്‌തികകൾ സൃഷ്‌ടിക്കുന്നത് രാജ്യത്തെ പോലീസ്-ജനസംഖ്യ അനുപാതം മെച്ചപ്പെടുത്താൻ സഹായിക്കും.