ഭുവനേശ്വർ(ഒഡിഷ) :സൈബർ തട്ടിപ്പിനെ തുടര്‍ന്ന് 1.70 ലക്ഷം രൂപ നഷ്‌ടപ്പെട്ട യുവതിയെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി. ഒഡിഷയിലെ കെന്ദ്രപാറ ജില്ലയിലെ പാട്‌ന ഗ്രാമത്തിലാണ് സംഭവം. ഫേസ്‌ബുക്കിലൂടെയാണ് യുവതി തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.
ജംറൂണ്‍ ബീവി, രവി ശര്‍മ എന്ന വ്യക്തിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയായിരുന്നു. ഇത് പിന്നീട് സുഹൃദ് ബന്ധത്തിലേയ്‌ക്ക് നയിച്ചു. തന്നെ സഹോദരി എന്ന് അഭിസംബോധന ചെയ്‌തിരുന്ന ഇയാള്‍, 25 ലക്ഷം രൂപയും വിലയേറിയ സമ്മാനങ്ങളായ നെക്ലേസ്, ഫ്രിഡ്‌ജ്, ഐഫോണ്‍, എസി തുടങ്ങിയവയും കൊറിയര്‍ വഴി അയച്ചുതരാമെന്ന് പറഞ്ഞുവെന്നും ജംറൂണ്‍ ബീവി വിശദീകരിക്കുന്നു
പണം ആവശ്യപ്പെട്ടത് ഇങ്ങനെ : ഇത്തരം വസ്‌തുക്കള്‍ അയച്ചുതരണമെങ്കില്‍ 1.70 ലക്ഷം രൂപ കൊറിയര്‍ ചാര്‍ജ് ആകുമെന്നും അത് അടയ്‌ക്കാന്‍ പണം നല്‍കണമെന്നും ഇയാള്‍ ജംറൂണ്‍ ബീവിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വാസത്തിലെടുത്ത ഇവര്‍ തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാരന്‍റെ അക്കൗണ്ടിലേയ്‌ക്ക് യുപിഐ വഴി പണം അയച്ചുകൊടുത്തു. അല്‍പ്പനാളുകള്‍ക്ക് ശേഷമാണ് താന്‍ തട്ടിപ്പിനിരയായെന്ന വിവരം ജംറൂണ്‍ ബീവി തിരിച്ചറിയുന്നത്.
ശേഷം, ഇവര്‍ സദാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍, ഇവിടം കൊണ്ടൊന്നും ജംറൂണ്‍ ബീവിയുടെ ദുരിതം അവസാനിച്ചില്ല. ഗുജറാത്തിലെ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവരുടെ ഭര്‍ത്താവ് ഷെയ്‌ഖ് റാസിദ് വിവരമറിഞ്ഞ് ജംറൂണ്‍ ബീവിയെ ഫോണ്‍ ചെയ്‌ത് മൂന്ന് തവണ മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിച്ചു.
അജ്ഞാതനായ തട്ടിപ്പുകാരനെതിരെ പരാതി നല്‍കിയ അതേ സദാര്‍ പൊലീസ് സ്‌റ്റേഷനില്‍ തന്നെ, ഇവര്‍ മുത്തലാഖ് ചൊല്ലിയ തന്‍റെ ഭര്‍ത്താവിനെതിരെയും പരാതി നല്‍കി. തന്‍റെ ഭര്‍ത്താവിന്‍റെ പെട്ടെന്നുള്ള പൊട്ടിത്തെറിയില്‍ ഞെട്ടല്‍ വിട്ടുമാറിയ ശേഷം നിരന്തരം ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പ്രതികരിച്ചില്ല. തനിക്ക് മറ്റൊരു മാര്‍ഗമില്ലാത്തതിനാലാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്നും അവര്‍ പറയുന്നു.
മുത്തലാഖ് ചൊല്ലി മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചു : അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് ബിഹാറില്‍ ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തുവെന്ന് ആരോപിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബിഹാറിലെ ഫുല്‍വാരി പൊലീസ് സ്‌റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. തങ്ങള്‍ 24 വര്‍ഷമായി വിവാഹിതരാണെന്നും മൂന്ന് മക്കളുണ്ടെന്നും യുവതി പറഞ്ഞു.
തന്നെ നിരന്തരം പീഡിപ്പിക്കുന്നയാളാണ് തന്‍റെ ഭര്‍ത്താവെന്നും നിസാര കാര്യങ്ങള്‍ക്ക് ദിവസങ്ങളോളം തന്നെ മര്‍ദിക്കാറുണ്ടെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നും യുവതി പരാതിയില്‍ പറയുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നും എന്നാല്‍, അദ്ദേഹം മറ്റൊരു സ്‌ത്രീയെ വിവാഹം കഴിച്ചെന്നുമാണ് യുവതിയുടെ ആരോപണം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ ഭര്‍ത്താവിനെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
മുസ്ലിം സ്‌ത്രീകളുടെ അവകാശം സംരക്ഷിക്കാനെന്നോണം 2019ലാണ് പാര്‍ലമെന്‍റ് മുത്തലാഖ് നിയമവിരുദ്ധമാക്കിയത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റകൃത്യമാണ് മുത്തലാഖ്.