രാജ്യത്ത് ഗുസ്‌തി താരങ്ങള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമയിലെ വനിത കൂട്ടായ്‌മയായ വിമണ്‍ ഇന്‍ സിനിമ കലക്‌ടീവ്. നീതിയ്‌ക്ക് വേണ്ടിയുള്ള ഗുസ്‌തി താരങ്ങളുടെ ഈ പോരാട്ടം നിര്‍ദയം അവഗണിക്കപ്പെടുന്നു എന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.
തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമ കലക്‌ടീവ് രംഗത്തെത്തിയത്. ബേട്ടി ബച്ചാവോ എന്നെഴുതി വച്ചിരിക്കുന്ന വഴിയോരങ്ങളില്‍ നമ്മുടെ പെണ്‍മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് കുറിച്ചുകൊണ്ടാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വളർന്ന് വരുന്ന പെൺകുട്ടികൾക്കും കുടുംബത്തിനും രാജ്യം എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡബ്ല്യുസിസി ചോദിക്കുന്നു.
'ബേട്ടി ബച്ചാവോ' എന്ന് എഴുതി വച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്‍മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണ്'.
'അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തിന്‍റെ യശസുയർത്തിയ റെസ്‌ലേഴ്‌സ് നീതി തേടുകയാണെന്ന് നമുക്ക് അറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു'.
'നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തിന് നിയമപരമായ അവകാശം ഉണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിന് പകരം, അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്'.